നവകേരള ഗൂണ്ടായിസത്തിൽ ഒന്നാം പ്രതി പിണറായി; പ്രതിപക്ഷ നേതാവ്
കൊച്ചി: നവകേരള സദസുമായി ബന്ധപ്പെട്ട ആക്രമണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ വാഹനത്തിന് പിന്നാലെ സഞ്ചരിക്കുന്നത് സി.പി.എം ക്രിമിനൽ സംഘമാണ്. അവരാണ് പ്രതിഷേധക്കാരെ ആക്രമിക്കുന്നത്. പൊലീസ് ശ്രമിക്കുന്നത് പ്രതികളെയും കുറ്റവാളികളെയും രക്ഷിച്ചെടുക്കാനാണെന്നും സതീശൻ കുറ്റപ്പെടുത്തി. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവകേരള സദസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങളിലെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണ്. കണ്ണൂരിലെ അക്രമമവുമായി ബന്ധപ്പെട്ട് പൊലീസ് വധശ്രമത്തിന് കേസെടുത്തപ്പോഴും പൊലീസിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പറഞ്ഞത് അത് ജീവൻരക്ഷാ പ്രവർത്തനമാണെന്നും അക്രമികളെ അഭിനന്ദിക്കുകയാണെന്നും ഇനിയും തുടരണമെന്നുമാണ്. ഇപ്പോൾ സ്വന്തം പാർട്ടിക്കാരനു നേരെയായി ജീവൻരക്ഷാപ്രവർത്തനം. നൂറുകണക്കിന് പൊലീസ് അകമ്പടി വാഹനങ്ങളെ കൂടാതെ മാരകായുധങ്ങളുമായുള്ള എസ്‌കോർട്ട് വാഹനങ്ങളുമായാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്നത്. മുഖ്യമന്ത്രിയുടെ വാഹനത്തിന് പിന്നാലെയുള്ള ടെംമ്പോ ട്രാവലറുകളിൽ സി.പി.എം ക്രിമിനൽ സംഘമാണ് യാത്ര ചെയ്യുന്നത്. ഇവരാണ് റോഡരുകിൽ കരിങ്കൊടി കാട്ടി പ്രതിഷേധിക്കുന്നവരെ ക്രൂരമായി ആക്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
കൊച്ചി മറൈൻ ഡ്രൈവിൽ നവകേരള സദസിൽ പങ്കെടുക്കാൻ വന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകനെയാണ് ക്രൂരമായി മർദ്ദിച്ചത്. ഡി.വൈ.എഫ്.ഐ പ്രവർത്തകനെ പേപ്പട്ടിയെ പോലെയാണ് ഈ അക്രമിസംഘം തല്ലിച്ചതച്ചത്. ഞാൻ സി.പി.എമ്മുകാരനാണെന്ന് നിലവിളിച്ചിട്ടും എഴുന്നേറ്റ് നടക്കാൻ പറ്റാത്ത തരത്തിൽ നിലത്തിട്ട് ചവിട്ടിക്കൂട്ടി. മുഖ്യമന്ത്രി നൽകിയ ധൈര്യമാണ് ക്രിമിനലുകൾക്ക് അഴിഞ്ഞാടാനുള്ള സാഹചര്യം ഒരുക്കിയത്. ഇങ്ങനെയൊരു മുഖ്യമന്ത്രി കേരളത്തിൽ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിക്ക് ക്രിമിനൽ മനസാണ്. ഇപ്പോഴും മുഖ്യമന്ത്രി അക്രമത്തെ ന്യായീകരിക്കുകയാണ്. മന്ത്രിമാർക്കെതിരെ കേരളത്തിൽ ഏറ്റവും കൂടുതൽ കരിങ്കൊടി കാട്ടിയിട്ടുള്ള സി.പി.എമ്മാണ് പ്രതിഷേധക്കാരെ ആക്രമിക്കുന്നത്. മഹാരാജാവിന്റെ എഴുന്നള്ളത്താണ് ഇപ്പോൾ നടക്കുന്നത്.
സ്വന്തക്കാരെ മുഴുവൻ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് വ്യാജരേഖ ചമച്ച എസ്.എഫ്.ഐ വനിതാ നേതാവിനെതിരെ ഇതുവരെ കുറ്റപത്രം സമർപ്പിക്കാത്തത്. റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടും കുറ്റവാളിക്കെതിരെ നടപടിയില്ല. ക്രിമിനലുകളായ സ്വന്തക്കാരെ ചേർത്ത് നിർത്തുകയാണ് മുഖ്യമന്ത്രി. അതുകൊണ്ടാണ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിലും യുവഡോക്ടറുടെ ആത്മഹത്യയിലും ദുരൂഹതകൾ നിലനിൽക്കുന്നതെന്നും സതീശൻ ചൂണ്ടിക്കാട്ടി.