കേന്ദ്രത്തിൽ ഇന്ത്യാസഖ്യം അധികാരത്തില്‍ എത്തരുതെന്ന് ആഗ്രഹിക്കുന്ന നേതാവാണ് പിണറായി ; എം.എം ഹസന്‍
കേന്ദ്രത്തിൽ ഇന്ത്യാസഖ്യം അധികാരത്തില്‍ എത്തരുതെന്ന് ആഗ്രഹിക്കുന്ന നേതാവാണ് പിണറായി. മതേതര സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമം ശക്തിപ്പെടുത്തുമെന്ന സിപിഎം പ്രകടനപത്രികയിലെ തീരുമാനത്തിന് വിലങ്ങുതടിയാകുന്ന തീരുമാനങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്നതെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടിയന്തരമായി ഇക്കാര്യത്തിൽ ഇടപെടണമെന്നും കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍.
പിണറായിക്ക് കേന്ദ്രം ബിജെപി ഭരിക്കുന്നതാണ് താത്പര്യം. പിണറായിയ്ക്ക് എതിരെയുള്ള അരഡസനോളം കേസുകള്‍ക്ക് സംരക്ഷണം നല്കുന്ന ബിജെപിയോട് സന്ധിചേർന്ന് അധികാരത്തല്‍ തുടരുകയുമാണെന്ന് ഹസന്‍ ചൂണ്ടിക്കാട്ടി. ഇന്ത്യാമുന്നണിയുടെ നിലപാടിനോട് ചേര്‍ന്നു നില്ക്കുന്നതാണ് സിപിഎമ്മിന്റെ പ്രകടന പത്രിക. എന്നാല്‍ കേരള മുഖ്യമന്ത്രിയെ ഇതൊന്നും ബാധിക്കുന്നേയില്ല.
കോൺഗ്രസിനെയും രാഹുല്ഗാന്ധിയെയും കുറ്റപ്പെടുത്താനാണ് അദ്ദേഹം വാ തുറക്കുന്നത്. ദേശീയപൗരത്വനിയമ ഭേദഗതിക്കെതിരേ ശബ്ദമുയർത്തിയ രാഹുല്‍ ഗാന്ധിക്കെതിരേ 18 കേസുകളുണ്ട് എന്നിട്ടും രാഹുല്‍ ഗാന്ധി ഈ വിഷയത്തില്‍ നിശബ്ദത പാലിക്കുകയാണെന്ന് മുഖ്യമന്ത്രി പ്രചരിപ്പിക്കുകയാണ്.
യുഎപിഎ നിയമം പ്രാകൃതമാണെന്ന് പ്രകടനപത്രികയില്‍ പറയുമ്പോള്‍, പിണറായി വിജയന്റെ ഏറ്റവും പ്രിയപ്പെട്ട കരിനിയമമാണിത്. അലന്‍, താഹ എന്നീ വിദ്യാര്‍ത്ഥികളെ ജയിലിടച്ച് അവരുടെ ജീവിതം തുലച്ചത് യുഎപിഎ ഉപയോഗിച്ചാണ്. മാവോയിസ്റ്റുകളെ ഏകപക്ഷീയമായി വെടിവച്ചുകൊന്നതും ഇത്തരം കരിനിയമങ്ങളുടെ ബലത്തിലാണെന്നും ഹസന്‍ പറഞ്ഞു.