ഹേമാ കമ്മീഷന്‍ പറഞ്ഞ പവര്‍ ഗ്രൂപ്പംഗം മന്ത്രിസഭയില്‍ ഉണ്ടോ...?
ധനുര്‍ധാരി
അഭ്രപാളികളില്‍ അരങ്ങു തകര്‍ത്താടുന്ന ആരെ രക്ഷിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പൂഴ്ത്തിയത്? സ്വ പക്ഷത്തെ എംഎല്‍എയോ അതോ കൂടെയുള്ള മന്ത്രിയോ ആരാണാ നടന വിസ്മയം. അറിയാന്‍ ആഗ്രഹമുണ്ട് ഹേ, പ്രബുദ്ധരെന്ന് സ്വയം അഭിമാനംകൊള്ളുന്ന മലയാളിയുടെ മുഖത്തടിച്ചാണ് ഹേമ കമ്മീഷന്‍ തങ്ങളുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കിട്ടിയ പാടേ ബാലന്‍ മന്ത്രിയും ഇപ്പോഴത്തെ മന്ത്രിയും ഒക്കെ വായിച്ചു കാണണം. സ്വന്തക്കാരെ ആരെയോ രക്ഷിക്കാന്‍ വേണ്ടി അഞ്ച് വര്‍ഷം റിപ്പോര്‍ട്ട് പൂഴ്ത്തി ഒടുവില്‍ ഗത്യന്തരമില്ലാതെ കോടതിയെ ഭയന്ന് പുറത്ത് വിട്ടു. പേര് വെളിപ്പെടുത്തില്ലത്രെ. പേര് ഉണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്; ഹേമ കമ്മീഷന്‍ എന്നതിലെ ഹേമ പേരല്ലേ എന്ന മറുചോദ്യം സോഷ്യല്‍ മീഡിയ സഖാക്കള്‍ ചോദിച്ചു തുടങ്ങി. 2019 ല്‍ നമ്മുടെ ടീച്ചര്‍ അമ്മയൊക്കെ മന്ത്രിസഭയില്‍ ഉണ്ടായിരുന്ന കാലമാണ്; വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ വനിതാ മതില്‍ കെട്ടാന്‍ ഒരുങ്ങുന്ന കാലം; എന്നിട്ടും ഇത്രയും ഞെട്ടിക്കുന്ന ഒരു റിപ്പോര്‍ട്ട് അലമാരയില്‍ വച്ചു പൂട്ടാന്‍ കാണിച്ച ഇരട്ട ചങ്കിനെ സമ്മതിക്കണം. സിനിമാ നടിമാര്‍ ഒന്നും തന്നെ സ്ത്രീകള്‍ അല്ല, ജോലി സ്ഥലത്തെ പീഡനങ്ങളും, അക്രമങ്ങളും അവര്‍ക്ക് ബാധകമല്ല എന്നുമൊക്കെ തൊഴിലാളി വര്‍ഗ പ്രസ്ഥാനം നാട് ഭരിക്കുമ്പോള്‍ തോന്നിയെങ്കില്‍ അത് ആരെയോ രക്ഷിക്കാനാണ്. ഞങ്ങള്‍ പീഡിപ്പിക്കും ഞങ്ങള്‍ അന്വേഷിക്കും ഞങ്ങള്‍ അന്വേഷണ റിപ്പോര്‍ട്ട് ഒളിപ്പിക്കും എന്ന പാര്‍ട്ടി ലൈന്‍ ഇവിടെയും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചു; പക്ഷേ കോടതി തിരുത്തി.231 പേജില്‍ പതിനേഴോളം ഗുരുതരമായ ആരോപണങ്ങളാണ് മലയാളികളെയാകെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ട് പുറത്ത് വന്നിട്ടുള്ളത്. അതില്‍ പ്രമുഖ നടന്മാരും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്ന ആഭാസ കൂട്ടങ്ങളും പ്രതിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ഹേമ കമ്മീക്ഷന്‍ അവരുടെയൊക്കെ പേര് പരാമര്‍ശിച്ചിട്ടുണ്ടോ എന്ന് വെളിപ്പെട്ടിട്ടില്ല.
