തുറമുഖ പുനരധിവാസ പാക്കേജ് അട്ടിമറിച്ചു;
വിഴിഞ്ഞത്തെ തീരജനത പ്രക്ഷോഭത്തിലേക്ക്
തിരുവനന്തപുരം: ഉമ്മൻചാണ്ടി സർക്കാർ പ്രഖ്യാപിച്ച 475 കോടി രൂപയുടെ പുനരധിവാസ പാക്കേജ് അട്ടിമറിച്ച പിണറായി സർക്കാരിനെതിരെ വിഴിഞ്ഞത്തെ തീരദേശ ജനത പ്രക്ഷോഭത്തിലേക്ക്. യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച 475 കോടി രൂപയുടെ പാക്കേജ് അതേപടി നടപ്പാക്കാനാവില്ലെന്ന നിലപാടിനെതിരെയാണ് പ്രക്ഷോഭം. വിഴിഞ്ഞം തുറമുഖ നിർമാണത്തിന്റെ ഭാഗമായി തീരശോഷണം സംഭവിച്ചിട്ടില്ലെന്ന സർക്കാരിന്റെയും ഇക്കാര്യം പഠിക്കാൻ നിയോഗിക്കപ്പെട്ട സമിതിയുടെയും കണ്ടെത്തലിലൂടെ തന്നെ തങ്ങൾ വഞ്ചിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞിരുന്നു. ഇതിനിടെ, ധനസമാഹരണത്തിനുള്ള പ്രായോഗിക നിർദേശങ്ങൾ യുഡിഎഫിന്റെ പാക്കേജിൽ ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞാണ് സർക്കാർ നിയന്ത്രണത്തിലുള്ള വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്ട് ലിമിറ്റഡ് (വിസിൽ) വർഷങ്ങളായുള്ള മൽസ്യ തൊഴിലാളികളുടെ ആവശ്യത്തെ നിരാകരിക്കുന്നത്.
ഇതിനെതിരെ വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് തീരദേശത്തെ തൊഴിലാളി സംഘടനകളുടെ തീരുമാനം.
തുറമുഖ നിർമാണം വഴി പദ്ധതിയിതര പ്രദേശത്തും മത്സ്യത്തൊഴിലാളികളുടെ ജീവനോപാധിയിലും ഉണ്ടാകുന്ന ആഘാതം നേരിടാനാണ് 2015ൽ പാക്കേജ് പ്രഖ്യാപിച്ചത്. കേന്ദ്രസർക്കാരിന്റെ സാഗർമാല പദ്ധതി വഴി ആവശ്യമായ ഫണ്ട് കണ്ടെത്തണമെന്നതായിരുന്നു പാക്കേജിലെ നിർദേശം. എന്നാൽ വരുമാനാധിഷ്ഠിതമല്ലാത്ത പുനരധിവാസ പ്രവർത്തനങ്ങൾക്കു സാഗർമാല വഴി ഫണ്ട് ലഭിക്കില്ലെന്നും അതുകൊണ്ടു പാക്കേജിലെ ഈ നിർദേശം പ്രായോഗികമല്ലെന്നും വിസിൽ പറയുന്നു. ഭവനപദ്ധതിക്കു 350 കോടി, ജീവനോപാധി കണ്ടെത്താൻ 59 കോടി, സ്ത്രീശാക്തീകരണത്തിനു 39 കോടി, വിദ്യാഭ്യാസ സഹായമായി 24 കോടി, വാർധക്യകാല പരിചരണത്തിനു 2.5 കോടി എന്നിങ്ങനെയായിരുന്നു പാക്കേജ്.
സംസ്ഥാനത്തെ മുഴുവൻ മത്സ്യത്തൊഴിലാളികൾക്കുമായി ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പുനർഗേഹം പദ്ധതിയിൽ, അന്നു പ്രഖ്യാപിച്ച ഭവനപദ്ധതി കൂടി ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണു വിസിലിന്റെ വാദം. വിദ്യാതീരം, സ്ത്രീശാക്തീകരണം, പകൽവീട് തുടങ്ങിയ പദ്ധതികളും ഫിഷറീസ് വകുപ്പിനുണ്ട്. വിഴിഞ്ഞം പദ്ധതിബാധിത പ്രദേശത്തെ മത്സ്യത്തൊഴിലാളികൾക്കു 106.93 കോടി രൂപ ജീവനോപാധി നഷ്ടപരിഹാരമായി ഇതുവരെ നൽകിയെന്നും വിസിൽ വ്യക്തമാക്കുന്നു.
തുറമുഖ നിർമാണം മൂലം തീരശോഷണം സംഭവിക്കുന്ന സാഹചര്യത്തിൽ, ആ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികൾക്കു പ്രയോജനം ലഭിക്കുന്നതിനാണു 2015ൽ പാക്കേജ് പ്രഖ്യാപിച്ചത്. എന്നാൽ നിർമാണം മൂലം തീരശോഷണം സംഭവിച്ചിട്ടില്ലെന്നാണു വിസിലിന്റെയും സർക്കാരിന്റെയും നിലപാട്. തീരശോഷണം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതിയാകട്ടെ ഇതുവരെ റിപ്പോർട്ട് നൽകിയിട്ടുമില്ല. സമിതിക്കു നീട്ടി നൽകിയ കാലാവധി ഈ മാസം ഏഴിന് അവസാനിക്കും.