പൊലീസിനെ കെട്ടഴിച്ചുവിട്ടു: സിപിഐ(എം) ബ്രാഞ്ച് സമ്മേളനങ്ങളില്‍ മുഖ്യമന്ത്രിക്ക് വിമര്‍ശനം
തിരുവനന്തപുരം: സിപിഐഎം ബ്രാഞ്ച് സമ്മേളനങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തര വകുപ്പിനും രൂക്ഷ വിമര്‍ശനം. ബ്രാഞ്ച് സമ്മേളനങ്ങളില്‍ പ്രധാന അജണ്ടയായി ഉയര്‍ന്ന് പിവി അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ആരോപണങ്ങളാണ്. ആരോപണങ്ങളുടെ നിജസ്ഥിതി കണ്ടെത്തണമെന്ന് ബ്രാഞ്ച് സമ്മേളനങ്ങളില്‍ ആവശ്യം ഉയര്‍ന്നു. പാര്‍ട്ടി കമ്മിറ്റികളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
പൊലീസിനെ കെട്ടഴിച്ചുവിട്ടെന്നാണ് ബ്രാഞ്ച് സമ്മേളനങ്ങളിലെ വിമര്‍ശനം. പൊലീസിനെ നിയന്ത്രിച്ചില്ലെങ്കില്‍ ഭരണത്തുടര്‍ച്ച അസാധ്യം എന്നും അഭിപ്രായം. താഴെ തട്ടിലുള്ള പ്രവര്‍ത്തകരോടുള്ള പൊലീസിന്റെ പെരുമാറ്റം പെരുമാറ്റ രീതി എന്നിവയും സാധാരണ ജനങ്ങളോടുള്ള പൊലീസിന്റെ സമീപനവും സമ്മേളനങ്ങളില്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
കോടിയേരി ബാലകൃഷ്ണന്റെ അഭാവം ഇപ്പോഴാണ് മനസ്സിലാകുന്നത് എന്ന് പ്രതിനിധികള്‍ അഭിപ്രായം ഉയര്‍ന്നു. കോടിയേരി ഉണ്ടായിരുന്നെങ്കില്‍ ഈ വിധം പാര്‍ട്ടി തകരില്ലെന്നാണ് സമ്മേളനങ്ങളിലെ അഭിപ്രായം. തിരുത്തല്‍ ആവശ്യമാണെന്നാണ് സമ്മേളനങ്ങളിലെ പ്രധാന ആവശ്യം. സമ്മേളനങ്ങളില്‍ ആര്‍ഭാടം വേണ്ടെന്ന് സിപിഐഎം നിര്‍ദേശിച്ചു. ഭക്ഷണത്തിലും പ്രചരണത്തിലും ആര്‍ഭാടം ഒഴിവാക്കണമെന്നാണ് നിര്‍ദേശം. ബ്രാഞ്ച് ലോക്കല്‍ സമ്മേളനങ്ങളില്‍ പൊതിച്ചോര്‍ മതി, ആര്‍ച്ചും കട്ട് ഔട്ടും ഒഴിവാക്കണം, സമ്മേളനങ്ങളില്‍ സമ്മാനങ്ങള്‍ ഒഴിവാക്കണമെന്നും പാര്‍ട്ടി രേഖ.
അതേസമയം സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നാട്ടില്‍ ബ്രാഞ്ച് സമ്മേളനം മുടങ്ങി. കണ്ണൂര്‍ മൊറാഴ ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ അഞ്ചാംപീടിക ബ്രാഞ്ച് സമ്മേളനമാണ് മുടങ്ങിയത്. ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ള അംഗങ്ങള്‍ സമ്മേളനം ബഹിഷ്‌കരിച്ചതോടെയാണ് സമ്മേളനം മുടങ്ങിയത്. അങ്കണവാടി ജീവനക്കാരിയുടെ സ്ഥലംമാറ്റം റദ്ദ് ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമ്മേളനം ബഹിഷ്‌കരിച്ചത്