കടലാഴം മുതൽ ആകാശം വരെ
കോൺഗ്രസ് തിരിച്ചുവരവിന്
- പിൻപോയിന്റ്
ഡോ. ശൂരനാട് രാജശേഖരൻ
"മഹാസമുദ്രത്തിന്റെ അത്യഗാധങ്ങൾ മുതൽ ആകാശാതിർത്തികൾക്കപ്പുറം വരെയുള്ള ഏതു വെല്ലുവിളിയും ഏറ്റെടുക്കാൻ നമുക്ക് കഴിയും. "
തന്റെ എഴുപത്തെട്ടാം ജന്മദിനത്തിൽ യുപിഎ അധ്യക്ഷ സോണിയ ഗാന്ധി പ്രകടിപ്പിച്ച ഈ ആത്മവിശ്വാസം ഓരോ കോൺഗ്രസ് പ്രവർത്തകനിലുമുണ്ടാക്കുന്ന ആവേശം ചെറുതല്ല. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ ചില തിരിച്ചടികൾക്കു നടുവിലും പ്രതീക്ഷ ഉണർത്തുന്ന ഒരുപാട് സന്ദേശങ്ങളുണ്ട്. രാജ്യത്താകമാനമായി ബിജെപി എന്ന വലതുപക്ഷ വർഗീയ ഫാസിസ്റ്റ് പ്രസ്ഥാനത്തെ നേരിടാൻ കഴിവുള്ള ഒരേയൊരു മതേതര രാഷ്‌ട്രീയ പാർട്ടി മാത്രമേ ഇന്ത്യയിലുള്ളൂ. അത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് മാത്രമാണെന്നതിന്റെ തെളിവുകൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം.
തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രകടനം പ്രതീക്ഷിച്ചതു പോലെ മെച്ചമായില്ല എന്നു സമ്മതിക്കാം. ഛത്തീസ്ഗഡിലും രാജസ്ഥാനിലും ഭരണം നിലനിർത്തുമെന്നും മധ്യപ്രദേശിലും തെലങ്കാനയിലും ഭരണം പിടിക്കുമെന്നുമായിരുന്നു പാർട്ടിയുടെ പ്രതീക്ഷ. പ്രമുഖ മാധ്യമങ്ങൾ നടത്തിയ എക്സിറ്റ് പോൾ ഫലങ്ങളും തെരഞ്ഞെടുപ്പ് സർവേകളും ഏറെക്കുറെ ആ വഴിക്കു തന്നെയായിരുന്നു.
എന്നാൽ, ഫലിച്ചത് ഒരു പ്രവചനം മാത്രം. തെലങ്കാനയിൽ കോൺഗ്രസ് ആദ്യമായി അധികാരത്തിലെത്തി. മറ്റു നാലിടത്തും പരാജയപ്പെടുകയും ചെയ്തു. അതുകൊണ്ട് ഇനി കോൺഗ്രസ് ഇല്ല എന്നു രാഷ്‌ട്രീയ ജാതകം കുറിക്കാൻ വരട്ടെ. ഒരൊറ്റ ചോദ്യത്തിൽ അതിനുത്തരം കിട്ടും. നമ്മുടെ രാജ്യത്ത് ബിജെപി ഉയർത്തുന്ന മതാധിഷ്ഠിത വെല്ലുവിളികൾക്ക് മറുപടി പറയാൻ കോൺഗ്രസ് അല്ലാതെ വേറേ ഏതു രാഷ്‌ട്രീയ കക്ഷിയുണ്ട്? തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ മിസാേറാമിലും തെലങ്കാനയിലുമൊഴികെ മൂന്നിടത്തും കോൺഗ്രസും ബിജെപിയും തമ്മിലായിരുന്നു നേരിട്ടുള്ള പോരാട്ടം. മറ്റൊരു കക്ഷിയും ചിത്രത്തിലേ ഇല്ല. തെലങ്കാനയിൽ കോൺഗ്രസ് അധികാരത്തിലെത്തി. മൂന്നിടത്ത് പ്രതിപക്ഷ നേതൃസ്ഥാനത്തും.
മിസോറാമിൽ രണ്ടു പ്രാദേശിക പാർട്ടികൾ തമ്മിൽ മത്സരിച്ച്, മുൻ കോൺഗ്രസ് നേതാവും പാർലമെന്റ് അംഗവുമായിരുന്ന ലാൽഡുഹോമയുടെ നേതൃത്വത്തിലുള്ള സൊറം പീപ്പിൾസ് മൂവ്മെന്റ് അധികാരത്തിലെത്തി. രണ്ടാം സ്ഥാനത്ത് മിസോ നാഷണൽ ഫ്രണ്ടും. അവിടെപ്പോലും കോൺഗ്രസിന് 20.82 ശതമാനം വോട്ട് കിട്ടി, ബിജെപിക്കു ലഭിച്ചത് 5.06 ശതമാനം വോട്ടുകളും.
