തസ്തിക നിര്‍ണയം: സര്‍ക്കാര്‍ നിലപാട് വഞ്ചനാപരമാണെന്ന് കെപിഎസ്ടി എ
തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ 2023 ജൂലൈ 15 ന് അനുവദിക്കേണ്ടിയിരുന്ന അധിക തസ്തികകകള്‍ അനുവദിച്ചു കൊണ്ട് 2024 ആഗസ്റ്റ് മാസത്തില്‍ പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവ് തികച്ചും വഞ്ചനാപരമാണെന്ന് കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി. കഴിഞ്ഞ അധ്യയന വര്‍ഷം മതിയായ എണ്ണം വിദ്യാര്‍ത്ഥികളുണ്ടായിട്ടും തസ്തികകള്‍ അനുവദിക്കാതിരുന്നതിനാല്‍ കുട്ടികളെ പഠിപ്പിക്കാന്‍ അധ്യാപകരില്ലാത്ത സാഹചര്യമാണുണ്ടായിരുന്നത്. ഈ അധ്യയന വര്‍ഷം സ്‌കൂള്‍ തുറന്ന് മൂന്ന് മാസം പിന്നിടുമ്പോഴാണ് കഴിഞ്ഞ വര്‍ഷത്തെ അധിക തസ്തിക അനുവദിച്ച് ഉത്തരവുണ്ടായതെന്നതിനര്‍ത്ഥം പതിമൂന്ന് മാസമായി പഠിപ്പിക്കാന്‍ അധ്യാപകരില്ലാത്ത വിദ്യാര്‍ത്ഥികളും ക്ലാസ്സുകളുമുണ്ടായിരുന്നു എന്നാണ്. ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്ന് മേനി നടിക്കുന്ന സര്‍ക്കാര്‍ അധ്യാപകരെ യഥാസമയം നിയമിക്കാതെ എങ്ങനെയാണ് വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്തുന്നതെന്ന് പറയണം.
കഴിഞ്ഞ വര്‍ഷം നിയമനം ലഭിക്കേണ്ട ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കുന്നതിന് ഒരു വര്‍ഷത്തിലധികം കാത്തിരിക്കേണ്ടിവന്നു. ഇതിലൂടെ സര്‍ക്കാരിന് കോടിക്കണക്കിന് രൂപ ലാഭിക്കാന്‍ കഴിഞ്ഞു. തസ്തിക നഷ്ടം സംഭവിച്ച അധ്യാപകര്‍ക്ക് ജൂലൈ മുതല്‍ ശമ്പളം നല്‍കാതെ പുറത്താക്കിയ സര്‍ക്കാര്‍, അധിക തസ്തിക അനുവദിക്കുന്നത് ഒക്ടോബര്‍ മുതലാക്കിയത് തികഞ്ഞ നീതികേടാണ്. കഴിഞ്ഞ വര്‍ഷത്തെ തസ്തിക നിര്‍ണയത്തിന് ജൂലൈ 15 മുതല്‍ പ്രാബല്യം നല്‍കണം. വിദ്യാര്‍ത്ഥികളുടേയും ഉദ്യോഗാര്‍ത്ഥികളുടേയും ഭാവികൊണ്ട് പന്താടുന്ന സര്‍ക്കാര്‍ നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും ഈ അധ്യയന വര്‍ഷത്തെ തസ്തിക നിര്‍ണ്ണയം ജുലൈ പതിനഞ്ചാം തീയതി വച്ച് അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്നും അധ്യാപക നിയമനങ്ങള്‍ ഉടന്‍ നടത്തണമെന്നും കെ പി എസ് ടി എ ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ്് കെ അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി കെ അരവിന്ദന്‍, ട്രഷറര്‍ അനില്‍ വട്ടപ്പാറ , ഷാഹിദ റഹ്മാന്‍, എന്‍ രാജ് മോഹന്‍, കെ രമേശന്‍, ബി സുനില്‍കുമാര്‍, ബി ബിജു, അനില്‍ വെഞ്ഞാറമൂട്, റ്റി യു സാദത്ത്, പി എസ് ഗിരീഷ് കുമാര്‍, സാജു ജോര്‍ജ്, പി വി ജ്യോതി, ബി ജയചന്ദ്രന്‍ പിള്ള, ജോണ്‍ ബോസ്‌കോ, വര്‍ഗീസ് ആന്റണി, ജി കെ ഗിരീഷ്, പി എസ് മനോജ്, പി വിനോദ് കുമാര്‍, പി. എം നാസര്‍, എം കെ അരുണ എന്നിവര്‍ പ്രസംഗിച്ചു.