For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

വയനാട്ടിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഒന്നും പ്രധാനമന്ത്രി പാലിച്ചില്ല: മല്ലികാർജുൻ ഖാർഗെ

.
07:49 PM Nov 07, 2024 IST | Online Desk
വയനാട്ടിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഒന്നും പ്രധാനമന്ത്രി പാലിച്ചില്ല  മല്ലികാർജുൻ ഖാർഗെ
Advertisement

നിലമ്പൂർ: വയനാട്ടിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ വാഗ്ദാനങ്ങൾ ഒന്നുംതന്നെ പാലിച്ചില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. വയനാട് ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം നിലമ്പൂർ നിയോജക മണ്ഡലത്തിലെ ചന്തക്കുന്ന് നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisement

കേരളം 2000 കോടി രൂപയുടെ പുനരധിവാസ പാക്കേജിനായി അപേക്ഷിച്ചിട്ടും ഒരു സഹായവും അനുവദിച്ചില്ല. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര സഹായത്തിന്റെ ഭൂരിഭാഗവും ലഭിച്ചുകൊണ്ടിരിക്കുന്നത്. ബുദ്ധിമുട്ടുണ്ടാകുന്ന സമയത്ത് ഇങ്ങനെയാണോ ഒരു സർക്കാർ ജനങ്ങളോട് പെരുമാറേണ്ടതെന്നും ഖാർഗെ ചോദിച്ചു. കോൺഗ്രസ് ഒരു സംസ്ഥാനത്തോടും വിവേചനം കാണിച്ചിട്ടില്ല. എല്ലാവർക്കും തുല്യമായ അവകാശങ്ങൾ നൽകുക എന്നത് കോൺഗ്രസിന്റെ പ്രതിബദ്ധതയാണ്. മോദി പൊള്ളയായ കാര്യങ്ങൾ മാത്രം പറയുന്ന മനുഷ്യനാനെന്നും അദ്ദേഹം പറഞ്ഞു.

വയനാട് പാർലമെൻ്റ് മണ്ഡലത്തിലെ ജനങ്ങളുമായി ഇന്ത്യൻ നാഷണൽ കോൺഗ്രസിന് അഭേദ്യമായ ബന്ധമാണുള്ളതെന്ന് ഖാർഗെ പറഞ്ഞു. രാഹുൽ ഗാന്ധി, എം.പി ഫണ്ട് വയനാടിന് വേണ്ടി പൂർണമായും ഉപയോഗിച്ചു. ഉരുൾപൊട്ടൽ ദുരന്തമടക്കം ഉണ്ടായപ്പോൾ രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും മണ്ഡലത്തിലെ ജനങ്ങളോട് തോളോട് തോൾചേർന്നാണ് നിന്നത്. കേരളത്തിലെ ജനങ്ങൾ നിലനിൽക്കുന്നത് മതേതര ഇന്ത്യക്ക് വേണ്ടിയാണ്. എന്നാൽ രാജ്യത്തിൻ്റെ കെട്ടുറപ്പിനെ നരേന്ദ്രമോദിയുടെ നയങ്ങൾ ഇല്ലാതാക്കുകയാണെന്നും കോൺഗ്രസ് അധ്യക്ഷൻ കുറ്റപ്പെടുത്തി.

