തകർന്നുവീഴുന്നു,
തത്വാധിഷ്ഠിത അഴിമതി വീര്യം
PIN POINT
ഡോ. ശൂരനാട് രാജശേഖരൻ
തത്വാധിഷ്ഠിത രാഷ്‌ട്രീയം പ്രാണവായുവിനെപ്പോലെ കൊണ്ടുനടക്കുകയും അതു പൊതുജനങ്ങൾക്കും അധികാരികൾക്കും മുന്നിൽ പരത്തിപ്പറഞ്ഞ് അഴിമതിയെ ഭംഗിയായി വെള്ളപൂശി മേനിനടിക്കുകയും ചെയ്യുന്ന വിരുതന്മാർ അനവധിയുണ്ട്. അതിന്റെ ആശാനാണു മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്ക്. കേരളത്തെ മുച്ചൂടും മുടിച്ചു കടക്കെണിയിലാഴ്ത്തിയ കിഫ്ബി സാമ്പത്തികത്തട്ടിപ്പ് പിടിക്കപ്പെട്ടപ്പോൾ, അതിന് ഉത്തരവാദി താൻ മാത്രമല്ലെന്നാണ് അദ്ദേഹത്തിന്റെ പുതിയ വാദം.
മുഖ്യമന്ത്രിക്കു കൂടി പങ്കുള്ളതു കൊണ്ട് ഈ കേസ് ഇല്ലാതാകുമെന്നാണോ തോമസ് ഐസക്ക് കരുതുന്നത്? അല്ലെങ്കിൽ മുഖ്യമന്ത്രി പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കപ്പെട്ടതു പോലെ തന്നെയും ഒഴിവാക്കണമെന്ന ഒരു അഭ്യർഥന അദ്ദേഹം മുന്നോട്ടു വയ്ക്കുന്നുവോ? രണ്ടായാലും അദ്ദേഹത്തിനു തെറ്റി. മസാല ബോണ്ടിൽ തോമസ് ഐസക്കിന് കുരുക്ക് മുറുകുകയാണ്. ഉയർന്ന പലിശ നിരക്കിൽ മസാല ബോണ്ടിറക്കി പണം സമാഹരിക്കുന്നതിനെ കിഫ്ബി യോഗത്തിൽ അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസും ധന സെക്രട്ടറിയായിരുന്ന മനോജ് ജോഷിയും എതിർത്ത മിനിട്ട്സ് പുറത്ത് വന്നതോടെ ഐസക്കിൻ്റെ പ്രതിരോധം പാളി. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ബോണ്ടിറക്കി പണം സമാഹരിക്കാൻ കിഫ് ബി സിഇഒ കിഫ് ബി ബോർഡിൻ്റെ അനുമതി തേടിയ യോഗത്തിലാണ് ചീഫ് സെക്രട്ടറിയും ധനസെക്രട്ടറിയും എതിർപ്പ് രേഖപ്പെടുത്തിയത്.
വിദേശ വിപണിയിൽ പലിശ നിരക്ക് കുറഞ്ഞു നിൽക്കുമ്പോൾ എന്തുകൊണ്ടാണ് മസാല ബോണ്ടിൻ്റെ പലിശ ഇത്ര മാത്രം ഉയർന്ന് നിൽക്കുന്നത് എന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ ചോദ്യം. നാണയ വിനിമയ നിരക്കുകളുടെ ഡേറ്റ പരിശോധിച്ചാൽ കുറഞ്ഞ നിരക്കിൽ ലഭിക്കുമോ എന്ന് കണ്ടെത്താനാകുമെന്നും ചീഫ് സെക്രട്ടറി യോഗത്തിൽ പറഞ്ഞിരുന്നു. രാജ്യത്തിനകത്ത് കുറഞ്ഞ പലിശക്ക് ബോണ്ടിറക്കി പണം സമാഹരിക്കാൻ കഴിയുമെന്നിരിക്കെ എന്തിന് കൂടിയ പലിശക്ക് ബോണ്ടിന് ശ്രമിക്കണം എന്ന നിർണായക ചോദ്യം ധനസെക്രട്ടറി മനോജ് ജോഷിയും ഉന്നയിച്ചു. പലിശ കൂടിയാലും രാജ്യാന്തര വിപണിയിൽ പ്രവേശിക്കാനുള്ള അവസരം ഉപയോഗിക്കണമെന്നായിരുന്നു തോമസ് ഐസക്കിന്റെ മറുപടി. അധ്യക്ഷത വഹിച്ച മുഖ്യമന്ത്രി മിണ്ടിയതുമില്ല.
