വെറും പുകയോ, നമ്മുടെ പാർലമെന്റ് സുരക്ഷ
പിൻ പോയിന്റ്
Dr. Sooranad Rajasekharan
2023 ഡിസംബർ 13.
ഒരിക്കൽ കൂടി നമ്മുടെ രാജ്യം ഞെട്ടിത്തരിച്ച ദിവസം. ഇന്ത്യൻ ജനാധിപത്യത്തിന്റെ പരമോന്നത സദസായ പാർലമെന്റ് മന്ദിരത്തിനുള്ളിൽ, സഭാ സമ്മേളന നടപടികൾക്കു നടുവിലേക്ക് പ്രത്യേക വാതകം നിറച്ച കുറ്റികളുമായി രണ്ട് അക്രമികൾ ചാടിയിറങ്ങിയതിന്റെ ഞെട്ടലിൽ നിന്ന് രാജ്യം ഇനിയും മുക്തമായിട്ടില്ല. അവരുടെ കൈവശം മാരകായുധങ്ങളില്ലാതിരുന്നതും തുറന്നു വിട്ട വാതകത്തിൽ വിഷാംശം ഇല്ലാതിരുന്നതുമാണ് ആക്രമണത്തിന്റെ ആഘാതം കുറച്ചത്. എന്നാൽ അതു കൊണ്ട് അതിന്റെ തീവ്രത തരിമ്പുപോലും കുറയുന്നുമില്ല.
പാർലമെന്റിന്റെ ഇരുസഭകളിലും നടപടികൾ പുരോഗമിക്കുമ്പോഴായിരുന്നു ആക്രമണം എന്നത് സംഭവത്തിന്റെ ഗൗരവം പതിന്മടങ്ങാക്കുന്നു. മന്ത്രിമാരും രാഹുൽ ഗാന്ധിയും മറ്റ് മുതിർന്ന നേതാക്കളുമടക്കം നൂറിലേറെ പേർ സഭയിലുണ്ടായിരുന്നപ്പോഴായിരുന്നു ആക്രമണം എന്നതും നിസാരമല്ല. സംഭവത്തിനു തെരഞ്ഞെടുത്ത ദിവസവും അതിപ്രധാനം. തന്നെയുമല്ല, ഈ ആക്രമണത്തിന് ഒരു വർഷമായി പദ്ധതികൾ ആസൂത്രണം ചെയ്തെന്ന പ്രതികളുടെ വെളിപ്പെടുത്തൽ വേറേ. തെക്ക് മൈസൂരു മുതൽ വടക്ക് ലക്നോ വരെയും പടിഞ്ഞാറ് മഹാരാഷ്‌ട്ര മുതൽ കിഴക്ക് പശ്ചിമ ബംഗാൾ വരെയുമുള്ള നിരവധി പേരാണ് ആക്രമണത്തിന്റെ ആസൂത്രണത്തിലും നടപ്പാക്കലിലും നേരിട്ട് ഇടപെട്ടത്. ഇതിൽ നിന്നെല്ലാം ഒരു കാര്യം വ്യക്തം. പാർലമെന്റിലടക്കം നമ്മുടെ ദേശീയ സുരക്ഷ വെറും പുകമറ മാത്രമാണ്. ആർക്കും എവിടെയും ഇടിച്ചു കയറാമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം.
2001 ഡിസംബർ 13നാണ് ഇതിനു മുൻപ് നമ്മുടെ പാർലമെന്റ് ആക്രമിക്കപ്പെട്ടത്. അന്നും ഇന്ത്യ ഭരിച്ചത് ഇന്നത്തെ പോലെ ബിജെപി. ആഭ്യന്തര മന്ത്രിയായിരുന്ന എൽ. കെ. അഡ്വാനിയും രാജ്യരക്ഷാ സഹമന്ത്രി ഹരീൻ പഥക്കും ഈ സമയം പാർലമെന്റിലുണ്ടായിരുന്നു. പാർലമെന്റ് നടപടികൾ പുരോഗമിക്കുന്നതിനിടെ, ഒരു വെളുത്ത അംബാസഡർ കാറിൽ ആഭ്യന്തര വകുപ്പിന്റെ വ്യാജ സ്റ്റിക്കറൊട്ടിച്ചാണ് സുരക്ഷാ കവാടങ്ങൾ മറികടന്ന് അഞ്ചു പേരടങ്ങുന്ന ജെയ്ഷേ മുഹമ്മദ് ഭീകരർ പാർലമെന്റ് മന്ദിരത്തിലെത്തിൽ ഇരച്ചു കയറിയത്. എ.കെ. 47 തോക്കുകൾ, ഗ്രനേഡ്, ഗ്രനേഡ് ലോഞ്ചർ തുടങ്ങിയ ആയുധങ്ങളുമായിട്ടാണ് അവർ കടന്നു വന്നത്. വന്ന പാടേ അവർ നിറയൊഴിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരടക്കം 9 വിലപ്പെട്ട ജീവനുകളാണ് അന്ന് നഷ്ടമായത്. ഏറ്റുമുട്ടലിൽ അഞ്ച് ഭീകരരെയും സുരക്ഷാ സേന കൊന്നൊടുക്കി.
