വാദ്യ വിസ്മയം തീർത്ത് 'പാർവതി'
ഏഴാം വയസുമുതൽ തബല അഭ്യസിക്കുന്ന പാർവതി ഉണ്ണികൃഷ്ണനെന്ന കൊച്ചുമിടുക്കിയാണ് ഇപ്പോഴത്തെ താരം. തബലയോടുള്ള അമിതമായ ഇഷ്ടവും കലാരംഗത്തേക്ക് കടന്നുവരുന്നതിനുള്ള നിശ്ചയദാർഢ്യവുമാണ് പാർവതിയെ ശ്രദ്ധകേന്ദ്രമാക്കിയത്. ആയുർവേദ മേഖലയിൽ പ്രവർത്തിക്കുന്ന അച്ഛൻ പി ഉണ്ണികൃഷ്ണന്റെ തബല പ്രേമമാണ് മകളെയും ആ വഴിയിൽ നടക്കുവാൻ പ്രേരിപ്പിച്ചത്. തന്റെ പഠനകാലത്ത് സുഹൃത്തുക്കൾക്കിടയിലും സ്കൂളിലെ വേദികളിലും തബല വായിച്ചിരുന്നുവെങ്കിലും ശാസ്ത്രീയമായ പഠനമൊന്നും അഭ്യസിക്കുവാൻ അന്ന് ഉണ്ണികൃഷ്ണന് സാധിച്ചിരുന്നില്ല. എന്നാൽ, മകളിലെ തബലയോടുള്ള ഇഷ്ടം മനസ്സിലാക്കിയ ഉണ്ണികൃഷ്ണൻ അതിനുള്ള അവസരം ഒരുക്കുകയായിരുന്നു. ചുരുങ്ങിയ കാലത്തിനുള്ളിൽ ഒട്ടേറെ അംഗീകാരങ്ങളും ഈ കൊച്ചു മിടുക്കിയെ തേടി എത്തിയിട്ടുണ്ട്.
പത്താം വയസ്സിൽ ദേശീയ റെക്കോർഡ് ആണ് പാർവതിയെ തേടിയെത്തിയത്. 45 മിനിറ്റിലേറെ സമയം തബല വായിച്ച കുട്ടി എന്ന അംഗീകാരം പാർവതിക്ക് ലഭിച്ചിട്ടുണ്ട്. ഇന്ത്യ ബുക്ക് റെക്കോർഡ്സിന്റെ അംഗീകാരം 2022 ജനുവരി 19നാണ് ലഭിച്ചത്. ഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡ്സിലും പാർവതി ഇടം നേടിയിട്ടുണ്ട്. മഹാരാഷ്ട്രയിൽ സംഘടിപ്പിക്കപ്പെട്ട ദേശീയ മത്സരത്തിൽ മൂന്നാം സ്ഥാനവും ലഭിച്ചിരുന്നു. ലോകത്തെ തന്നെ നിശ്ചലമാക്കിയ കോവിഡ്ക്കാലം തന്റെ പരിശീലനത്തിന് കൂടുതൽ ക്രിയാത്മകമായി പാർവതി ഉപയോഗപ്പെടുത്തുകയായിരുന്നു. കലാഭവനിലെ തബല അധ്യാപകനായ ശ്രീജേഷ് എംആറും പുനൈയിലുള്ള അർജുൻ കളിപ്രസാദുമാണ് പാർവതിയെ വാദ്യോപകരണങ്ങൾ അഭ്യസിപ്പിക്കുന്നത്.
ഒട്ടേറെ വേദികളിൽ തനിച്ച് തബല അവതരിപ്പിക്കാറുണ്ട് പാർവതി. തബലയും ചെണ്ടയും സമന്വയിപ്പിച്ച് തളവാദ്യ കച്ചേരിയായി ചോറ്റാനിക്കര ദേവി ക്ഷേത്രനടയിൽ അവതരിപ്പിച്ചിരുന്നു. തുടർന്ന് എറണാകുളത്തപ്പൻ ക്ഷേത്രത്തിലും സമാനമായ ഫ്യൂഷൻ അവതരിപ്പിച്ചത് ഏറെ ശ്രദ്ധ നേടി. പിന്നീട് തൃപ്പൂണിത്തുറ ക്ഷേത്രത്തിലും പാർവതിയും സംഘവും മിന്നുംപ്രകടനം കാഴ്ചവെച്ചു. വാദ്യോപകരണങ്ങൾ വെച്ചുകൊണ്ടുള്ള കച്ചേരികളിൽ പാർവതിക്ക് കൂട്ടായി സുഹൃത്തുക്കളായ ആദിത്യ ഹരികൃഷ്ണനും ദേവദത്ത് കൃഷ്ണയും ഒപ്പമുണ്ടാകാറുണ്ട്. മൃദംഗ അധ്യാപകനായ കലൈനാഥിന്റെ ശിക്ഷണത്തിലാണ് ഇത്തരം സ്റ്റേജ് പരിപാടികൾ അവതരിപ്പിക്കുന്നത്. ഈദ് മീറ്റുകളിലും പാർവതി തന്റെ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്.
ഇനിയും ഒട്ടേറെ വേദികളിൽ കസറുവാൻ തയ്യാറെടുക്കുകയാണ് പാർവതി. ഓരോ വേദികളിലും തന്റേതായ പുതിയ പരീക്ഷണങ്ങളും കൂടുതൽ മനോഹാരിതയും തേടുകയാണ് കൊച്ചുമിടുക്കി. ഏരൂർ ഭവൻസ് വിദ്യാമന്ദിറിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് പാർവതി. സ്കൂളിലെയും കലോത്സവ വേദികളിലെ താരമാണ്. സുഹൃത്തുക്കളും കുടുംബവും അധ്യാപകരും വളരെയധികം പിന്തുണ നൽകുന്നതായി പാർവതി പ്രതികരിക്കുന്നു. എല്ലാ പിന്തുണയുമായി ധനലക്ഷ്മി ബാങ്ക് ഉദ്യോഗസ്ഥയായ അമ്മ അനു കെ നിർമലും ഒപ്പമുണ്ട്. എറണാകുളം വൈറ്റില സ്വദേശിനിയാണ്.