പിഎഫ് കുടശ്ശിക; വിലക്ക് പിൻവലിക്കണമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
തിരുവനന്തപുരം: പ്രോവിഡൻ്റ് ഫണ്ടിൽ നിക്ഷേപിക്കപ്പെട്ട സർക്കാർ ജീവനക്കാരുടെ നാലു ഗഡു ഡിഎയുടെ കുടിശ്ശിക തുക പിൻവലിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയ സർക്കാർ തീരുമാനത്തിൽ പ്രതിഷേധവുമായി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ. ജീവനക്കാർക്ക് അഞ്ചുവർഷം മുമ്പ് അർഹമായ ഡിഎയാണ് പിഎഫിൽ നിന്നും പിൻവലിക്കാനാകാതെയിരിക്കുന്നത്. ഒന്നാം പിണറായി സർക്കാരിൻ്റെ അവസാന കാലത്ത് അനുവദിച്ചതും നാല് തവണയായി 2023 ഏപ്രിൽ, സെപ്തംബർ, 2024 ഏപ്രിൽ, സെപ്തംബർ എന്നീ മാസങ്ങളിൽ പിൻവലിക്കാനാകുമായിരുന്നതുമായ തുകയാണ് ഭരണ ദുർവ്യയത്താൽ ജീവനക്കാർക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നത്. ഇത് ശമ്പള പരിഷ്ക്കരണത്തിന് മുമ്പുള്ള നിരക്കിൽ ഏറ്റവും കുറഞ്ഞത് 81 ദിവസത്തെ ശമ്പളത്തിന് തുല്യമായ തുകയാണ്.
ഇടതുഭരണത്തിൽ ജീവനക്കാരുടെ അവകാശങ്ങൾ നിഷ്ക്കരുണം നിഷേധിക്കുന്നത് നിത്യസംഭവമായിരിക്കുന്നു. കഴിഞ്ഞ നാൽപത് മാസത്തിനിടയിൽ കേവലം 2 ശതമാനം വരുന്ന ഒരു ഗഡു ഡി എ മാത്രമാണ് അനുവദിച്ചത്. 39 മാസത്തെ കുടിശ്ശിക അന്നും നിഷേധിച്ചിരുന്നു.
ഇപ്പോഴിതാ ജീവനക്കാരുടെ സ്വന്തം അക്കൗണ്ടിലുള്ള തുക പോലും പിൻവലിക്കാൻ കഴിയാത്ത രീതിയിൽ വിലക്കേർപ്പെടുത്തിയിരിക്കുന്നു. അർഹമായ 22 ശതമാനം ഡി എ ജീവനക്കാർക്ക് കുടിശ്ശികയാണ്. അതിനാൽ ജീവനക്കാരുടെ ജീവിതം ദു:സഹമാക്കുന്ന തീരുമാനം അടിയന്തരമായി തിരുത്തണമെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് ഇർഷാദ് എംഎസ് ജനറൽ സെക്രട്ടറി പുരുഷോത്തമൻ കെപി എന്നിവർ ആവശ്യപ്പെട്ടു