പമ്പുകൾക്കു സംരക്ഷണ നിയമം വേണം: പെട്രോളിയം ട്രേഡേഴ്സ് ഫെഡറേഷൻ
കൊല്ലം: രാത്രികാലങ്ങളിൽ പെട്രോളിയം പമ്പുകൾക്കു നേരേ നടക്കുന്ന അതിക്രമങ്ങൾ തടയാൻ ആശുപത്രി സംരക്ഷണ നിയമത്തിന്റെ മാതൃകയിൽ പ്രത്യേക നിയമ നിർമാണം നടത്തണമെന്ന് ഓൾ കേരള ഫെഡറേഷൻ ഒഫ് പെട്രോളിയം ട്രേഡേഴ്സ് സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. രാത്രികാലങ്ങളിൽ പമ്പുകൾ ആക്രമിക്കുന്നതും ജീവനക്കാരെ ആക്രമിച്ചു പരുക്കേല്പിക്കുന്നതും നിത്യസംഭവമാണ്. ആക്രമങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുമുണ്ട്. ഈ സാഹചര്യത്തിൽ പമ്പുകൾക്കും ജീവനക്കാർക്കും ഉടമകൾക്കും സംരക്ഷണം നൽകുന്ന നിയമം ഉടനുണ്ടാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭത്തിന് ഫെഡറേഷൻ നിർബന്ധിതമാകും. പമ്പുകൾക്ക് സംരക്ഷണം നൽകുന്നില്ലെങ്കിൽ പമ്പുകളുടെ പ്രവർത്തനം രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെയായി പരിമിതപ്പെടുത്തുമെന്നും യോഗം മുന്നറിയിപ്പ് നൽകി.
ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റായി ടോമി തോമസ് (ആലപ്പുഴ), ജനറൽ സെക്രട്ടറിയായി സഫാ അഷറഫ് (കൊല്ലം), ട്രഷറാറായി ബി. മൂസാ ചെർക്കും (കാസർഗോഡ്) എന്നിവരെ തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ:
വൈസ് പ്രസിഡന്റുമാർ
മൈതാനം വിജയൻ, കൊല്ലം (ദക്ഷിണ മേഖല), കെ.എസ്. കോമു എറണാകുളം (സെൻട്രൽ സോൺ), ഷംസുദീൻ കോഴിക്കോട് (ഉത്തര മേഖല).
ജോയിന്റെ സെക്രട്ടറിമാർ: രവിശങ്കർ (പത്തനംതിട്ട), ശ്രീരാജ്, (പാലക്കാട്), എം.എസ്. പ്രസാദ് (തിരുവനന്തപുരം), സുനിൽ ഏബ്രഹാം (കോട്ടയം).