സൂര്യനുമല്ല ചന്ദ്രനുമല്ല, കറുത്ത മേഘമായി പിണറായി വിജയന്‍: കെ. മുരളീധരന്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ മലപ്പുറം ജില്ലയുടെ പേര് പറയുന്നത് ആര്‍.എസ്.എസുകാരെ സന്തോഷിപ്പിക്കാന്‍ വേണ്ടിയെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ കെ. മുരളീധരന്‍. ഭൂരിപക്ഷ വര്‍ഗീയതയെ കൈക്കൊള്ളുന്ന സമീപനമാണ് ഇപ്പോള്‍ സി.പി.എമ്മിന്റേത്. മുഖ്യമന്ത്രി ഇപ്പോള്‍ സൂര്യനുമല്ല ചന്ദ്രനുമല്ല, കറുത്ത മേഘമായി. പ്രസ്ഥാനത്തെ രക്ഷപെടുത്താനെങ്കിലും പിണറായി ഒഴിഞ്ഞുപോകണമെന്ന് മുരളീധരന്‍ പറഞ്ഞു.
''കഴിഞ്ഞ കുറച്ചുനാളുകളായി മുഖ്യമന്ത്രിയുടെയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെയും പ്രസ്താവനകള്‍ ആര്‍.എസ്.എസ് ശൈലിയിലാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം ഭൂരിപക്ഷ വര്‍ഗീയതയെ കൈക്കൊള്ളുന്ന സമീപനമാണ് ഇപ്പോള്‍ അവര്‍ക്കുള്ളത്. പി.ആര്‍. ഏജന്‍സിക്കാര്‍ സമീപിച്ചതു പ്രകാരമാണ് മലപ്പുറത്തെ സംബന്ധിച്ച പരാമര്‍ശം നല്‍കിയതെന്ന് ഹിന്ദു പത്രത്തിന്റെ വിശദീകരണത്തില്‍ പറയുന്നു. പി.ആര്‍ ഏജന്‍സിക്കെതിരെ രാജ്യദ്രോഹത്തിനു കേസെടുക്കാന്‍ പിണറായി നിര്‍ദേശിക്കണം.
മലപ്പുറം ജില്ല എന്ന് മുഖ്യമന്ത്രി പ്രത്യേകം എടുത്തുപറയുന്നത് ആര്‍.എസ്.എസുകാരെ സന്തോഷിപ്പിക്കാന്‍ വേണ്ടിയല്ലേ. നേരിട്ടുപറയാനുള്ളത് ഏജന്‍സി വഴി മുഖ്യമന്ത്രി പറഞ്ഞെന്നാണ് ഞങ്ങള്‍ അനുമാനിക്കുന്നത്. അതല്ലെങ്കില്‍ ഏജന്‍സിക്കെതിരെ കേസെടുക്കണം. ആദ്യമായാണ് ഒരു കമ്യൂണിസ്റ്റ് സര്‍ക്കാര്‍ പി.ആര്‍ ഏജന്‍സിയെ ഉപയോഗിക്കുന്നത്. കാള്‍ മാര്‍ക്‌സോ ഏംഗല്‍സോ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ അവര്‍ പിണറായിയെ എന്തായിരുന്നു ചെയ്യുകയെന്ന് ഇപ്പോള്‍ പറയുന്നില്ല. മുഖ്യമന്ത്രി ഇപ്പോള്‍ സൂര്യനുമല്ല ചന്ദ്രനുമല്ല, കറുത്ത മേഘമായി. കറുത്ത മേഘം മഴ പെയ്യിക്കുകയെങ്കിലും ചെയ്യും. ഇത് അതിനും ഗുണമില്ല. അതുകൊണ്ട് എത്രയും വേഗം ഒഴിഞ്ഞുപോവുക. അദ്ദേഹത്തിന്റെ പ്രസ്ഥാനത്തെ രക്ഷപ്പെടുത്തുക'' -മുരളീധരന്‍ പറഞ്ഞു.