മസാല ബോണ്ട് ഇറക്കുന്നതിൽ വ്യക്തിപരമായ റോളില്ല എന്ന ഐസക്കിൻ്റെ വാദം പച്ചകള്ളം എന്ന് തെളിയിക്കുന്നതാണ് പുറത്ത് വന്ന മിനിട്ട്സ്. മസാല ബോണ്ടിൽ ലാവലിൻ ബന്ധമുള്ള കനേഡിയൻ കമ്പനി സിഡിപിക്യു എങ്ങനെ എത്തി എന്നത് ഇപ്പോഴും ദുരൂഹം. ലാവലിൻ ബന്ധമുള്ള കനേഡിയൻ കമ്പനി സിഡിപി ക്യൂവിൻ്റെ 3 അംഗ പ്രതിനിധികളുടെ തിരുവനന്തപുരം സന്ദർശനത്തോടെയാണ് അഴിമതിയുടെ തുടക്കം. സിഡിപി ക്യൂ ബോണ്ടുകൾ മുഴുവനായി 2150 കോടി രൂപക്ക് വാങ്ങിയ ശേഷം ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത് വിൽപന നടത്തി. ഇതിലൂടെ കോടികളുടെ ലാഭം കമ്പനി നേടി. ഉയർന്ന പലിശയായ 9. 723 ശതമാനത്തിൽ മസാല ബോണ്ട് വഴി സമാഹരിച്ച 2150 കോടി തിരിച്ചടവ് പൂർത്തിയാകുമ്പോൾ കമ്പനിയുടെ അക്കൗണ്ടിൽ അധികമായി എത്തുന്നത് 1000 കോടിക്ക് മുകളിലാണ്.
ഇതുകൂടാതെയാണ് ഈ ബോണ്ടുകളുടെ വിൽപനയിലൂടെ ലഭിക്കുന്ന അധിക വരുമാനം കമ്പനിക്ക് ലഭിക്കുന്നത്. മസാല ബോണ്ടിൽ സിഡിപിക്യൂ കമ്പനിയുടെ ലാഭം 2000 കോടിക്ക് മുകളിൽ കടക്കുമെന്ന് വ്യക്തം. ഈ കച്ചവടത്തിൽ ഐസക്കിൻ്റെ പങ്ക് തെളിയിക്കുന്ന രേഖകൾ ഇഡി ക്ക് ലഭിച്ചു കഴിഞ്ഞു വെന്നാണ് സൂചന . ഐസക്കിൻ്റെ പ്രതിരോധം പാളിയതോടെ അറസ്റ്റ് ഏതു നിമിഷവും ഉണ്ടാകാം. കിഫ് ബി സിഇഒ കെ.എം എബ്രഹാമും പരിഭ്രാന്തിയിലാണ്. തോമസ് ഐസക്കിനെ ചോദ്യം ചെയ്താൽ സിഡിപിക്യു എങ്ങനെ എത്തി എന്ന് വ്യക്തമാകും. അത് തന്നെയാണ് എബ്രഹാമിൻ്റെ പേടിയും.
ഇന്ത്യൻ രൂപ മുഖവിലയിൽ വിദേശത്തു വിൽക്കുന്ന കടപ്പത്രമാണ് മസാല ബോണ്ട്. അന്താരാഷ്ട്ര ധനകാര്യ കോർപറേഷനാണ് ഇത്തരം ബോണ്ടുകൾക്ക് മസാല ബോണ്ട് എന്ന് പേരു നൽകിയത്. ഇത്തരം കടമെടുപ്പ് വിദേശ വായ്പയുടെ പരിധിയിൽ വരുമെന്ന് ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു തന്നെ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. നിയമസഭയിലും ഇക്കാര്യം ഉന്നയിച്ചു. എന്നാൽ അന്ന് അതെല്ലാം ധനമന്ത്രി ഡോ. തോമസ് ഐസക്ക് നിഷേധിച്ചു.
