For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

പോലീസ് അതിക്രമം ആസൂത്രിതമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

05:50 PM Dec 23, 2023 IST | ലേഖകന്‍
പോലീസ് അതിക്രമം ആസൂത്രിതമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല
Advertisement

തിരുവനന്തപുരം: കോൺഗ്രസിന്റെ DGP ഓഫീസ് മാർച്ചിനുനേരേ നടന്ന പോലീസ് അതിക്രമം ആസൂത്രിതമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുതിർന്ന നേതാക്കളടക്കം വേദിയിൽ പ്രസംഗിച്ചു കൊണ്ടിരിക്കേയാണ് യാതൊരു പ്രകോപനവുമില്ലാതെ വേദിയിലേക്കും പ്രവർത്തകർക്കുനേരേയും വെള്ളം ചീറ്റുകയും കാഠിന്യമുള്ള കണ്ണീർവാതകം
പ്രയോഗിക്കുകയും ചെയ്തത്. പലരും അസ്വസ്ഥത പ്രകടിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും അതൊന്നും വകവയ്ക്കാതെ നിരവധി തവണയാണ് പോലീസ് ടീയർ ഗ്യാസ് പ്രയോഗിച്ചത്. സാധാരണ ഗതിയിൽ മുന്നറിയിപ്പു നൽകുക പതിവാണ്. ഇവിടെ മുതിർന്ന നേതാക്കളടക്കം ഉണ്ടായിട്ടും യാതൊരുവിധ മുന്നറിയിപ്പും നൽകാതിരുന്നത് പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ചയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Advertisement

വളരെ ദൗർഭാഗ്യകരവും ആക്ഷേപകരവും ഒരിക്കലും പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്തതുമായ കാര്യങ്ങളാണ് സംഭവിച്ചത്. ഒരു പ്രകോപനവുമില്ലാതെയാണ് പോലീസ് ഇത്തരത്തിൽ പെരുമാറിയത്. ഞങ്ങളൊക്കെ ദീർഘകാലമായി പൊതുരംഗത്തുള്ളവരാണ്. ഞാനൊക്കെ ഒരുപാട് സമരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. സമരത്തിന് നേതൃത്വം കൊടുത്തിട്ടുണ്ട്. പക്ഷേ, ഒരിക്കലും പോലീസ് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് ചെയ്തത്.

ഞങ്ങളാരും ഒരു പ്രകോപനവും ഉണ്ടാക്കിയിട്ടില്ല. ഞങ്ങളവിടെ സ്റ്റേജിൽ പ്രസംഗിക്കാൻ ഇരിക്കുന്നു.കെ പി സി സി പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. പിന്നീട് പ്രതിപക്ഷ നേതാവ് പ്രസംഗിച്ചു കൊണ്ടിരിക്കുന്നു. ഇതിനിടയിലാണ് ഹൈഡോസ് കണ്ണീർ വാതകം പ്രയോഗിക്കുന്നത്. തൊട്ടുപിന്നാലെ വലിയ ഫോഴ്സിൽ ജലപീരങ്കി പ്രയോഗിക്കുന്നു. ഞങ്ങളാകെ നനഞ്ഞു. ആ സ്റ്റേജ് തകർന്നു. ഞാനും കെ.മുരളീധരനും താഴെ വീണു.കണ്ണു നീറി ഒന്നും കാണാൻ പറ്റാത്ത അവസ്ഥയായി. പ്രവർത്തകർ എന്നെയും മുരളീധരനെയും കാറിൽ കയറ്റി. ഞങ്ങൾ കെ പി സി സി ഓഫീസിലേക്ക് പോയി.

സാധാരണഗതിയിൽ ഒരു കീഴ് വഴക്കം പാലിക്കാറുണ്ട്. ഏതു പാർട്ടിയുടെ ആയാലും മുതിർന്ന നേതാക്കൾ പ്രസംഗിക്കുമ്പോൾ പോലീസ് പാലിക്കേണ്ട മര്യാദ.അതൊരു നിയമമായിട്ടല്ല .ആഭ്യന്തര വകുപ്പ് നിർദേശം നൽകാറുണ്ട്. ആ കീഴ് വഴക്കമാണ് ലംഘിച്ചത്. ഒരു മര്യാദയില്ലാതെയല്ലേ പോലീസ് പെരുമാറിയത്. മുഖ്യമന്ത്രി അറിയാതെ ഇത്തരം സംഭവം നടക്കുമോ? പ്രതിപക്ഷത്തെയും ജനങ്ങളെയും അടിച്ചമർത്തുകയാണ് മുഖ്യമന്ത്രി. ഞങ്ങളാരും അക്രമത്തിനില്ല.അക്രമം ഞങ്ങളുടെ രീതിയല്ല.

ഇന്ന് നടന്നത് കേരളത്തിലെ കോൺഗ്രസിന്റെ ഉന്നത നേതാക്കളും എം പി മാരും എം എൽ എ മാരും പങ്കെടുത്ത പരിപാടിയാണ്. പ്രതിപക്ഷ സമരങ്ങളെ അടിച്ചമർത്തി മുന്നോട്ടുപോകാമെന്നത് മുഖ്യമന്ത്രിയുടെ തെറ്റായ ധാരണയാണ്. സർ സി പി യുടെ നാടല്ല കേരളം എന്ന് മുഖ്യമന്ത്രി ഓർക്കണം. ഇന്ന് നടന്ന
അതിക്രമത്തിനു നേതൃത്വം നൽകിയ
പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ ശക്തമായ നടപടി വേണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Author Image

ലേഖകന്‍

View all posts

Advertisement

.