കര്‍ഷക പ്രക്ഷോഭകര്‍ മുന്നോട്ട്; ബാരിക്കേഡുകളും മുള്ളുവേലികളും എടുത്തുമാറ്റി മുന്നേറാന്‍ ബുള്‍ഡോസറുകളും ക്രെയിനുകളും
ന്യൂഡല്‍ഹി: പൂര്‍വാധികം ശക്തിയോടെ ഡല്‍ഹി ചലോ സമരവുമായി മുന്നോട്ടുപോകാന്‍ കര്‍ഷക പ്രക്ഷോഭകര്‍. കൂടുതല്‍ കര്‍ഷകരും ട്രാക്ടറുകളും സമരത്തില്‍ അണിനിരക്കും. പൊലീസിന്റെ ബാരിക്കേഡുകളും മുള്ളുവേലികളും എടുത്തുമാറ്റി മുന്നേറാന്‍ ബുള്‍ഡോസറുകളും ക്രെയിനുകളും എത്തിച്ചു. സമാധാനപരമായാണ് തങ്ങള്‍ ഡല്‍ഹി ലക്ഷ്യമാക്കി മാര്‍ച്ച് ചെയ്യുകയെന്നും അതിനനുവദിക്കണമെന്നും കര്‍ഷക നേതാവ് ജഗ്ജീത് സിങ് ദല്ലേവാല്‍ പറഞ്ഞു. അതേസമയം, ഹരിയാന-പഞ്ചാബ് അതിര്‍ത്തിയായ ശംഭുവിലും ഡല്‍ഹി അതിര്‍ത്തികളിലും കര്‍ഷകരെ നേരിടാനുള്ള ഒരുക്കം ശക്തമാക്കി.
കേന്ദ്ര സര്‍ക്കാറുമായി നടന്ന നാലാംവട്ട ചര്‍ച്ചയിലും കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതായതോടെയാണ് ഇന്ന് സമരം പുന:രാരംഭിക്കുന്നത്. കേന്ദ്രം മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായാണ് ദില്ലി ചലോ മാര്‍ച്ച് താല്‍ക്കാലികമായി രണ്ടു ദിവസത്തേക്ക് നിര്‍ത്തിവെച്ചിരുന്നത്. ചോളം, പരുത്തി, മൂന്നിനം ധാന്യങ്ങള്‍ എന്നിവക്ക് മാത്രം അഞ്ചു വര്‍ഷത്തേക്ക് താങ്ങുവില ഏര്‍പ്പെടുത്താമെന്നായിരുന്നു കേന്ദ്ര നിര്‍ദേശം. ഇത് കര്‍ഷക സംഘടനകള്‍ തള്ളി. ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അംഗീകരിക്കുംവരെ സമരമെന്നാണ് പ്രഖ്യാപനം.
പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരെ ഹരിയാന പൊലീസ് ശംഭു, കനൗരി അതിര്‍ത്തികളില്‍ കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ വെച്ചും കണ്ണീര്‍വാതക ഷെല്ലുകള്‍ ഉപയോഗിച്ചും തടഞ്ഞിട്ടിരിക്കുകയാണ്. ഇത് മറികടക്കാനുള്ള സംവിധാനങ്ങളുമായാണ് ബുധനാഴ്ച വീണ്ടും സമരം പുനരാരംഭിക്കുന്നത്. ബാരിക്കേഡുകള്‍ നീക്കാന്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ അതിര്‍ത്തികളിലേക്ക് എത്തിച്ചു. കൈകളില്‍ ധരിക്കാനുള്ള കൈയ്യുറകളും കണ്ണീര്‍വാതകം പ്രതിരോധിക്കാനുള്ള മാസ്‌കുകളും വിതരണം ചെയ്യുന്നുണ്ട്.
കണ്ണീര്‍ വാതക ഷെല്ലുകള്‍ നിര്‍വീര്യമാക്കാന്‍ വെള്ളം ചീറ്റാന്‍ ഉപയോഗിക്കുന്ന യന്ത്രങ്ങളും കര്‍ഷകര്‍ സജ്ജമാക്കി. ഒരു കാരണവശാലും ഞങ്ങളെ ഡല്‍ഹിയില്‍ പ്രവേശിപ്പിക്കാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കര്‍ഷകരുമായി ചര്‍ച്ച നടത്തി പരിഹാരം കാണാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ഞങ്ങളെ അനുവദിക്കണമെന്നും നേതാവ് സര്‍വന്‍ സിങ് പാന്ഥേര്‍ പറഞ്ഞു. ഹരിയാനയിലെ സ്ഥിതി കശ്മീരിലെ പോലെയാണ്. ഇനി എന്ത് സംഭവിച്ചാലും ഉത്തരവാദി സര്‍ക്കാറായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
രണ്ടോ മൂന്നോ ഇനങ്ങള്‍ക്കുമാത്രം താങ്ങുവിലയെന്ന കേന്ദ്ര നിര്‍ദേശം ചില കര്‍ഷകരെ മാത്രം സഹായിക്കുന്നതാണെന്നും മറ്റുള്ളവരെ പ്രയാസത്തിലാക്കുമെന്നുമാണ് കര്‍ഷക സംഘടനകളുടെ നിലപാട്. രണ്ടോ മൂന്നോ വിളകള്‍ക്ക് മാത്രം താങ്ങുവില നല്‍കുംവഴി 1.5 ലക്ഷം കോടി അധിക ബാധ്യത വരുമെന്നാണ് സര്‍ക്കാര്‍ നിലപാടെങ്കില്‍ എല്ലാ വിളകള്‍ക്കും അത് ബാധകമാക്കിയാല്‍ 1.75 ലക്ഷം കോടിയേ വരൂ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.