ജനങ്ങൾക്കിടയിൽ ഐക്യവും സാഹോദര്യവും പടർത്തുന്നതിന് പകരം വിദ്വേഷവും വെറുപ്പുമാണ് ബി.ജെ.പി പരത്തുന്നത്. മതത്തിന്റെയും ജാതിയുടെയും പേരിൽ വിഭജിക്കാനാണ് മേദി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ബി.ജെ.പിയും ആർ.എസ്.എസും കഴിഞ്ഞ കുറച്ചു വർഷങ്ങളായി വർഗീയതയുടേയും വിഭജനത്തിന്റെയും രാഷ്ട്രീയം കേരളത്തിലും ആരംഭിച്ചിട്ടുണ്ട്. എല്ലാ ജാതിയിലും മതങ്ങളിലുംപെട്ട മനുഷ്യരെ അവർ വിഭജിച്ചു കൊണ്ടിരിക്കുന്നു. ജനങ്ങളുടെ അരക്ഷിതാവസ്ഥയെ ബി.ജെ.പി രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നു. മണിപ്പൂരിൽ നടന്ന പ്രശ്നങ്ങൾ ലോകത്തെ അറിയിക്കാൻ വേണ്ടിയാണ് ഭാരത് ജോഡോ യാത്ര രാഹുൽ ഗാന്ധി മണിപ്പൂരിൽ നിന്ന് ആരംഭിച്ചത്. ഇത്രയും മോശമായ സാഹചര്യം ഉണ്ടായിട്ടും നരേന്ദ്ര മോദി ഇതുവരെ മണിപ്പുരയിൽ പോകാൻ തയാറായില്ലെന്നും ഖാർഗെ പറഞ്ഞു.

രണ്ടുകോടി തൊഴിലവസരങ്ങൾ ഉണ്ടാക്കുമെന്ന് മോദി പറഞ്ഞു. വിദേശത്തുനിന്ന് കള്ളപ്പണം പിടിച്ചെടുത്ത് ഓരോ അക്കൗണ്ടിലേക്കും 15 ലക്ഷം രൂപ നൽകും എന്ന് പറഞ്ഞു. ആർക്കെങ്കിലും തന്നിട്ടുണ്ടോ. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പറഞ്ഞു. തൊഴിലില്ലായ്മ വൻതോതിൽ വർധിച്ചു. സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമങ്ങൾ രാജ്യത്ത് വർധിച്ചു വരികയാണെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

മുൻമന്ത്രി ആര്യാടൻ മുഹമ്മദിനെ അനുസ്മരിച്ചായിരുന്നു ഗാർഗെ പ്രസംഗം തുടങ്ങിയത്. വയനാട് മണ്ഡലത്തിലെ ഓരോ പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും എടുത്തുപറഞ്ഞായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രസംഗം. നരേന്ദ്രമോദി സർക്കാരിന്റെ നയങ്ങൾ മൂലം തൊഴിലുറപ്പ് തൊഴിലാളികൾ ജീവിക്കാൻ പ്രതിസന്ധി നേരിടുകയാണെന്നും ബി.ജെ.പി രാജ്യത്തെ ജനങ്ങളെ വിഭജിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ചെറുകിട കച്ചവടക്കാരുടെ വാടകയിലടക്കം ജി.എസ്.ടി ചുമത്തി ദ്രോഹിക്കുകയാണ്. വയനാടിന്റെ എല്ലാ അവകാശങ്ങൾക്ക് വേണ്ടിയും പാർലമെൻ്റിൽ പോരാടുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി വേണുഗോപാൽ, ദീപ ദാസ് മുൻഷി, കെ.പി.സി.സി പ്രസിഡൻ്റ് കെ. സുധാകരൻ, കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല, മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി അനിൽകുമാർ എം.എൽ.എ, ഒളിമ്പ്യനും ഹരിയാന നിയമസഭയിലെ കോൺഗ്രസ് എം.എൽ.എയുമായ വിനേഷ് ഫോഗട്ട്, എം.പിമാരായ പി.വി അബ്ദുൽ വഹാബ്, ആൻ്റോ ആൻ്റണി, ഡി.സി.സി പ്രസിഡൻ്റ് വി.എസ് ജോയ്, കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, ഷിബു ബേബി ജോൺ, ടി.വി ഇബ്രാഹിം എം.എൽ.എ, കെ.എം ഷാജി, ഇക്ബാൽ മുണ്ടേരി, ഇസ്മായിൽ മുത്തേടം പങ്കെടുത്തു.

Tags :
Author Image

Online Desk

View all posts

Advertisement

.