പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട് അംഗീകരിക്കാനാകില്ല: ഹൈക്കോടതി
കൊച്ചി: ശബരിമല പതിനെട്ടാംപടിയിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർ ഫോട്ടോയെടുത്ത സംഭവം അംഗീകരിക്കാനാവുന്നതല്ലെന്ന് ഹൈക്കോടതി. ശബരിമലയിൽ പോലീസ് ഉദോഗസ്ഥരുടെ സേവനം പ്രശംസ അർഹിക്കുന്നതാണ്. മനഃപൂർവ്വം അല്ലെങ്കിലും ഇത്തരം നടപടികൾ അനുവദിക്കാനാകില്ലെന്നാണ് ഹൈക്കോടതിയുടെ നിലപാട്. മാളികപ്പുറത്തെ തേങ്ങ ഉരുട്ടൽ ആചാരമല്ലെന്നും അവസാനിപ്പിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.
74,463 പേർ ഇന്നലെ ശബരിമലയിൽ ദർശനം നടത്തിയതായി ദേവസ്വം ബോർഡ് കോടതിയില്‍ അറിയിച്ചു. ശബരിമല പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട് വിവാദത്തിൽ പൊലീസുകാര്‍ക്കെതിരെ ഇന്നലെ നടപടി സ്വീകരിച്ചിരുന്നു. അച്ചടക്കലംഘനം നടത്തിയെന്ന് കാട്ടിയാണ് 23 പൊലീസുകാരെ കണ്ണൂർ കെഎപി-നാല് ക്യാമ്പിലേക്ക് നല്ല നടപ്പ് പരിശീലനത്തിനയച്ചത്. ഡ്യൂട്ടിയിലുിണ്ടായിരുന്ന പൊലീസുകാർ പതിനെട്ടാം പടിയിൽ പുറതിരിഞ്ഞ് നിന്ന് ഫോട്ടോ എടുത്തത് ഗുരുതര വീഴ്ചയെന്നാണ് സന്നിധാനം സ്പെഷ്യൽ ഓഫീസർ കെ ഇ ബൈജുവിന്റെ റിപ്പോർട്ട്. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ശബരിമലയുടെ ചുമതലയുള്ള എഡിജിപി എസ് ശ്രീജിത്ത് പൊലീസുക്കാര്‍ക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തതത്.