Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മോദിക്കൊപ്പമുള്ളവർക്ക് കേരള മന്ത്രിസഭയിൽ പദവി;
സിപിഎമ്മിനെ വെട്ടിലാക്കി എം.വി ശ്രേയാംസ്കുമാർ

06:28 PM Jun 12, 2024 IST | Veekshanam
Advertisement

തിരുവനന്തപുരം: സിപിഎം -ബിജെപി ബാന്ധവം കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരിക്കെ, മോദി മന്ത്രിസഭയിലെ പാർട്ടിക്ക് സംസ്ഥാന മന്ത്രിസഭയിൽ പദവി നൽകിയതുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ രാഷ്ട്രീയ ആരോപണമുയർത്തി ആർജെഡി സംസ്ഥാന പ്രസിഡന്റ് എംവി ശ്രേയാംസ്കുമാർ. ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം സിപിഎമ്മിനെതിരെ ആഞ്ഞടിച്ചത്. രാജ്യസഭാ സീറ്റ് നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ തങ്ങള്‍ക്കു മന്ത്രിസ്ഥാനം വേണമെന്നും ശ്രേയാംസ് കുമാര്‍ ആവശ്യപ്പെട്ടു.
‘‘കേരളത്തില്‍ എല്‍ഡിഎഫിന് ഒപ്പവും കേന്ദ്രത്തില്‍ എന്‍ഡിഎ മന്ത്രിയും ഉള്ള ഒരു പാര്‍ട്ടി ഇടതുമുന്നിയിലുണ്ട്. അതിലാര്‍ക്കും ഒരു പ്രശ്‌നവുമില്ല. കേന്ദ്രമന്ത്രിയായി എച്ച്.ഡി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്തു. ഇവിടെ അതേ ചിഹ്നവും പേരും കൊടിയും ഉപയോഗിക്കുന്നു. ഇവിടുത്തെ ജെഡിഎസ് എന്‍ഡിഎയുടെ ഭാഗമാണെന്നല്ല പറഞ്ഞത്. പക്ഷേ, സാങ്കേതികമായി അവര്‍ ആ പാര്‍ട്ടിയുടെ ഭാഗമാണ്. അവരുടെ നേതാവാണ് കേന്ദ്രത്തില്‍ എന്‍ഡിഎ സര്‍ക്കാരില്‍ മന്ത്രിയായിട്ടുള്ളത്. ജെഡിഎസിന് എഴുപതോളം സ്ഥാനങ്ങള്‍ നല്‍കി. ഞങ്ങള്‍ക്ക് അര്‍ഹമായതു പോലും നല്‍കുന്നില്ല’’ - ശ്രേയാംസ് കുമാര്‍ പറഞ്ഞു.
ജനതാദള്‍-എസ് (ജെഡിഎസ്) നേതാവ് എച്ച്.ഡി കുമാരസ്വാമി മോദി മന്ത്രിസഭയില്‍ അംഗമായതോടെ ആ പാര്‍ട്ടിയുടെ കേരളഘടകം എല്‍ഡിഎഫില്‍ തുടരുന്നതിലെ വൈരുധ്യം വീണ്ടും ചര്‍ച്ചയിലേക്കു കൊണ്ടുവന്നിരിക്കുകയാണ് എംവി ശ്രേയാംസ് കുമാര്‍. ഒരേസമയം നരേന്ദ്ര മോദി മന്ത്രിസഭയിലും പിണറായി വിജയന്‍ മന്ത്രിസഭയിലും ഒരു പാര്‍ട്ടി തുടരുന്നത് ജെഡിഎസിനെ മാത്രമല്ല സിപിഎമ്മിനെയും വെട്ടിലാക്കിയിരിക്കുകയാണ്.
