യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് നരനായാട്ട്: അന്‍പതോളം പേര്‍ അറസ്റ്റില്‍
മലപ്പുറം: അഭ്യന്തര മന്ത്രി രാജിവെക്കുക, പൊലീസിലെ ക്രിമിനലുകളെ പുറത്താക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച എസ് പി ഓഫീസ് മാര്‍ച്ചിനു നേരെ പൊസീസിന്റെ നരനായാട്ട്. നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ്ന്‍പതോളം പേരെ അറസ്റ്റ് ചെയ്തു. മലപ്പുറം ഡിസിസി പ്രസിഡന്റ് അഡ്വ. വി എസ് ജോയ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തതിനു ശേഷമാണ് പോലീസ് അതിക്രമം തുടങ്ങിയത്. ഒരു പ്രകോപനവുമില്ലാതെ ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് മറികടന്ന പ്രവര്‍ത്തകനെ നിലത്തിട്ട് മര്‍ദ്ദിച്ചു. പൊലീസ് ജീപ്പിലിട്ട് ലാത്തികൊണ്ട് കുത്തിയും മര്‍ദ്ദനം തുടര്‍ന്നു.
പരുക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാതെ പൊലീസ് സ്റ്റേഷനിലേക്ക മാറ്റാനുള്ള നീക്കം ഡിസിസി പ്രസിഡന്റ് അഡ്വ. വി എസ് ജോയിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. ഡിസിസി പ്രസിന്റിനെ ഉള്‍പ്പടെ പൊലീസ് കൈയേറ്റം ചെയ്തു. ഇതോടെ പ്രവര്‍ത്തകര്‍ പാലക്കാട് കോഴിക്കോട് പാത ഉപരോധിക്കുകയായിരുന്നു. റോഡ് ഉപരോധിച്ചവരുടെ നേരെ പൊലീസ് കടുത്ത അതിക്രമമാണ് നടത്തിയത്. വലിച്ചിഴച്ചും വീണുകിടന്നവരെ ചവിട്ടിയും ലാത്തികൊണ്ട് കുത്തിയുമാണ് പൊലീസ് ബസ്സില്‍ കയറ്റിയത്. കൊള്ളാവുന്നതിലധികം പേരെ കുത്തിനിറച്ചാണ് ബസ്സില്‍ കയറ്റിയത്. മര്‍ദ്ദനത്തില്‍ പരുക്കേറ്റ പത്തോളം പേരെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്വര്‍ണ കള്ളക്കടത്ത് നടത്തുന്ന സിപിഎമ്മിലെ രണ്ട് അധോലോക ഗ്രൂപ്പുകള്‍ തമ്മിലുള്ള അധികാര വടംവലിയാണ് പി വി അന്‍വറിന്റെ വെളിപ്പെടുത്താലായി പുറത്തുവന്നതെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ഡിസിസി പ്രസിഡന്റ് അഡ്വ. വി എസ് ജോയ് പറഞ്ഞു. ഏറ്റവും വലിയ കള്ളനായ പിണറായി വിജയന്റെ കീഴിലാണ് സിപിഎം ഫ്രാക്ഷന്‍, പൊലീസ് ഫ്രാക്ഷന്‍ എന്നീ അധോലോക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.