അന്നും ബിജെപി സർക്കാർ വലിയ തോതിൽ പഴി കേട്ടിരുന്നു. അന്നത്തെ സംഭവങ്ങളുടെ കൂടി പേരിലാണ് ഏതാണ്ട് ആറര ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ 836 കോടി രൂപ ചെലവിൽ പുതിയ പാർലമെന്റ് മന്ദിരം പണി തീർത്തത്. സുരക്ഷയ്ക്കു കൂടുതൽ പ്രാധാന്യം നൽകിയാണ് പുതിയ മന്ദിരം പണിതെന്നാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും അവകാശ വാദം. അവിടേക്കാണ് ഒരു തരത്തിലുള്ള തടസവും കൂടാതെ രണ്ട് അക്രമികൾ പുകക്കിറ്റുമായി കടന്നു വന്ന് അക്രമം അഴിച്ചു വിട്ടത്. ഇത്രയും ഭീകരമായ അക്രമം നടന്ന് മൂന്നു ദിവസം കഴിഞ്ഞിട്ടും സംഭവത്തെ കുറിച്ച് സഭയിൽ ഒരു പ്രസ്താവന നടത്താൻ ആഭ്യന്തര മന്ത്രിയോ പ്രധാനമന്ത്രിയോ തയാറായില്ല. ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ടെത്തി സംഭവത്തെ കുറിച്ചു പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ടതിന്റെ പേരിൽ കേരളത്തിൽ നിന്നുള്ള നാല് പേരടക്കം ഏതാനും എംപിമാരെ സമ്മേളന കാലം കഴിയുന്നതു വരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.
പാർലമെന്റ്മെന്റ് സമ്മേളിക്കുമ്പോൾ ട്രഷറി ബെഞ്ചും പ്രതിപക്ഷവും രണ്ടു ചേരിയായി തിരിയുക സ്വാഭാവികം. എന്നാൽ പാർലമെന്ററി നടപടികളിലും പാർലമെന്റിലടക്കം ദേശീയ സുരക്ഷയുടെ കാര്യത്തിലും വലുപ്പ ചെറുപ്പമില്ലാതെ മുഴുവൻ കക്ഷികൾക്കും തുല്യ പ്രാധാന്യമാണുള്ളത്. അതുകൊണ്ടു തന്നെ ഏതു കക്ഷിയുടെ ഏതംഗത്തിനും സഭയുടെ സുരക്ഷിതത്വത്തെ കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കാൻ അവകാശമുണ്ട്. അതിനു കാത്തു നിൽക്കാതെ, പാർലമെന്റ് മന്ദിരത്തിൽ സംഭവിച്ചത് എന്താണെന്ന് സഭയിൽ പ്രസ്താവന നടത്താൻ സഭാ തലവനെന്ന നിലയിൽ പ്രധാനമന്ത്രിക്ക് ബാധ്യതയുണ്ട്. ആഭ്യന്തര സുരക്ഷയുടെ ഉ്തരവാദിത്തപ്പെട്ട ആഭ്യന്തര മന്ത്രിക്കും അതിന് ഉത്തരവാദിത്വമുണ്ട്.
