പൽപക് അമ്പിളി ദിലി അനുസ്മരണ യോഗം നടത്തി !
കുവൈറ്റ് സിറ്റി : കുവൈറ്റിലെ സാമൂഹ്യ സാംസ്കാരിക മേഖലയിൽ നിറസാന്നിധ്യമായിരുന്ന അമ്പിളി ദിലിയുടെ നിര്യാണത്തിൽ പാലക്കാട് പ്രവാസി അസ്സോസിയഷൻ ഓഫ് കുവൈറ്റ് (പൽപക്) അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് മംഗഫ് മെമ്മറീസ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ പൽപക് പ്രസിഡന്റ് പി.എൻ കുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജനറൽ സെക്രട്ടറി രാജേഷ് പരിയാരത്ത് സ്വാഗതം പറഞ്ഞു. ഉപദേശക സമിതി - കേന്ദ്രകമ്മിറ്റി അംഗങ്ങൾ, വിവിധ ഏരിയ ഭാരവാഹികൾ ഉൾപ്പെടെ നിരവധി കുടുംബാംഗങ്ങൾ പങ്കെടുത്തു.
പൽപക്കിന്റെ സജീവഅംഗവും വനിതാവേദി ഫാഹേൽ ഏരിയ മുൻ കൺവീനറും രക്ഷാധികാരി ശ്രീ. ദിലിയുടെ സഹധർമ്മിണിയുമായ അമ്പിളി ദിലി സംഘടനക്ക് വേണ്ടി നൽകിയ മഹത്തായ സംഭാവനകൾ ഗദ്ഗദ കണ്ഠത്തോടെ പങ്കെടുത്തവർ ഓർത്തെടുത്തു. പ്രവാസലോകത്ത് എന്നെന്നും ഓർത്തിരിക്കാൻ ഒരുപാട് നല്ല സ്മരണകൾ നൽകിയ അമ്പിളി ദിലിയുടെ നിര്യാണം നടുക്കുന്ന ഒരധ്യായം ആയി എന്നെന്നും നിലനിൽക്കുമെന്ന് പൽപക് അനുശോചന സന്ദേശത്തിൽ അറിയിച്ചു. അമ്പിളി ദിലിയുടെ ഫോട്ടോയിൽ അംഗങ്ങൾ പുഷ്പാർച്ചന നടത്തി. ട്രെഷറർ പ്രേംരാജ് നന്ദി പറഞ്ഞു.