ആറു വയസുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസിലെ വിധി: മാതാപിതാക്കൾ അലമുറയിട്ടു
ഇടുക്കി; നാടിനെ നടുക്കിയ കൊലപാതകക്കേസിലെ പ്രതിയെ കോടതി വെറുതെ വിട്ട സംഭവത്തിൽ കോടതി പരിസരത്ത് നാടകീയ രംഗങ്ങൾ. വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ചശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിൽ പ്രതി അർജുനെ ഇന്നു രാവിലെ കോടതി വെറുതേവിട്ടു. വിധി ന്യായം അംഗീകരിക്കാതെ കുട്ടിയുടെ മാതാപിതാക്കൾ കോടതിയിൽ പൊട്ടിത്തെറിച്ചു. കട്ടപ്പന അതിവേഗ പ്രത്യേക കോടതി ജഡ്ജി വി. മഞ്ജുവാണ് പ്രതിയെ വെറുതെവിട്ട് ഉത്തരവിട്ടത്. പ്രതിക്കെതിരേ ചുമത്തിയ കൊലപാതകം, ബലാത്സംഗം അടക്കമുള്ള കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ. ഈ വിധിയോടെ പ്രോസിക്യൂഷന് വൻ തിരിച്ചടിയാണുണ്ടായിരിക്കുന്നത്. കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങൾക്ക് പുറമേ പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകളും പ്രതിക്കെതിരേ ചുമത്തിയിരുന്നു. കേരളത്തെ നടുക്കിയ കേസിൽ കുറ്റപത്രം സമർപ്പിച്ച് രണ്ടുവർഷത്തിന് ശേഷമാണ് വിചാരണ പൂർത്തിയാക്കി വിധി പറഞ്ഞത്. 48 സാക്ഷികളെ കേസിൽ വിസ്തരിച്ചു. 69-ലധികം രേഖകളും കോടതിയിൽ ഹാജരാക്കിയിരുന്നു.
വിധി പുറത്തു വന്നതിനു പിന്നാലെ കോടതി പരിസരത്ത് നാടകീയ രംഗങ്ങൾ അരങ്ങേറി. നീതി കിട്ടിയില്ലെന്ന് വ്യക്തമാക്കി കുട്ടിയുടെ ബന്ധുക്കൾ അലമുറയിടുന്ന കാഴ്ചകൾക്ക് കോടതി പരിസരം വേദിയായി. വിധിയോട് വൈകാരികമായാണ് കുട്ടിയുടെ മാതാവ് പ്രതികരിച്ചത്. കൊലപാകവും ബലാത്സംഗവും പൊലീസിന് തെളിയിക്കാനായില്ലെന്നും പൊലീസ് കൃത്രിമ സാക്ഷികളെ ഹാജരാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതിയെ വെറുതേ വിട്ടത്. അതേസമയം അപ്പീൽ സാധ്യത പരിശോധിക്കുമെന്ന് വ്യക്തമാക്കി അന്വേഷണ ഉദ്യോഗസ്ഥൻ രംഗത്തെത്തി.
ചുരക്കുളം എസ്റ്റേറ്റിൽ കഴുത്തിൽ ഷാൾ കുരുങ്ങി ആറുവയസ്സുകാരി മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞതിനു പിന്നാലെയാണ് അയൽവാസിയായ അർജുനെ പൊലീസ് അറസ്റ്റ് ചെയ്തത്. വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിലെ ചെലത്ത് ലയത്തിൽ താമസിക്കുന്ന കുട്ടിയെ കഴിഞ്ഞ മാസം 30-നാണ് ലയത്തിലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ വാഴക്കുല കെട്ടി ഇട്ടിരുന്ന കയറിൽ പിടിച്ചുകളിച്ചുകൊണ്ട് ഇരിക്കവേ കഴുത്തിലുണ്ടായിരുന്ന ഷാൾ കുരുങ്ങുകയും കഴുത്ത് മുറുകുകയും ചെയ്ത് മരണപ്പെട്ടതാകാമെന്നുമായിരുന്നു പൊലീസിൻ്റെ പ്രാഥമിക നിഗമനം. കുട്ടിയുടെ മാതാപിതാക്കൾ എസ്റ്റേറ്റ് തൊഴിലാളികളായിരുന്നു. അവർ ജോലിക്കുപോയ സമയത്തായിരുന്നു അപകടം. കുട്ടിയുടെ സഹോദരനും ഈ സമയം വീട്ടിലുണ്ടായിരുന്നില്ല.