Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പ്ലസ്‌വണ്‍ സീറ്റ് പ്രതിസന്ധി: മലപ്പുറത്ത് 7478 സീറ്റ് കുറവെന്ന് വിദ്യാഭ്യാസ മന്ത്രി

04:23 PM Jun 25, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: പ്ലസ്‌വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ മലപ്പുറത്ത് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പുതിയ താല്‍ക്കാലിക ബാച്ച് അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സ്ഥിരം ബാച്ച് അനുവദിക്കുന്ന കാര്യത്തില്‍ ഇപ്പോള്‍ തീരുമാനമില്ല. വിഷയം പഠിക്കാന്‍ വിദ്യാഭ്യാസ ജോയന്റ് ഡയറക്ടറും മലപ്പുറം ആര്‍.ഡി.ഡിയും ഉള്‍പ്പെട്ട രണ്ടംഗ സമിതിയെ നിയോഗിക്കും. ആവശ്യമെങ്കില്‍ അധിക ബാച്ച് അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 15 വിദ്യാര്‍ഥി സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനങ്ങളുണ്ടായത്.

Advertisement

മലപ്പുറത്ത് 7478, പാലക്കാട് 1757, കാസര്‍കോട് 252 എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ സീറ്റുകള്‍ കുറവുള്ളതെന്ന് മന്ത്രി അറിയിച്ചു. ബാക്കി ജില്ലകളില്‍ സപ്ലിമെന്ററി അലോട്ട്‌മെന്റോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. സപ്ലിമെന്ററി അലോട്ട്‌മെന്റിനു ശേഷം വീണ്ടും അപേക്ഷ ക്ഷണിക്കും. പുതുതായി നിയോഗിക്കുന്ന സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരമാകും അധിക ബാച്ച് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനം സ്വീകരിക്കുക.

''മലപ്പുറത്തെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ 85 സ്‌കൂളുകളും എയിഡഡ് മേഖലയില്‍ 88 സ്‌കൂളുകളുമാണുള്ളത്. ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷം ഇപ്പോള്‍ പഠിക്കുന്നത് 66,024 കുട്ടികളാണ്. നിലവിലെ സാഹചര്യത്തില്‍ താല്‍ക്കാലിക ബാച്ച് അനുവദിക്കാന്‍ തത്ത്വത്തില്‍ അംഗീകരിച്ചിരിക്കുകയാണ്. ജൂലൈ രണ്ടു മുതല്‍ സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാം. സംസ്ഥാനത്തെ താലൂക്ക് തല വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

പുതുതായി നിയമിച്ച രണ്ടംഗ സമിതി ജൂലൈ അഞ്ചിനകം സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കണം. ഇതിനുശേഷം തുടര്‍നടപടി സ്വീകരിക്കും. പ്ലസ്‌വണ്‍ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും സീറ്റ് ഉറപ്പാക്കും. ക്ലാസ് നഷ്ടമാകുന്നവര്‍ക്ക് ബ്രിജ് കോഴ്‌സ് നല്‍കി വിടവ് നികത്തും. മലപ്പുറം ജില്ലയില്‍ ഐ.ടി.ഐ കോഴ്‌സുകളിലും അണ്‍ എയ്ഡഡ് മേഖലയിലെ സ്‌കൂളുകളിലും സീറ്റുകളില്‍ ഇനിയും ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ക്ക് മറ്റു കോഴ്‌സുകളിലും പ്രവേശനം നേടാം'' -മന്ത്രി പറഞ്ഞു.

Advertisement
Next Article