ഗൗഡാ ബന്ധം വിഛേദിച്ചുവെന്നാണു കേരള നേതൃത്വം പറയുന്നതെങ്കിലും സാങ്കേതികമായി ഇപ്പോഴും ദേവെഗൗഡ അധ്യക്ഷനായ പാര്‍ട്ടിയുടെ കേരളഘടകം തന്നെയാണ് ഇവിടെയുള്ളത്. ദേവെഗൗഡയുടെ കൊച്ചുമകന്‍ പ്രജ്വല്‍ രേവണ്ണ ലൈംഗികാതിക്രമ കേസുകളില്‍ കൂടി പെട്ടതോടെ കേരളത്തിലെ നേതാക്കള്‍ക്കു തലയുയര്‍ത്തി നടക്കാന്‍ പറ്റാത്ത സ്ഥിതിയാണ്.
കേന്ദ്രനേതൃത്വത്തിന്റെ ബിജെപി ബന്ധത്തില്‍ അതൃപ്തിയുണ്ടെങ്കിലും ഉറച്ച നിലപാട് സ്വീകരിക്കാന്‍ ഇതുവരെ സംസ്ഥാന ഘടകത്തിനു കഴഞ്ഞിട്ടില്ല. ഇതിന്റെ പേരില്‍ സി.കെ നാണുവും എ. നീലലോഹിതദാസും പാര്‍ട്ടി വിടുകയും ചെയ്തു. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യതാ ഭീഷണി ഭയന്നാണ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയും സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസും അന്തിമതീരുമാനം എടുക്കാത്തതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം തീരുമാനമെടുക്കുമെന്നാണു സംസ്ഥാന നേതൃതം പറഞ്ഞിരുന്നത്. എന്നാല്‍ ജെഡിഎസ് മോദി മന്ത്രിസഭയില്‍ അംഗമാകുക കൂടി ചെയ്തതോടെ കൂടുതല്‍ വെട്ടിലായിരിക്കുകയാണ് സംസ്ഥാനത്തെ നേതാക്കള്‍. ശ്രേയാംസ് കുമാര്‍ ഇതു കൂടുതല്‍ ചര്‍ച്ചയാക്കുക കൂടി ചെയ്തതോടെ സിപിഎമ്മിനും മറുപടി പറയേണ്ടിവരും.
നിയമസഭാ സമ്മേളനത്തിനിടെ യുഡിഎഫ് വിഷയം സഭയില്‍ ഉയര്‍ത്തിയാല്‍ ഇടതുമുന്നണി കൂടുതല്‍ പ്രതിരോധത്തിലാകും. ഒരുഘട്ടത്തില്‍ ആര്‍ജെഡി-ജെഡിഎസ് ലയനം സംബന്ധിച്ചു നീക്കങ്ങള്‍ സജീവമായെങ്കിലും ബിജെപി ബന്ധം തന്നെയാണ് വിഷയത്തില്‍ കല്ലുകടിയായത്. പുതിയ പാര്‍ട്ടി പ്രഖ്യാപനമോ ജനാധിപത്യ-സോഷ്യലിസ്റ്റ് സ്വഭാവമുള്ള ദേശീയ പാര്‍ട്ടിയുമായുള്ള ലയനമോ ആണ് ജെഡിഎസ് സംസ്ഥാന നേതൃതത്തിനു മുന്നിലുള്ള പോംവഴി. എന്നാല്‍ ഇതു സംബന്ധിച്ചൊന്നും തീരുമാനമായിട്ടില്ല. മുന്നണിയിലെ തന്നെ ഒരു പാര്‍ട്ടി വിഷയം വീണ്ടും സജീവചര്‍ച്ചയാക്കിയ സ്ഥിതിക്ക് പ്രശ്‌നപരിഹാരം ഉടന്‍ ഉണ്ടാകണമെന്ന് സിപിഎം കടുംപിടിത്തം പിടിക്കുമെന്ന് ഉറപ്പാണ്.

Advertisement

Tags :
kerala
Advertisement
Next Article