അവർ ഈ ഉത്തരവാദിത്വം നിറവേറ്റാതിരുന്നപ്പോഴാണ് ടി.എൻ. പ്രതാപൻ, ഹൈബി ഈഡൻ, രമ്യ ഹരിദാസ്, ഡീൻ കുര്യാക്കോസ് തുടങ്ങിയ എംപിമാർ പ്രതിഷേധവുമായി എഴുന്നേറ്റത്. അതിന്റെ പേരിലാണ് ഇവർക്ക് സഭയിൽ നിന്നു സസ്പെൻഷൻ ലഭിച്ചത്. അതേ സമയം, അക്രമികൾക്കു സന്ദർശക പാസ് അനുവദിച്ച മൈസൂരുവിലെ ബിജെപി അംഗം പ്രതാപ് സിൻഹക്കെതിരേ ഒരു നടപടിയും കൈക്കൊണ്ടതുമില്ല. സഭ സമ്മേളിക്കുന്ന ഓരോ മിനിറ്റിനും സുരക്ഷയുടെ പേരിൽ മാത്രം ലക്ഷങ്ങൾ മുടക്കുന്ന പാർലമെന്റ് മന്ദിരത്തെയും അതിലെ അംഗങ്ങളെയും ഉദ്യോഗസ്ഥരടക്കമുള്ള ജീവനക്കാരെയും സംരക്ഷിക്കാൻ കഴിയാത്തത് നമ്മുടെ സുരക്ഷാ സംവിധാനങ്ങളുടെ ദയനീയമായ പരാജയം തന്നെയാണ്.
2001 ഡിസംബർ 13ന് എ.ബി. വാജ്പേയി പ്രധാനമന്ത്രി ആയിരിക്കെ സംഭവിച്ച അതേ ദുരന്തം തന്നെയാണ് 2023 ഡിസംബർ 13ന് നരേന്ദ്ര മോദി പ്രധാനമന്ത്രി ആയിരിക്കുമ്പോഴും സംഭവിച്ചത്. ഒന്നാം പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനത്തിനോ അതിനു മുൻപോ പാർലമെന്റ് മന്ദിരം ആക്രമിക്കുമെന്ന് നിരോധിത തീവ്രവാദ സംഘടനയായ സിഖ്സ് ഫൊർ ജസ്റ്റിസിന്റെ തലവൻ ഗുർപത്‌വന്ത് സിംഗ്പനൂൻ മുന്നറിയിപ്പ് നൽകിയിരുന്നു. അതൊരു വലിയ വെല്ലുവിളിയായി എന്തു കൊണ്ട് കേന്ദ്ര സർക്കാർ എടുത്തില്ല? അന്നത്തെ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ അഫ്സൽ ഗുരുവിന്റെ പോസ്റ്റർ പങ്കു വച്ചുള്ള വിഡിയോയിലൂടെയാണ് അക്രമികൾ മുന്നറിയിപ്പ് നൽകിയത്. പാർലമെന്റിന്റെ അടിത്തറ കുലുക്കുമെന്നായിരുന്നു ഭീഷണി. ഇത്രയൊക്കെ സംഭവിച്ചിട്ടും ഉറങ്ങുകയായിരുന്നോ, ഡൽഹി പോലീസും സുരക്ഷാ സേനയും.
നാലു ഘട്ടങ്ങളിലെ സുരക്ഷാ പരിശോധന കഴിഞ്ഞു മാത്രമേ ഒരാൾക്ക് പാർലമെന്റിനുള്ളിൽ പ്രവേശിക്കാനാവൂ. റിസപ്ഷൻ കവാടത്തിലെ മെറ്റൽ ഡിറ്റക്റ്ററാണ് ആദ്യ കടമ്പ. ഫോണും ഇലക്ട്രോണിക് ഉപകരണങ്ങളും നാണയങ്ങളും റിസപ്ഷൻ കൗണ്ടറിൽ ഏല്പിക്കണം. കൗണ്ടറിൽ എംപിയുടെ കത്തും തിരിച്ചറിയൽ രേഖയും കാണിച്ച് എൻട്രി പാസ് നേടണം. ഫോട്ടോയും ബാർകോഡുമുള്ള പാസിൽ സന്ദർശകന്റെ പേരും ഇതര രേഖകളും രേഖപ്പെടുത്തിയ ശേഷം മാത്രമേ സന്ദർശകർക്ക് കോംപ്ലക്സിന് അകത്തു കടക്കനാവൂ. അകത്തു കടന്നാലും പിന്നെയും മൂന്നു പരിശോധനകൾ കൂടി ഉണ്ടാവും. ഇതെല്ലാം മറികടന്നാണ് മൈസൂരു സ്വദേശി മനോരഞ്ജൻ, ലക്നോ സ്വദേശി സാഗർ ശർമ എന്നിവർ അകത്തു കടന്ന് ഗ്യാസ് കിറ്റ് പൊട്ടിച്ചു പ്രധാനമന്ത്രിക്കെതിരേ മുദ്രവാക്യം മുഴക്കിയതും ലഘുലേഖകൾ വിതറയിയതും. അക്രമികൾ ലക്ഷ്യമാക്കിയത് സ്പീക്കർ ഓം ബിർളയുടെ ചെയർ ആയിരുന്നു എന്നും വ്യക്തമായിട്ടുണ്ട്. എംപിമാരുടെ ശക്തമായ ചെറുത്തു നില്പാണ് അക്രമികളുടെ ലക്ഷ്യം തകർത്തത്.