ഇന്ത്യയുടെപകുതിയോളം സംസ്ഥാനങ്ങളിൽ പ്രാദേശിക കക്ഷികൾക്കാണു മുന്തൂക്കം. ചില സംസ്ഥാനങ്ങളിൽ ദേശീയ പാർട്ടികളെന്നു നടിക്കുന്ന ചില പ്രാദേശിക കക്ഷികളും. ഈ കക്ഷികളെല്ലാം ബിജെപിയുടെ മതാധിഷ്ഠിത ദേശീയതയെ എതിർക്കുന്നവരാണ്. അവരെല്ലാം കോൺഗ്രസിന്റെ മതേതര ജനാധിപത്യത്തെ അനുകൂലിച്ചാൽ 2024ൽ ചിത്രം മാറുമെന്ന് ഉറപ്പ്. അടുത്ത വർഷം നടക്കാനിരിക്കുന്ന ദേശീയ തെരഞ്ഞെടുപ്പിൽ ബിജെപി ഉയർത്തുന്ന മതാധിഷ്ഠിത വെല്ലുവിളി അതിജീവിക്കാൻ ഏതു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും കോൺഗ്രസ് തയാറാണെന്നു സോണിയ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഒരിക്കലും 2024ലെ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലല്ല. ഒരു സാധാരണ ലീഗ് മത്സരം മാത്രമായിരുന്നു. 2019ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോൺഗ്രസ് ഉജ്വല വിജയം നേടി. പക്ഷേ, ഏതാനും മാസങ്ങൾക്കു ശേഷം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ കോൺഗ്രസിനു സീറ്റൊന്നും ലഭിച്ചില്ല. മധ്യപ്രദേശിൽ ഒന്നും ഛത്തിസ്ഗഡിൽ രണ്ടും സീറ്റുകളാണ് ലഭിച്ചത്. അതുകൊണ്ട്, ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലം 2024ൽ ആവർത്തിക്കുമെന്ന് ബിജെപി കരുതേണ്ട.
ഇനി രാജസ്ഥാന്റെ കാര്യം. സച്ചിൻ പൈലറ്റും അശോക് ഗേലോട്ടും തമ്മിലുള്ള അഭിപ്രായ ഭിന്നത തെരഞ്ഞെടുപ്പിൽ പാർട്ടിയെ ബാധിച്ചു എന്നുതന്നെ പറയാം. അപ്പോഴും സംസ്ഥാനത്ത് ഭരണ വിരുദ്ധ തരംഗമോ കോൺഗ്രസ് വിരുദ്ധ വികാരമോ ആളിയതേയില്ല. കോൺഗ്രസും ബിജെപിയും തമ്മിലുള്ള വോട്ട് വ്യത്യാസം കഷ്ടിച്ച് 2.16 ശതമാനം മാത്രം. കോൺഗ്രസിന് 39.53 ശതമാനം വോട്ട് ലഭിച്ചപ്പോൾ ബിജെപിക്കു ലഭിച്ചത് 41.69 ശതമാനം വോട്ടുകൾ മാത്രം. ഇവിടെ 184 സീറ്റുകളിൽ മത്സരിച്ച ബഹുജൻ സമാജ് വാദി പാർട്ടിക്കു വിജയിക്കാനായത് രണ്ടേ രണ്ടു സീറ്റിൽ. അവരുടെ വോട്ട് വിഹിതം കഷ്ടിച്ച് 1.82 ശതമാനവും. 78 സീറ്റിൽ മത്സരിച്ച് ഒരിടത്തു മാത്രം വിജയിച്ച രാഷ്‌ട്രീയ ലോക് താന്ത്രിക് പാർട്ടി നേടിയത് 2.39 ശതമാനം വോട്ടുകളും. 17 സീറ്റുകളിൽ മത്സരിച്ച സിപിഎമ്മിന് രണ്ട് സിറ്റിംഗ് സീറ്റുകളടക്കം നഷ്ടപ്പെട്ടു.
ഛത്തിസ്ഗഡിലും ഇതായിരുന്നു സ്ഥിതി. കഷ്ടിച്ചു നാല് ശതമാനം വോട്ട് വ്യത്യാസത്തിലാണ് അവിടെ കോൺഗ്രസ് പിന്തള്ളപ്പെട്ടുപോയത്. അതേ സമയം കോൺഗ്രസ്- ബിജെപി വിരുദ്ധ ചേരികളെല്ലാം കൂടി ഒരു സീറ്റ് ലാഭത്തിൽ 11.5 ശതമാനം വോട്ടുകൾ കളഞ്ഞുകുളിച്ചു. കോൺഗ്രസും ബിആർഎസും തമ്മിൽ നേരിട്ട് ഏറ്റുമുട്ടിയ തെലങ്കാനയിൽ ബിജെപി നേടിയത് 13.90 ശതമാനം വോട്ടുകൾ മാത്രം.
