ഹത്രാസ് ദുരന്തം സിബിഐ അന്വേഷണിക്കണമെന്നാവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയില്‍ ഹര്‍ജി
ലക്നോ: ഹത്രാസ് ദുരന്തം സിബിഐ അന്വേഷണിക്കണമെന്നാവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയില്‍ ഹര്‍ജി. ദുരന്തത്തില്‍ 130പേര്‍ മരിച്ചതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചു.പുല്‍റായി ഗ്രാമത്തില്‍ സത്സംഗ് (പ്രാര്‍ഥനായോഗം) ചടങ്ങിനിടെയായിരുന്നു അപകടമുണ്ടായത്. ചടങ്ങിനു വന്‍ ജനക്കൂട്ടമെത്തിയതാണ് അപകടത്തിലേക്കു നയിച്ചത്. മരിച്ചവരിലേറെയും സ്ത്രീകളാണ്.
ചടങ്ങിന്റെ സംഘാടകര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നു യുപി സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ ്ഉറപ്പാക്കാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കി. മരിച്ചവരുടെ കുടുംബത്തിനു രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചു.
ഹത്രാസ്, ഇട്ടാ ജില്ലകളിലുള്ളവരാണു മരിച്ചത്. ട്രക്കുകളിലും ടെമ്പോകളിലും കാറിലുമാണു മരിച്ചവരെയും പരിക്കേറ്റവരെയും ആശുപത്രികളിലെത്തിച്ചത്. പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുന്ന ആശുപത്രികളില്‍ ആവശ്യത്തിനു ഡോക്ടര്‍മാരോ ഓക്‌സിജന്‍ സൗകര്യമോ ഇല്ലെന്ന ആക്ഷേപമുണ്ട്. പരിക്കേറ്റ നിരവധിപ്പേരെ ഗവ. ആശുപത്രിയുടെ തറയില്‍ കിടത്തിയിരിക്കുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നു.പ്രദേശത്തുകാരനായ ഭോലെ ബാബയെ ആദരിക്കാനായി സംഘടിച്ചതായിരുന്നു സത്സംഗ്. ചടങ്ങ് അവസാനിച്ചപ്പോള്‍ ഭോലെ ബാബയുടെ ദര്‍ശനത്തിനായി ഭക്തര്‍ തിരക്കു കൂട്ടിയപ്പോഴായിരുന്നു അപകടം.ബാബയുടെ കാല്‍ പതിഞ്ഞ മണ്ണ് ശേഖരിക്കാനും ഭക്തര്‍ ശ്രമിച്ചു. ഭോലെ ബാബയുടെ കാര്‍ കടന്നുപോകുന്നതു വരെ ജനക്കൂട്ടം പോകരുതെന്നു നിര്‍ദേശിച്ചിരുന്നതായി സംഘാടകര്‍ പറഞ്ഞു.