ഈ സമയത്ത് സഭാ മന്ദിരത്തിനു പുറത്തും രണ്ടു പേർ നിറമുള്ള വാതകം ചീറ്റിച്ചു മുദ്രാവാക്യം മുഴക്കുന്നുണ്ടായിരുന്നു. ഒരാൾ സംഭവങ്ങളുടെ വിഡിയോ ചിത്രങ്ങൾ പകർത്തി. അതിലൊന്ന് കോൽക്കത്തയിലുള്ള ഒരു വിദ്യാർഥിക്ക് അയച്ചു കൊടുത്ത ശേഷം സോഷ്യൽ മീഡിയയിൽ പങ്ക് വയ്ക്കാനും ആവശ്യപ്പെട്ടു. സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ട ഇവരിൽ ഒരാൾ പിന്നീടു പൊലീസിൽ കീഴടങ്ങുകയായിരുന്നു.
മുൻപും സമ്മേളന കാലത്ത് പാർലമെന്റിൽ ഇരച്ചു കയറാൻ പദ്ധതിയിട്ടിരുന്നു എന്നാണ് പ്രതികൾ പറയുന്നത്. പാർലമെന്റിലേക്കുള്ള പ്രവേശനത്തിനു സുരക്ഷാ പോരായ്മകൾ ഒരു വർഷമായി നിരീക്ഷിച്ചു വരികയായിരുന്നു എന്നും പ്രതികൾ പറഞ്ഞു. സംഭവവുമായി ആറുപേർക്കാണ് ബന്ധമെന്നാണ് ഇതുവരെയുള്ള വിവരം. എന്നാൽ അത്രയും ചെറിയൊരു സംഘത്തിൽ ഒതുങ്ങാനുള്ള ഒരു സാധ്യതയുമില്ല. സുരക്ഷയുടെ ഏത് ഉരുക്കു കോട്ട കെട്ടിയാലും അതെല്ലാം മറികടക്കാനുള്ള കെല്പുള്ളവരാണ് ഭീകരർ എന്നു തിരിച്ചറിയാത്തവരല്ല, ഭരണാധികാരികൾ. പക്ഷേ, തിരിച്ചറിഞ്ഞാൽ പോരാ, ഏതു തരത്തിലുള്ള ആക്രമണത്തെയും പ്രതിരോധിക്കാനും ചെറുത്ത് കീഴ്പ്പെടുത്താനും കഴിയണം.
അതിർത്തിയിൽ വീരജവാന്മാർ നടത്തുന്ന സർജിക്കൽ സട്രൈക്കിന്റെ പേരിൽ ഇന്ദ്രപ്രസ്ഥത്തിലെ സുഖശീതളിമയിലിരുന്നു പത്ര സമ്മേളനം നടത്തുന്നതല്ല, സ്വന്തം ഇരിപ്പിടവും ഭരണ സിരാകേന്ദ്രവുമായ പാർലമെന്റ് മന്ദിരമെങ്കിലും സംരക്ഷിക്കാനുള്ള ചങ്കുറപ്പ് വേണം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. അതിൽ വീഴ്ച പറ്റിയ സ്ഥിതിക്ക് പാർലമെന്റിൽ നേരിട്ടെത്തി ഒരു പ്രസ്താവനയെങ്കിലും നടത്തണമായിരുന്നു നമ്മുടെ പ്രധാനമന്ത്രി.