ശീതകാല സമ്മേളനം ഡിസംബർ 4ന്
ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി കേന്ദ്രസർക്കാർ സർവകക്ഷിയോഗം . ഡിസംബർ രണ്ടിന് രാവിലെ 11 മണിക്കാണ് യോഗം. പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ്ഇക്കാര്യം അറിയിച്ചത്. പാർലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബർ 4 ന് ആരംഭിച്ച് 22 വരെ നീളും. നവംബർ മൂന്നാം വാരത്തിൽ ആരംഭിച്ച് ഡിസംബർ 25 ന് മുമ്പ് അവസാനിക്കുന്ന രീതിയിലാണ് സാധാരണഗതിയിൽ ശീതകാല സമ്മേളനം നടന്നിരുന്നത്.
ഇത്തവണ 19 ദിവസങ്ങളിലായി 15 സിറ്റിങ്ങുകൾ സെഷനിൽ ഉണ്ടാകുമെന്ന് പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി എക്‌സിൽ പങ്കുവെച്ച പോസ്റ്റിലൂടെ അറിയിച്ചിരുന്നു. ഈ സെഷനിൽ, ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി), ക്രിമിനൽ നടപടി ചട്ടം (സിആർപിസി), എവിഡൻസ് ആക്റ്റ് എന്നിവയ്ക്ക് പകരമായി ലക്ഷ്യമിടുന്ന മൂന്ന് സുപ്രധാന ബില്ലുകൾ ചർച്ച ചെയ്‌തേക്കും. ഇതു സംബന്ധിച്ച് മൂന്ന് റിപ്പോർട്ടുകൾ സ്റ്റാൻഡിംഗ് കമ്മിറ്റി ഇതിനകം തന്നെ അംഗീകരിച്ചിട്ടുണ്ട്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെയും തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെയും നിയമനവുമായി ബന്ധപ്പെട്ടതാണ് പരിഗണിക്കാൻ സാധ്യതയുള്ള മറ്റൊരു പ്രധാന ബിൽ. മൺസൂൺ സെഷനിൽ അവതരിപ്പിച്ച, സിഇസിയുടെയും ഇസിയുടെയും പദവി കാബിനറ്റ് സെക്രട്ടറിയുടെ പദവിക്ക് തുല്യമാക്കാൻ ശ്രമിക്കുന്ന ബില്ലിനെതിരെ പ്രതിപക്ഷവും മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർമാരും രംഗത്തെത്തിയിരുന്നു. പ്രതിഷേധത്തിനിടയിൽ പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ഈ ബില്ല് പാസാക്കാൻ സർക്കാർ ശ്രമിച്ചിരുന്നില്ല. നിലവിൽ സുപ്രീം കോടതി ജഡ്ജിയ്ക്ക് തുല്യമായ പദവിയാണ് ഇവർ വഹിക്കുന്നത്.