പൊലീസ് സേനയ്ക്ക് അവമതിപ്പുണ്ടാക്കുന്ന ആരും സര്‍വീസില്‍ തുടരില്ലെന്ന് പിണറായി വിജയന്‍
തിരുവനന്തപുരം: പൊലീസ് സേനക്ക് അവമതിപ്പുണ്ടാക്കുന്ന ആരും സര്‍വീസില്‍ തുടരില്ലെന്നും കുറ്റക്കാരെ പിരിച്ചുവിടുന്ന നടപടികള്‍ തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍ക്കും നിര്‍ഭയമായി കടന്നുചെല്ലാനാകുന്ന ഇടമായി പൊലീസ് സ്റ്റേഷനുകള്‍ മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള പൊലീസ് രൂപീകരണ വാര്‍ഷികത്തോട് അനുബന്ധിച്ച് സേനാംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
''ജനങ്ങളുടെ സേവകരാകേണ്ട ഈ സേനയില്‍ ചിലര്‍ ജനങ്ങളുടെ യജമാനന്മാരാണ് എന്ന രീതിയില്‍ പെരുമാറുകയാണ്. ഇത് സേനയെ കളങ്കപ്പെടുത്തുന്ന നിലപാടാണ്. ആ പെരുമാറ്റം ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും മുഖം നോക്കാതെ നടപടിയുണ്ടാകും. സേനയുടെ സംശുദ്ധിയെ ബാധിക്കുന്ന തരം പ്രവൃത്തിയില്‍ ഏര്‍പ്പെടുന്ന ഒരാളും സര്‍വീസില്‍ വേണ്ടെന്നു തന്നെയാണ് സര്‍ക്കാറിന്റെ നിലപാട്. ജനങ്ങള്‍ക്കിടയില്‍ അവമതിപ്പ് ഉണ്ടാക്കുന്നവരെ കണ്ടെത്താന്‍ പ്രത്യേക നടപടി തന്നെ സ്വീകരിച്ച് വരുന്നുണ്ട്. സേനക്ക് യോജിക്കാത്ത പ്രവര്‍ത്തനം കാഴ്ചവെച്ച 108 പേരെ പിരിച്ചുവിട്ടു.
രാജ്യത്തെ ഏറ്റവും മികച്ച സേനയാണ് കേരള പൊലീസ്. കേരള രൂപീകരണം മുതല്‍ കേരള പൊലീസ് വരിച്ച വളര്‍ച്ച സമാനതകള്‍ ഇല്ലാത്തതാണ്. എല്ലാവര്‍ക്കും നീതി ഉറപ്പാക്കുക എന്നതാണ് പൊലീസിന്റെ ലക്ഷ്യം. ഇടത് സര്‍ക്കാരുകള്‍ക്ക് കൃത്യമായ പൊലീസ് നയം എല്ലാക്കാലത്തും ഉണ്ടായിരുന്നു. രാജ്യത്തെ ഏറ്റവും മികച്ച സേനയായി കേരള പൊലീസ് എട്ട് വര്‍ഷം കൊണ്ട് വളര്‍ന്നു. ആര്‍ക്കും ഏത് സമയവും സമീപിക്കാവുന്ന ഇടമായി പൊലീസ് സ്റ്റേഷനുകള്‍ മാറി'' -മുഖ്യമന്ത്രി പറഞ്ഞു.
പൊലീസിന്റെ വിവിധ സര്‍വീസുകളില്‍ മികച്ച സേവനം കാഴ്ചവെച്ചവര്‍ക്ക് മുഖ്യമന്ത്രി മെഡലുകള്‍ വിതരണം ചെയ്തു. എസ്.എ.പി ഗ്രൗണ്ടില്‍ പൊലീസ് സേന രൂപീകരണ വാര്‍ഷിക ചടങ്ങിലാണ് മെഡലുകള്‍ വിതരണം ചെയ്തത്. അന്വേഷണം നേരിടുന്ന എ.ഡി.ജി.പി എം.ആര്‍. അജിത്കുമാര്‍, ഡിവൈ.എസ്.പി അനീഷ് എന്നിവര്‍ക്ക് മെഡല്‍ നല്‍കിയില്ല. ആകെ 266 ഉദ്യോഗസ്ഥര്‍ക്കാണ് മെഡലുകള്‍ വിതരണം ചെയ്തതത്. പൊലീസ് സേന രൂപീകരണ വാഷികത്തോടനുബന്ധിച്ച് നടന്ന പരേഡില്‍ മുഖ്യമന്ത്രി സല്യൂട്ട് ഏറ്റുവാങ്ങി.