പ്ലസ് വൺ പ്രവേശനം; കേന്ദ്ര സിലബസുകാരുടെ എണ്ണത്തിൽ വൻ കുറവ്
ഹരിപ്പാട്: എസ്.എസ്.എൽ.സി പരീക്ഷ ജയിച്ചവരിൽ 85 ശതമാനവും സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിൽ പ്ലസ്‌വണ്ണിന് ചേർന്നപ്പോൾ കേന്ദ്രസിലബസിൽ നിന്നുള്ള വിദ്യാർഥികളുടെ എണ്ണം കുറഞ്ഞു.
സി.ബി.എസ്.ഇ. പത്താംക്ലാസ് ജയിച്ചവരിൽ 19,382 പേരും ഐ.സി.എസ്.ഇ.യിൽ നിന്നുള്ള 2,385 പേരുമാണ് ഇത്തവണ സംസ്ഥാനത്തെ ഹയർസെക്കൻഡറി സ്കൂളുകളിൽ ചേർന്നത്. അതേസമയം, 2023 -ൽ സി.ബി.എസ്.ഇ. പത്താംക്ലാസ് ജയിച്ച 23,775 കുട്ടികൾ പ്രവേശനം നേടിയിരുന്നു. ഇത്തവണ 4,393 കുട്ടികളുടെ കുറവ്. ഐ.സി.എസ്.ഇ.യിൽനിന്ന് കഴിഞ്ഞവർഷം ചേർന്നത് 2,486 പേരാണെങ്കിൽ ഇത്തവണ 101 പേരുടെ കുറവുണ്ടായി.
ഇത്തവണ എസ്.എസ്.എൽ.സി. പരീക്ഷ ജയിച്ചത് 4,25,565 കുട്ടികളാണ്. ഇവരിൽ 3,61,338 പേർ സർക്കാർ നിയന്ത്രിത സ്കൂളുകളിൽത്തന്നെ ചേർന്നിട്ടുണ്ട്. മലപ്പുറം ജില്ലയിലാണ് ഏറ്റവുമധികം കുട്ടികൾ പ്ലസ്‌വണിനു ചേർന്നത്. 68,026 പേർ. അവിടെ ഇത്തവണ എസ്.എസ്.എൽ.സി. ജയിച്ചവർ 79,730 ആണ്.