ദേശീയ തലത്തിൽ വെറും അഞ്ചു ശതമാനം വോട്ട് വിഹിതം കോൺഗ്രസ് ചേരിക്കു കൂടുതൽ കിട്ടിയാൽ 2024ൽ ഇന്ത്യ സഖ്യം തീരുമാനിക്കുന്നയാളാകും ഇന്ത്യയുടെ പ്രധാനമന്ത്രിയെന്നു നിസംശയം പറയാം. ഈ അപകടം മണത്ത ബിജെപി പുതിയ അടവാണു പുറത്തെടുക്കുന്നത്. കർണാടകത്തിൽ ദയനീയമായി പരാജയപ്പെട്ട ജനതാ ദളു(ദേവഗൗഡ)മായി തെരഞ്ഞെടുപ്പിനു ശേഷം സഖ്യമുണ്ടാക്കിയ ബിജെപി ഇപ്പോൾ തെലങ്കാനയിലും സമാന നീക്കത്തിലാണ്. ബിആർഎസ് വോട്ടുകൾ സ്വന്തം കീശയിലാക്കാനുള്ള തന്ത്രം. പ്രതിപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ചു വിജയിക്കാമെന്നാണ് ബിജെപിയുടെ പുതിയ പ്രതീക്ഷ. അതാണു പ്രതിപക്ഷസഖ്യം മറികടക്കേണ്ടത്.
ഇതിലും മോശമായ സാഹചര്യങ്ങളിലൂടെ കടന്നു വന്നിട്ടുള്ള പാർട്ടിയാണ് കോൺഗ്രസ്. അടിയന്തിരാവസ്ഥയെ തുടർന്നുണ്ടായ തെരഞ്ഞെടുപ്പിൽ പാർട്ടി തോറ്റമ്പി. ഇനിയൊരിക്കലും കോൺഗ്രസ് തിരിച്ചു വരില്ലെന്നു കരുതിയിടത്താണ് 1980ൽ ഇന്ദാരാഗാന്ധി പാർട്ടിയെ അധികാരത്തിൽ തിരികെ കൊണ്ടു വന്നത്. അതും കഴിഞ്ഞ് നാലു തവണ നേരിട്ടും രണ്ടു തവണ മറ്റ് കക്ഷികളെ പിന്തുണച്ചും കോൺഗ്രസ് ഗവണ്മെന്റുകളുണ്ടാക്കി. അതേ സാഹചര്യമാണ് ഉടൻ വരുന്നത്. കോൺഗ്രസ് കാണിക്കുന്ന സഹിഷ്ണുതയുടെയും വിട്ടുവീഴ്ചയുടെയും രാഷ്‌ട്രീയം ഇന്ത്യാ സഖ്യത്തിലെ ഘടക കക്ഷികളും കാണിക്കണമെന്നു മാത്രം. അതാണ് കടലാഴങ്ങൾ മുതൽ ആകാശ സീമവരെയുള്ള വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള കഴിവ് പാർട്ടിക്കുണ്ടെന്നു പറയാൻ സോണിയാ ഗാന്ധിയെ പ്രേരിപ്പിക്കുന്നത്.
സമ്പൂർണ പ്രതിപക്ഷ ഐക്യത്തിന്റെ ആവശ്യവും സാധ്യതയുമാണ് ഇതെല്ലാം നൽകുന്ന സൂചന. സംയുക്ത പ്രതിപക്ഷ ഐക്യ മുന്നണി ഇന്ത്യ സഖ്യത്തിൽ 28 കക്ഷികളുണ്ട്. അവരെല്ലാം ഒറ്റക്കെട്ടായി നിന്നാൽ 5 മുതൽ 11 ശതമാനം വരെ വോട്ട് വിഹിതം കോൺഗ്രസ് ചേരിക്കു കൂടുതൽ കിട്ടും. ഈ വിഹിതം മാത്രം മതി 2024ൽ നരേന്ദ്ര മോദി ഭരണത്തെ മൂടോടെ പിഴുതെറിയാൻ. അതാണ് കോൺഗ്രസ് ഏറ്റെടുക്കുനന വെല്ലുവിളി. കോൺഗ്രസ് ഇല്ലാതെ മതേതര ഇന്ത്യ ഇല്ലെന്ന യാഥാർഥ്യമാണ് മതേതര കക്ഷികളെല്ലാം തിരിച്ചറിയേണ്ടത്.