ശബരിമലയിൽ 'എക്സ്പീരിയൻസ്' ഇല്ലാത്ത പൊലീസുകാർ; തിരക്കൊഴിവാക്കാനായി ക്രമീകരണങ്ങളിൽ മാറ്റം വരുത്തി
തിരുവനന്തപുരം: മുൻവർഷങ്ങളിൽ ശബരിമലയിൽ ഡ്യൂട്ടി ചെയ്ത് പരിചയ സമ്പത്തുള്ള പൊലീസുകാരെ ഉൾപ്പെടെ നവകേരള സദസിന്റെ പ്രത്യേക ഡ്യൂട്ടിക്കായി നിയോഗിച്ചതാണ് ശബരിമലയിലെ തിരക്കിന്റെ കാരണങ്ങളിലൊന്നെന്ന് പൊലീസ് ഉന്നത തലത്തിൽ വിലയിരുത്തൽ. ഇക്കുറി പരിചയ സമ്പത്തില്ലാത്ത കൂടുതൽ പൊലീസുകാരെ നിയോഗിക്കേണ്ടിവന്നത് ഭക്തർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചുവെന്നാണ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസിന്റെ ഡ്യൂട്ടി ക്രമീകരണത്തിൽ മാറ്റം വരുത്തി. ശബരിമലയിൽ ഓരോ ഘട്ടത്തിലെയും ഡ്യൂട്ടി കഴിയുമ്പോൾ, ആ ഘട്ടത്തിൽ ഡ്യൂട്ടിക്ക് നിയോഗിച്ച പൊലീസ് ഉദ്യോഗസ്ഥരിൽ പകുതിപേരെ മാത്രമേ ആദ്യം പിൻവലിക്കാവൂവെന്ന് സംസ്ഥാന പൊലീസ് മേധാവി ഷേക്ക് ദർവേഷ് സാഹിബ് നിർദേശം നൽകി.
അഞ്ച് ഘട്ടങ്ങളിലായാണ് എസ്പി റാങ്കിനു മുകളിലുള്ള പൊലീസുകാർക്ക് ഡ്യൂട്ടി നൽകിയിരിക്കുന്നത്. നവംബർ 15 മുതൽ 30വരെ, നവംബർ 30 മുതൽ ഡിസംബർ 14വരെ, ഡിസംബർ 14 മുതൽ ഡിസംബർ 27വരെ, ഡിസംബർ 29 മുതൽ ജനുവരി 10വരെ, ജനുവരി 10 മുതൽ 20വരെ. ആറു ഘട്ടങ്ങളിലായാണ് ഇതിനു താഴെയുള്ള ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടി. 9 ദിവസം മുതൽ 13 ദിവസംവരെ സിവിൽ പൊലീസ് ഓഫിസർമാർക്കും മുകളിലേക്കുള്ള ഉദ്യോഗസ്ഥർക്കും ജോലി ചെയ്യേണ്ടിവരും.
ഒരു ഘട്ടത്തിലെ ഡ്യൂട്ടി കഴിയുമ്പോൾ ആ ഘട്ടത്തിലെ ഡ്യൂട്ടി ചെയ്തവരിൽ 50 ശതമാനം പേരെ വിട്ടയക്കണം. ബാക്കിയുള്ളവർ പുതുതായി നിയോഗിച്ച ഉദ്യോഗസ്ഥർക്കൊപ്പം ജോലി ചെയ്യണം. പുതുതായി എത്തിയവർക്ക് ഡ്യൂട്ടി രീതികൾ പറഞ്ഞു മനസിലാക്കി കൊടുക്കണം. രണ്ടു ദിവസത്തിനുശേഷം ബാക്കി 50% ഡ്യൂട്ടിക്കായി എത്തുമ്പോൾ മുൻ ഘട്ടത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ വിട്ടയയ്ക്കണം. ശബരിമല ഡ്യൂട്ടിയിലുള്ള പൊലീസ് കൺട്രോളർ, സ്പെഷൽ ഓഫിസർ, അസി.സ്പെഷൽ ഓഫിസർ എന്നിവർ അടുത്ത ഘട്ടത്തിലെ ഡ്യൂട്ടിക്ക് വരുന്ന ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടി രീതികൾ കൃത്യമായി പറഞ്ഞു മനസിലാക്കി നൽകണമെന്നും ഡിജിപി നിർദേശിച്ചു.