പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചു; ഭൂരിപക്ഷം 18724 വോട്ട്
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചു. 18724 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ശക്തമായ പോരാട്ടം നടന്ന പാലക്കാട് മണ്ഡലത്തിൽ രാഹുൽ വിജയിച്ചു കയറിയത്.
പാലക്കാട് മണ്ഡലത്തിൽ ബിജെപിക്ക് മുൻതൂക്കമുളള നഗരസഭയിലെ വോട്ടുകളാണ് ആദ്യമെണ്ണിയത്. പോസ്റ്റൽ വോട്ടുകളിലും ആദ്യ റൌണ്ടിലും ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ മുന്നിലായിരുന്നു. രണ്ടാം റൌണ്ടിൽ യുഡിഎഫ് ലീഡ് തിരിച്ച് പിടിച്ചു. ഈ മുന്നേറ്റം തുടർന്ന യുഡിഎഫിന് അഞ്ചാം റൌണ്ടിൽ ബിജെപിയിൽ നിന്നും തിരിച്ചടിയുണ്ടായെങ്കിലും ഏഴാം റൌണ്ടിൽ വീണ്ടും ലീഡ് തിരിച്ച് പിടിച്ചു. അഞ്ചാം റൌണ്ടിൽ ബിജെപി സ്വാധീനമേഖലയായ മൂത്താന്തറ ഉൾപ്പെടുന്ന മേഖലയിലാണ് ബിജെപി ലീഡ് എടുത്തത്. പാലക്കാട് നഗരസഭയിൽ ഇത്തവണ ബിജെപിക്ക് വലിയ തോതിൽ വോട്ട് കുറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇ. ശ്രീധരനുണ്ടാക്കിയ നേട്ടമുണ്ടാക്കാൻ സി കൃഷ്ണകുമാറിന് സാധിച്ചില്ല. നഗരസഭയിൽ ഇത്തവണ ബിജെപിക്ക് കുറഞ്ഞ വോട്ടുകൾ, കോൺഗ്രസിലേക്കാണ് വോട്ട് ചോർന്നത്. രാഹുൽ മാങ്കൂട്ടത്തിലിന് കഴിഞ്ഞ തവണ കോൺഗ്രസിന് ലഭിച്ചതിനേക്കാൾ 430 വോട്ട് നഗരസഭയിൽ കൂടി.