കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയത് പിണറായി:തന്റെ വീടിന് മുന്നില്‍ ഫ്‌ളെക്‌സ് വെച്ചത് ജാള്യത മറയ്ക്കാനെന്ന് സതീശന്‍
തിരുവനന്തപുരം: കുഴല്‍പ്പണ കേസിലും തെരഞ്ഞെടുപ്പ് കോഴ കേസിലും കെ. സുരേന്ദ്രനെ രക്ഷിച്ചത് പിണറായി വിജയനാണെന്നും അതിന്റെ ജാള്യത മറയ്ക്കാനായാണ് തന്റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ ഫ്‌ളക്‌സ് ബോര്‍ഡ് വെച്ചതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ബി.ജെ.പി പ്രവര്‍ത്തകര്‍ എന്റെ വീടിന് മുന്നിലേക്ക് മാത്രമല്ല മുഖ്യമന്ത്രിയുടെ വീടിന് മുന്നിലേക്കും ബോര്‍ഡുമായി പോയി. മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് പോയവരെ ദേവസ്വം ജംഗ്ഷന് സമീപം പൊലീസ് തടഞ്ഞു. എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് ബോര്‍ഡ് വയ്ക്കാന്‍ വന്നവര്‍ക്ക് പൊലീസ് സൗകര്യം ഒരുക്കിക്കൊടുത്തു. ബി.ജെ.പി പ്രസിഡന്റിന്റെ ജാള്യതയിലാണ് അവര്‍ ഇത് ചെയ്തത്. പിണറായി വിജയന്റെ കാല് പിടിച്ച് ബി.ജെ.പി പ്രസിഡന്റ് രണ്ടു കേസുകളില്‍ നിന്നാണ് രക്ഷപ്പെട്ടത്.
എന്നിട്ട് ആ തൊപ്പി എന്റെ തലയില്‍ വയ്ക്കാന്‍ ശ്രമിച്ചാല്‍ എങ്ങനെയാണ് ശരിയാകുന്നത്. കുഴല്‍പ്പണ കേസിലും തിരഞ്ഞെടുപ്പ് കോഴ കേസിലും സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ഡീലിന്റെ ഭാഗമായാണ് സുരേന്ദ്രനെ ഒഴിവാക്കിക്കൊടുത്തത്. തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ഒരു വര്‍ഷത്തിനകം നല്‍കേണ്ട കുറ്റപത്രം 17 മാസത്തിനു ശേഷമാണ് പൊലീസ് നല്‍കിയത്. കുറ്റപത്രം വൈകിയിട്ടും ഡിലേ പെറ്റീഷന്‍ പോലും കോടതിയില്‍ നല്‍കിയില്ല. അതേത്തുടര്‍ന്നാണ് സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയത്. പിണറായി വിജയനും സുരേന്ദ്രനും തമ്മിലുള്ള ധാരണയെ തുടര്‍ന്നാണ് രണ്ടു കേസുകളില്‍ നിന്നും ഒഴിവാക്കയിത്. അതിന്റെ ജാള്യത തീര്‍ക്കാന്‍ എന്റെ വീടിന് മുന്നില്‍ ഫ്ളെക്സ് വച്ചിട്ട് എന്തു കാര്യമെന്നും അദ്ദേഹം ചോദിച്ചു.
ഉപതെരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിക്കപ്പെട്ടാല്‍ മണിക്കൂറുകള്‍ക്കകം യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ പേര് പ്രഖ്യാപിക്കുമെന്നും കൂടിയാലോചനകള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി.