പൊലീസ് വാഹനങ്ങൾ കട്ടപ്പുറത്തേക്ക്, ജനുവരി ഒന്നു മുതൽ സർക്കാർ വാഹനങ്ങൾക്ക് ഇന്ധനം നൽകില്ലെന്ന് പെട്രോൾ പമ്പുടമകൾ
കൊല്ലം: സംസ്ഥാനത്തെ പൊലീസ് വാഹനങ്ങൾ കട്ടപ്പുറത്തേക്ക്. ജനുവരി ഒന്നു മുതൽ പോലീസ് വാഹനങ്ങളുൾപ്പെടെയുള്ള സർക്കാർ വാഹനങ്ങൾക്ക് ഇന്ധനം നൽകില്ലെന്ന് പെട്രോൾ പമ്പുടമകൾ. ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ എന്നീ കമ്പനികളുടെ 2500 പൊതുമേഖല പെട്രോൾ പമ്പുകളാണ് സംസ്ഥാനത്തുള്ളത്. ഇവയിലെല്ലാം കൂടി പൊലീസ് വകുപ്പ് മാത്രം 125 കോടി രൂപയുടെ കുടിശികയാണ് സർക്കാർ വാഹനങ്ങൾ വരുത്തിയിരിക്കുന്നത്.
പൊലീസ് ഉൾപ്പെടെയുള്ള സർക്കാർ വാഹനങ്ങൾക്ക് ഇവിടെ നിന്നാണ് ഇന്ധനം നൽകുന്നത്. എന്നാൽ കഴിഞ്ഞ ആറുമാസക്കാലമായി ഇവയുടെ ബിൽ കുടിശ്ശിഖയാണ്. പൊലീസ് വാഹനങ്ങൾക്ക് മാത്രം ഇന്ധനം നൽകുന്ന വകയിൽ ഓരോ പമ്പുകൾക്കും അഞ്ച് ലക്ഷം രൂപയിലധികമാണ് ലഭിക്കാനുള്ളത്. സ്വകാര്യ പെട്രോൾ പമ്പുകളുടെ അതിപ്രസരത്തോടെ കടക്കെണിയിലായ പൊതുമേഖല പമ്പുകൾക്ക് ഇരുട്ടടിയാണ് ഈ കുടിശിക. ഈ സാഹചര്യത്തിലാണ് ജനുവരി ഒന്നു മുതൽ പോലീസ് വാഹനങ്ങൾക്ക് ഇന്ധന വിതരണം നിർത്തിവയ്ക്കുവാൻ തീരുമാനമെടുത്തതെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് സംസ്ഥാന ജനറൽ സെക്രട്ടറി സഫ അഷ്റഫ് പറഞ്ഞു.
സമീപകാലത്ത് പെട്രോൾ പമ്പുകളിൽ രാത്രി കാലങ്ങളിൽ അക്രമ സംഭവങ്ങൾ സ്ഥിരമാണ്. നിരവധി സംഭവങ്ങൾ ഉണ്ടായെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ ജനുവരി ഒന്നു മുതൽ രാത്രി കാല പ്രവർത്തനം നിർത്തിവച്ച് പ്രത്യക്ഷ സമരം ആരംഭിക്കുവാനാണ് സംഘടന തീരുമാനം. സമരമായി ഡിസംബർ 31 ന് രാത്രി 10 ന് പമ്പുകൾ അടച്ചു ജനുവരി ഒന്നിന് രാവിലെ മാത്രമാകും തുറക്കുക. പമ്പുകൾക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് എതിരെ നടപടിയുണ്ടായില്ലെങ്കിൽ ഈ നിലപാട് തുടരാനാണ് പെട്രോൾ പമ്പുടമകളുടെ തീരുമാനം.സംഘടനയുടെ ന്യായമായ ആവശ്യങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ തയ്യാറാകണമെന്ന് സംസ്ഥാന പ്രസിഡൻ്റ് ടോമി തോമസ്, ജനറൽ സെക്രട്ടറി സഫ അഷ്റഫ് ,വൈസ് പ്രസിഡൻറ് മൈതാനം വിജയൻ എക്സിക്യുട്ടീവ് അംഗങ്ങളായ കെ.വർഗ്ഗീസ്, ന്യൂ എക്സൽ ഷാജി, സിനു പട്ടത്തുവിള എന്നിവർ അറിയിച്ചു.