ഇതെല്ലാം മറന്നോ, മാറ്റിവച്ചോ ആണ് തനിക്കതിൽ പങ്കില്ലെന്ന വാദവുമായി ഡോ. തോമസ് ഐസക്കിന്റെ വരവ്. കിഫ്ബി മസാല ബോണ്ടിൽ തനിക്കു മാത്രമായി ഒരുത്തരവാദിത്വവുമില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. കിഫ്ബി രൂപീകരിച്ചതു മുതൽ അതിനു മുഖ്യമന്ത്രി അധ്യക്ഷനായ 17 അംഗ ഡയറക്റ്റർ ബോർഡ് അംഗങ്ങളുണ്ട്. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച എല്ലാ തീരുമാനങ്ങളും ഈ ബോർഡ് കൂട്ടായിട്ടാണ് എടുക്കുന്നത്. ധനമന്ത്രി എന്ന ഔദ്യോഗിക ഉത്തരവാദിത്വമല്ലാതെ ഇക്കാര്യത്തിൽ തനിക്കു മാത്രമായി ഒരധികാരവുമില്ലെന്നും ഇഡിക്കു നൽകിയ മറുപടിയിൽ അദ്ദേഹം വിശദമാക്കുന്നു. പക്ഷേ ഈ വാദത്തിന് അടിസ്ഥാനമില്ല.
കേരളത്തിന്റെ സാമ്പത്തിക നട്ടെല്ല് തകർക്കുമെന്ന് അറിയാമായിരുന്നിട്ടും കിഫ്ബി ബോർഡ് ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ എന്തുകൊണ്ട് അതിന് അനുമതി നൽകി എന്നതാണു ബില്യൻ ഡോളർ ചോദ്യം. അതിന്റെ അർഥം തോമസ് ഐസക്ക് കുറ്റവിമുക്തനാകുന്നു എന്നല്ല, അതേ നിലയ്ക്കു തന്നെ പിണറായി വിജയനും ഈ ഇടപാടിൽ പങ്കുണ്ട് എന്നു തന്നെയാണ്.
സിഡിപിക്യൂ എന്ന കനേഡിയൻ കമ്പനിയാണ് മസാലബോണ്ട് വാങ്ങിയത്. പിണറായി വിജയൻ പ്രതിയായ ലാവലിൻ കമ്പനിയുടെ 20% ഓഹരിയും സിഡിപിക്യൂവിനാണ്. ലാവലിന് കമ്പനിയിൽ 20 ശതമാനം ഓഹരി പങ്കാളിത്തമുള്ള ഒരു കനേഡിയൻ കമ്പനിക്കു കേരളത്തിന്റെ സാമ്പത്തികാടിത്തറ പണയപ്പെടുത്താനുണ്ടായ സാഹചര്യം ഇതിൽ നിന്നു വ്യക്തം. അതുകൊണ്ടാണ് മസാല ബോണ്ടിൽ താനല്ല കുറ്റക്കാരനെന്നും മുഖ്യമന്ത്രിക്കും നേരിട്ടു ബന്ധമുണ്ടെന്നും തോമസ് ഐസക്ക് തുറന്നു പറയുന്നത്.
ലാവലിൻ കമ്പനി തന്നെ വലിയൊരു കമ്മിഷൻ കമ്പനിയാണെന്ന് ഇതിനകം എല്ലാവരും അറിഞ്ഞ വസ്തുതയാണ്. പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയൻ കമ്പനിയായ എസ്എൻസി ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവലിൻ കേസിന് നിദാനം. പ്രസ്തുത കരാർ ലാവലിൻ കമ്പനിക്ക് നൽകുന്നതിന് പ്രത്യേക താല്പര്യം കാണിക്കുക വഴി സംസ്ഥാനത്തിന് 86.25 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടായിരിക്കാമെന്നാണ് ലാവലിൻ കേസിലെ പ്രധാന ആരോപണം. ഈ കേസിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതി. കേസ് 30ലേറെ തവണയാണു സുപ്രീം കോടതി വിധി പറയാൻ മാറ്റി വച്ചിരിക്കുന്നത്.
ഇത്രയും പ്രമാദമായ ഒരു കമ്പനിയിൽ 20 ശതമാനം ഓഹരി പങ്കാളിത്തമുള്ള വേറൊരു കമ്പനിക്കു സാമ്പത്തിക നേട്ടം ഉണ്ടാകുന്ന നടപടി സ്വീകരിക്കുമ്പോൾ പിന്നിലെ ഉദ്ദേശ്യം വ്യക്തം.
അതാണു കാളസർപ്പം പോലെ ഇഡിയുടെ രൂപത്തിൽ തോമസ് ഐസക്കിന്റെ മുന്നിൽ ഫണം വിടർത്തി നിൽക്കുന്നത്. എന്നെ കൊത്തല്ലേ, പിണറായി വിജയനടക്കം 16 പേരെയും കൊത്തിയിട്ടു മതി എന്നെ കൊത്തുന്നത് എന്ന ഭയപ്പാടിനു മുന്നിൽ വേറേ ആരൊക്കെ പേടിക്കുമെന്നു കണ്ടറിയണം.