നടുവൊടിച്ച് തൃശൂർ-കാഞ്ഞാണി റോഡിലെ കുഴികൾ; ബൈക്ക് യാത്രക്കാരായ അമ്മയ്ക്കും മകനും പരുക്ക്
തൃശൂർ: തൃശൂര്‍ - കാഞ്ഞാണി റോഡിലെ കുഴികളില്‍ വീണ് അപകടങ്ങള്‍ പതിവാകുന്നു. ഒളരിയില്‍ അമ്മയും മകനും സഞ്ചരിച്ച ബൈക്ക് കുഴിയില്‍ വീണ് അമ്മയ്ക്ക് ഗുരുതരമായി പരുക്കേറ്റു. നട്ടെല്ലിനും തലയ്ക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരുക്കേറ്റ സിന്ധുവിനേയും മകന്‍ ആനന്ദിനേയും തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആനന്ദിന്റെ പരിക്ക് ഗുരുതരമല്ല.ഒളരിക്കര പള്ളിക്ക് സമീപത്തുള്ള റോഡിലെ കുഴിയിലാണ് സിന്ധുവും ആനന്ദും വീണത്. ആനന്ദ് വിദേശത്തേക്ക് പോകുന്നതിനോട് അനുബന്ധിച്ച് ചേറ്റുപുഴയിലുള്ള ബന്ധുവീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. വെള്ളം നിറഞ്ഞ് കിടക്കുന്ന റോഡിലെ കുഴിയില്‍ ആനന്ദ് ഓടിച്ചിരുന്ന ബൈക്ക് വീഴുകയായിരുന്നു.തൃശൂര്‍- കാഞ്ഞാണി റോഡിലെ കുഴികളില്‍ വീണ് അപകടങ്ങള്‍ പതിവായിട്ടും അധികൃതര്‍ അനങ്ങാപ്പാറ നയം തുടരുന്നതില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പൈപ്പുകള്‍ ഇടാന്‍ വേണ്ടി നിര്‍മിച്ച കുഴികൾ പൂര്‍ണമായി മൂടിയിട്ടില്ല. പലഭാഗത്തും മര്‍ദം കൂടിയതിനെ തുടര്‍ന്ന് പൊട്ടിയ പൈപ്പുകളില്‍നിന്നും വെള്ളം റോഡിലേക്ക് ഒഴുകി ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുകയാണ്. അയ്യന്തോള്‍ ഔട്ട് പോസ്റ്റ് -സിവില്‍ ലൈന്‍ റോഡ്, ചേറ്റുപുഴ, എല്‍ത്തുരുത്ത്, കണ്ണാപുരം പെട്രോള്‍ പമ്പ് എന്നിവിടങ്ങളില്‍ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇവയില്‍ വെള്ളം നിറഞ്ഞ് കിടക്കുന്നത് മൂലം റോഡും കുഴിയും തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയാണ്.