അന്തസുള്ള രാഷ്ട്രീയക്കാരൻ്റെ മാന്യത കാണിക്കാൻ പിണറായി വിജയൻ തയ്യാറാകണം; കെ. സുധാകരൻ എംപി
കണ്ണൂർ: കോൺഗ്രസിനെ ഇല്ലാതാക്കാൻ സിപിഎമ്മിന് കഴിയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി. അന്തസുള്ള രാഷ്ട്രീയക്കാരൻ്റെ മാന്യത കാണിക്കാൻ പിണറായി വിജയൻ തയ്യാറാകണമെന്നും കെ. സുധാകരൻ പറഞ്ഞു. കണ്ണൂർ പിണറായി വെണ്ടുട്ടായിയിലെ പ്രിയദർശിനി മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉദ്ഘാടന ദിവസമായ ഇന്ന് പുലർച്ചെയാണ് പ്രിയദർശിനി മന്ദിരം സിപിഎം പ്രവർത്തകർ തകർത്തത്. അന്തസ്സില്ലാത്ത പരിപാടി കാണിച്ച സിപിഎമ്മിന് തിരിച്ചടിച്ചുകൊണ്ട് അതേ മന്ദിരത്ത് വെച്ച് തന്നെ സുധാകരൻ എംപി ഉദ്ഘാടനം ചെയ്തു. പിണറായി വിജയന്റെ നാട്ടിൽ സമാധാനപരമായി രാഷ്ട്രീയ പ്രവർത്തനം നടത്താൻ കഴിയുന്നില്ല. അന്തസ്സ് ഉള്ള രാഷ്ട്രീയക്കാരൻ്റെ മാന്യത കാണിക്കാൻ പിണറായി വിജയൻ തയ്യാറാവണം. സിപിഎമ്മിന്റെ ഓഫിസ് തകർക്കാൻ നമ്മുടെ പത്ത് കുട്ടികൾ വിചാരിച്ചാൽ മതി. അക്രമത്തിന് അക്രമം പരിഹാരമല്ല എന്ന് വിശ്വസിക്കുന്ന പ്രസ്ഥാനമാണ് കോൺഗ്രസ് എന്നും അദ്ദേഹം വ്യക്തമാക്കി.
സമാധാനപരമായി രാഷ്ട്രീയ പ്രവർത്തനം നടത്താൻ ഇവിടത്തെ സിപിഎം തയ്യാറാവണമെന്നും സമാധാനപരമായ രാഷ്ട്രീയ പ്രവർത്തനമാണ് ഞങ്ങളുടെ വഴി അത് വേണ്ടെന്ന് നിങ്ങൾ വാശി പിടിച്ചാൽ ആ വഴി പോകാൻ ഞങ്ങൾ മടിക്കില്ലെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.