പരാതിക്കാരികളായ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അഡ്ജസ്റ്റ്‌മെന്റും, കോമ്പ്രമൈസും എന്നൊക്കെ പേരിട്ട അശ്ലീലം പ്രോത്സാഹിപ്പിക്കുവാനാണോ സര്‍ക്കാര്‍ ഇത്രയും കാലം ഈ റിപ്പോര്‍ട്ട് പൂഴ്ത്തിയത്? ലോക സിനിമയെ തന്നെ വെല്ലുന്ന മികച്ച കലാകാരന്മാരും കലാകാരികളും കഥകളും ഉള്ള മലയാള സിനിമാ വ്യവസായമേഖലയെ നിയന്ത്രിക്കുന്നത് ആരാണ്? ആരാണ് നിയമത്തിനു അതീതന്‍. താരരാജാക്കന്മാര്‍ എന്നത് എന്ത് നെറികേടും കാണിക്കാനുള്ള ലൈസന്‍സോ, കുറ്റം ചെയ്തവര്‍ക്കൊപ്പം ശിഷാര്‍ഹര്‍ ആണ് കുറ്റം മറച്ചു വച്ചവരും അതിനാല്‍ ഗുരുതരമായ ആരോപണങ്ങള്‍ നിറഞ്ഞ ഈ റിപ്പോര്‍ട്ട് ഇത്രനാള്‍ നടപടി ഇല്ലാതെ പൊതിഞ്ഞു സൂക്ഷിച്ച പിണറായി സര്‍ക്കാര്‍ ആണ് ഒന്നാം പ്രതി എന്നത് സംശയമേതും ഇല്ലാത്ത കാര്യമാണ്.സഹപ്രവര്‍ത്തകരോട് വളരെ മാന്യമായി പെരുമാറുന്ന സ്വന്തം ജോലിയില്‍ മാത്രം ശ്രദ്ധ പുലര്‍ത്തി പോരുന്ന ഒട്ടനവധി നടന്മാരുണ്ട്. അവരെയൊക്കെ സമൂഹമധ്യത്തില്‍ കരിവാരി തേയ്ക്കുന്ന തരത്തില്‍ പ്രമുഖ നടന്‍ എന്ന ക്ലിക്ഷേ ഒഴിവാക്കി ആരാണ് കുറ്റം ചെയ്തത് അവരുടെ പേര് പരസ്യമാക്കി ശിക്ഷ കൊടുക്കണം; അല്ലാതെ കൂട്ടത്തില്‍ ഉള്ളവര്‍ കുറ്റം ചെയ്താല്‍ കൂടെ നിര്‍ത്തി കുളിപ്പിച്ച് എടുക്കുന്ന പരിപാടി ശരിയല്ല. സിനിമാമേഖലയിലെ എല്ലാ കുത്സിത പ്രവര്‍ത്തനങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിക്കുന്ന പവര്‍ ഗ്രൂപ്പില്‍ മന്ത്രി സഭയിലെ ഒരംഗവും ഭരണ കക്ഷി എംഎല്‍എയും ഉണ്ടെങ്കില്‍ അത് വെളുപ്പെടുത്തി അന്വേഷണം പ്രഖ്യാപിക്കണം.അതിനുള്ള ഇരട്ട ചങ്ക് പിണറായി കാണിക്കുമോ എന്ന് കണ്ടറിയണം.പണ്ട് ബ്രണ്ണന്‍ കോളേജില്‍ കത്തിക്കും തോക്കിനും ഇടയിലൂടെ ധീരതയോടെ നടന്നു പോയ ആ പഴയ പിണറായി സഖാവിന്റെ ധീരത അളക്കാനുള്ള മെഷീന്‍ ആണ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്. പണ്ടത്തെ വീര്യം ഒട്ടും കുറഞ്ഞിട്ടില്ല എന്ന് നാട്ടുകാരെ ബോധ്യപെടുത്താന്‍ എങ്കിലും സഖാവേ നടപടി എടുക്കണം മറിച്ചെങ്കില്‍ കത്തിയുടെ പാത്തി കണ്ടപ്പോള്‍ തന്നെ ഇട്ടിരുന്ന ചുവന്ന നിക്കര്‍ നനഞ്ഞു എന്ന് അസൂയക്കാര്‍ പറയുന്ന കഥകള്‍ സത്യമാണെന്ന് വരും. അതുകൊണ്ട് കാഫിര്‍ പോസ്റ്റ് സോഷ്യല്‍ ടീംസിന് അഭിമാനിക്കാനെങ്കിലും നടപടിയെടുക്കൂ സഖാവേ!