പുതുക്കിയ ലൈസന്‍സ് അച്ചടിച്ചു നല്‍കുന്നില്ലെന്ന പരാതിയുമായി ഹൈക്കോടതിയില്‍ ഹര്‍ജി
കൊച്ചി: പ്രിന്റിങ്ങിനും പോസ്റ്റല്‍ വഴി അയക്കാനുമുള്ള ചെലവ് ഫീസായി അടച്ചിട്ടും പുതുക്കിയ ലൈസന്‍സ് അച്ചടിച്ചു നല്‍കുന്നില്ലെന്ന പരാതിയുമായി ഹൈക്കോടതിയില്‍ ഹര്‍ജി. കൊച്ചി സ്വദേശിയായ എന്‍. പ്രകാശന്‍ എന്നയാളാണ് ഹര്‍ജിക്കാരന്‍. ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.
വരുന്ന മാര്‍ച്ചില്‍ അവസാനിക്കുന്നതാണ് ഹര്‍ജിക്കാരന്റെ ലൈസന്‍സിന്റെ കാലാവധി. ഇത് പുതുക്കാന്‍ അപേക്ഷിക്കുകയും ആവശ്യമായ ഫീസ് അടക്കുകയും ചെയ്തിരുന്നു. എന്നാല്‍, ലൈസന്‍സ് ഓണ്‍ലൈനില്‍ ഡിജിലോക്കര്‍ വഴിയോ പരിവാഹന്‍ ആപ്പ് വഴിയോ ഡൗണ്‍ലോഡ് ചെയ്‌തെടുക്കണമെന്ന അറിയിപ്പാണ് പ്രകാശന് ലഭിച്ചത്. തുടര്‍ന്നാണ് ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയത്.
ലൈസന്‍സ് അച്ചടിക്കാനും അയക്കാനുമുള്ള തുക ഫീസായി വാങ്ങിയിട്ടും അച്ചടിച്ച ലൈസന്‍സ് നല്‍കാതെ ഡിജിറ്റല്‍ രൂപത്തില്‍ നല്‍കി ഡൗണ്‍ലോഡ് ചെയ്യാന്‍ പറയുകയാണെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. നിര്‍ദേശപ്രകാരം ലൈസന്‍സ് ഡൗണ്‍ലോഡ് ചെയ്‌തെങ്കിലും വാഹനവുമായി പുറത്തുപോകുമ്പോഴെല്ലാം ഫോണ്‍ കൊണ്ടുപോകുന്ന ശീലമില്ല. ലൈസന്‍സ് കാണിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ ഫോണില്‍ ചാര്‍ജും റേഞ്ചും ഉണ്ടെന്ന് ഉറപ്പാക്കാനാകില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എന്‍. നഗരേഷാണ് സര്‍ക്കാരിന്റെ വിശദീകരണം തേടിയത്.
തപാല്‍ വകുപ്പിനുള്ള കുടിശ്ശികയുടെ പേരില്‍ സംസ്ഥാനത്ത് ആര്‍.സി- ഡ്രൈവിങ് ലൈസന്‍സുകളുടെ വിതരണം അവതാളത്തിലാണ്. പ്രതിദിനം 10,000-15,000 ആര്‍.സി-ഡ്രൈവിങ് ലൈസന്‍സ് കാര്‍ഡുകളാണ് തപാല്‍വകുപ്പ് വഴി അയച്ചിരുന്നത്. എന്നാല്‍, ഇതിനുള്ള തുക കുടിശ്ശികയായതിനെ തുടര്‍ന്ന് വിതരണം പലപ്പോഴായി മുടങ്ങുന്ന അവസ്ഥയാണ്.