കൊച്ചി വിമാനത്താവളത്തിന് 'പെറ്റ് എക്സ്പോര്‍ട്ട്' അനുമതി
കൊച്ചി: വളർത്തുമൃഗങ്ങളെ വിദേശത്തേക്ക് കൊണ്ടുപോകാനുള്ള "പെറ്റ് എക്സ്പോർട്ട്" അനുമതി ലഭിക്കുന്ന കേരളത്തിലെ ആദ്യ വിമാനത്താവളമായി ഇനി മുതൽ കൊച്ചി. 'ലൂക്ക' എന്ന ലാസ അപ്‌സോ ഇനത്തില്‍പ്പെട്ട നായ്ക്കുട്ടി ആദ്യമായി കൊച്ചിയിൽ നിന്ന് പറന്നു. എന്നാലിപ്പോള്‍ എല്ലാ വിദേശ രാജ്യങ്ങളിലേക്കും പ്രത്യേകം സജ്ജമാക്കിയ കൂടുകളിലൂടെ കാർഗോ വഴി കൊണ്ടുപോകാനുള്ള അനുമതിയാണ് ലഭിച്ചിട്ടുള്ളത്.
വിദേശത്ത് നിന്ന് ഓമന മൃഗങ്ങളെ നേരിട്ട് ഇറക്കുമതി ചെയ്യാനുള്ള അനുമതിക്കായും ശ്രമം തുടങ്ങിയിട്ടുണ്ട്.
വളർത്തുമൃഗങ്ങള്‍ക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ശീതീകരിച്ച പെറ്റ് സ്റ്റേഷൻ, പ്രത്യേക കാർഗോ വിഭാഗം, വെറ്ററിനറി ഡോക്ടർമാർ, കസ്റ്റംസ് ക്ലിയറൻസ് സെൻ്റർ, ഫെസിലിറ്റേഷൻ സെൻ്റർ എന്നിവയുണ്ട്.
സസ്യങ്ങളും ഫലങ്ങളും കൊണ്ട് പോകാനും ഇറക്കുമതി ചെയ്യാനുമുള്ള അനുവാദം സിയാലിനുണ്ട്. ഇതിനായുള്ള 'പ്ലാന്റ് ക്വാറന്റൈൻ സെന്റർ' കാർഗോ വിഭാഗത്തിന് സമീപം പ്രവർത്തിച്ചു വരുന്നു.