കോടതി കുറ്റക്കാരനായി വിധിച്ചിട്ടും പി.വി അൻവർ പിണറായിക്കു വിശുദ്ധൻ, പഴി മാധ്യമങ്ങൾക്ക്
തിരുവനന്തപുരം: പി വി അൻവറിന്റെ അനധികൃത ഭൂമി വിഷയത്തിൽ താൻ പ്രതികരിക്കുമെന്ന് മാധ്യമങ്ങൾ കരുതേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അൻവറിനോട് ചില മാധ്യമപ്രവർത്തകർക്ക് വിരോധമുണ്ട്. നിങ്ങൾ അതുംകൊണ്ട് നടന്നോ ഞാൻ മറുപടി പറയുമെന്ന് കരുതേണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
അതേ സമയം, പി.വി.അൻവറിനെതിരായ മിച്ചഭൂമി കേസിൽ വീണ്ടും ഹൈക്കോടതിയെ സമീപിക്കാനാരുങ്ങി വിവരാവകാശ പ്രവർത്തകൻ കെവി ഷാജി. നിയമവിരുദ്ധമായ ഇളവുകൾ നൽകി ലാൻഡ് ബോർഡ് അൻവറിനെ സഹായിച്ചെന്നാണ് ഷാജിയുടെ ആരോപണം. കണ്ടെത്തിയ മിച്ചഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക് നൽകണമെന്നാവശ്യപ്പെട്ട് ഷാജി നവകേരള സദസിലും പരാതി നൽകിയിരുന്നു.
പി.വി അൻവറും കുടുംബവും കൈവശം വെക്കുന്ന 6.24 ഏക്കർ മിച്ച ഭൂമി സർക്കാരിലേക്ക് കണ്ടുകെട്ടാൻ താമരശേരി താലൂക്ക് ലാൻഡ് ബോർഡ് ഉത്തരവിട്ടിട്ട് രണ്ട് മാസം കഴിഞ്ഞു. അൻവർ മിച്ച ഭൂമി സ്വമേധയാ സർക്കാരിലേക്ക് നൽകണമെന്നും അല്ലാത്തപക്ഷം ഒരാഴ്ചക്കകം തഹസിൽദാർമാർ ഭൂമി കണ്ടുകെട്ടണമെന്നുമായിരുന്നു ഉത്തരവ്. എന്നാൽ ലാൻഡ് ബോർഡും റവന്യൂ വകുപ്പും അൻവറിന് വേണ്ടി ഒത്തുകളിക്കുന്നുവെന്നാണ് പരാതിക്കാരനായ കെവി ഷാജിയുടെ ആരോപണം. ഭൂപരിഷ്കരണ നിയമത്തെ അട്ടിമറിച്ചാണ് ലാൻഡ് ബോർഡ് ഇളവുകൾ നൽകിയത്. പെരകമണ്ണ വില്ലേജിൽ അൻവറിൻറെ ആദ്യഭാര്യ ഷീജയുടെ ഉടമസ്ഥതയിലുള്ള 18.78സെന്റ് സ്ഥലത്ത് മുസ്ലീം പള്ളിയും പീടിക മുറിയുമുണ്ടെന്ന് പറഞ്ഞാണ് ഈ ഭൂമിക്ക് ഭൂപരിഷ്‌ക്കരണ നിയമത്തിൽ ഇളവ് അനുവദിച്ചത്.