മുഖ്യമന്ത്രി വരുന്നത് കൊണ്ട് പാചകം പാടില്ല: ആലുവക്കാരുടെ അന്നം മുടക്കി പോലീസിന്റെ ഉത്തരവ്
കൊച്ചി: മുഖ്യമന്ത്രിയുടെ ജനസദസിന്റെ സുരക്ഷയുടെ ഭാഗമായി ഹോട്ടലുകളിൽ ഭക്ഷ്യവസ്തുക്കൾ പാചകം ചടെയ്യുന്നതു വിലക്കി പൊലീസ്. ആലുവ സ്വകാര്യ ബസ് സ്റ്റേഷനു പരിസരത്തെ ഹോട്ടലുകൾക്കാണ് വിചിത്രമായ ഈ നിർദേശം ലഭിച്ചത്. ഈ മാസം ഏഴിനാണ് ആലുവയിലെ നവകേരള സദസ്. ഈ പരിപാടിയിൽ വലിയ ജനപങ്കളിത്തമുണ്ടാകുമെന്നും സുരക്ഷയുടെ ഭാഗമായി കടുത്ത നിയന്ത്രണം വേണമെന്നും പൊലീസ് പറയുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ആലുവ ബസ് സ്റ്റാൻഡിലെ ഹോട്ടലുകളിൽ പാചക വാതകം ഉപയോഗിച്ചുള്ള പാചകം വിലക്കിയത്. ഹോട്ടലിനു പുറത്ത് മറ്റെവിടെയെങ്കിലും ആഹാരം പാകം ചെയ്തു കൊണ്ടു വന്ന് വില്പന നടത്താനാണ് പൊലീസ് പറയുന്നത്. ഇത് പ്രായോഗികമല്ലെന്ന് ഹോട്ടലുടമകൾ പറയുന്നു. അന്ന് ഹോട്ടലിന് അവധി നൽകുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്.
പാചകത്തിനു മാത്രമല്ല. തൊഴിലാളികൾക്കുമുണ്ട് നിയന്ത്രണം. ഹോട്ടലുകളിലും കടകളിലും മറ്റും ജോലി ചെയ്യുന്നവർ പൊലീസിൽ നിന്നു പ്രത്യക തിരിച്ചറിയൽ കാർഡ് വാങ്ങി സൂക്ഷിക്കണമെന്നും ആലുവ ഈസ്റ്റ് പൊലീസ് ഇൻസ്പെക്റ്റർ അറിയിച്ചു. പാസ്പോർട്ട് സൈസിലുള്ള രണ്ടു ഫോട്ടോയും തിരിച്ചറിയൽ രേഖയുമായി പൊലീസ് സ്റ്റേഷനിൽ എത്തനാണ് നിർദേശം.
കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളെ കരുതൽ തടവിൽ പാർപ്പിക്കുകയു മണിക്കൂറുകളോളം സ്കൂൾ കുട്ടികളെ പൊരി വെയിലത്തു നിർത്തുകയും മുഖ്യമന്ത്രി വരുന്നതിനും പോകുന്നതിനുമായി പൊതു നിരത്തുകൾ മണിക്കൂറുകളോളം അടച്ചിടുകയും ചെയ്യുന്ന നടപടികൾക്കെതിരേ ജനരോഷം ആളിക്കത്തുന്നതിനിടെയാണ് ജനസദസിന്റെ പേരിൽ ഹോട്ടലുകളിൽ ഭക്ഷണം പാകം ചെയ്യുന്നതു വിലക്കിത്തൊണ്ടുള്ള വിചിത്രമായ ഉത്തരവമായി പൊലീസ് രംഗത്തെത്തിയത്.