വന്ദേഭാരതിന് പോകാനായി പാലരുവി പിടിച്ചിടുന്നു; എറണാകുളത്ത് യാത്രക്കാരുടെ പ്രതിഷേധം
കൊച്ചി: വന്ദേഭാരത് എക്സ്പ്രസ് കടന്നുപോകുന്നതിനായി പാലരുവി എക്സ്‌പ്രസ് ട്രെയിൻ മുളന്തുരുത്തി റെയിൽവേ സ്റ്റേഷനിൽ പിടിച്ചിടുന്ന നടപടിക്കെതിരെ പ്രതിഷേധവുമായി യാത്രക്കാർ. എറണാകുളം ടൗൺ (നോർത്ത്) റെയിൽവേ സ്റ്റേഷനിലാണ് യാത്രക്കാർ പ്രതിഷേധിക്കുന്നത്. രാവിലെ 8.25 എറണാകുളം ടൗണിലെത്തുന്ന വന്ദേഭാരതിന് കടന്നുപോകാൻ വേണ്ടിയാണ് പാലരുവി എക്സ്പ്രസ് മുളന്തുരുത്തിയിൽ പിടിച്ചിടുന്നത്.
7.52ന് മുളന്തുരുത്തിയിൽ നിന്ന് പുറപ്പെടേണ്ട പാലരുവി വന്ദേഭാരത് കടന്ന് പോകാനായി മിക്കവാറും അരമണിക്കൂറോളം പിടിച്ചിടാറുണ്ട്. ഈ പശ്ചാത്തലത്തിലാണ് യാത്രക്കാർ പ്രതിഷേധവുമായെത്തിയത്. വിദ്യാർഥികളും ജോലിക്കാരുമടക്കം നിരവധി ആളുകളാണ് സ്ഥിരമായി പാലരുവി എക്സ്പ്രസിനെ ആശ്രയിക്കുന്നത്. ഏതാനും നാളുകളായി യാത്രക്കാർ ഈ വിഷയത്തിൽ ഒരു പരിഹാരം വേണമെന്ന് ആവശ്യപ്പെടുന്നുണ്ട്. പാലരുവി എക്സ്പ്രസിനെ മുളന്തുരുത്തി സ്റ്റേഷനിൽ പിടിച്ചിടുന്നതിന് പകരം തൃപ്പൂണിത്തുറയിൽ പിടിച്ചിട്ടാൽ ജോലിക്കു പോകേണ്ടവർക്ക് ഉപകാരപ്പെടുമെന്നാണ് യാത്രക്കാർ പറയുന്നത്. കറുത്ത ബാഡ്ജ് ധരിച്ചെത്തിയാണ് എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ പ്രതിഷേധിച്ചത്.