Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പി പി ദിവ്യയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു: ഇന്ന് വൈകിട്ട് വരെ ചോദ്യം ചെയ്യും

11:33 AM Nov 01, 2024 IST | Online Desk
Advertisement

തലശ്ശേരി: കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന കണ്ണൂര്‍ ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇന്ന് വൈകീട്ട് അഞ്ചുമണിവരെയാണ് വിട്ടത്. രണ്ട് ദിവസത്തേക്കായിരുന്നു പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍, വൈകീട്ട് വരെയാണ് കോടതി അനുവദിച്ചത്.

Advertisement

ദിവ്യ സമര്‍പ്പിച്ച ജാമ്യഹരജി തലശ്ശേരി പ്രിന്‍സിപ്പല്‍ ജില്ല സെഷന്‍സ് കോടതി പരിഗണിക്കും. കേസില്‍ നവീന്റെ കുടുംബവും കക്ഷി ചേര്‍ന്നിട്ടുണ്ട്. തെറ്റുപറ്റിയെന്ന് എ.ഡി.എം നവീന്‍ബാബു കലക്ടര്‍ അരുണ്‍ കെ. വിജയനോട് പറഞ്ഞ മൊഴിയാണ് ദിവ്യയുടെ അഭിഭാഷകന്‍ പ്രധാനമായും ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്. കലക്ടറുടെ മൊഴി പൊലീസ് അന്വേഷിച്ചിട്ടില്ലെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ, തനിക്ക് തെറ്റുപറ്റിയെന്ന് എ.ഡി.എം കെ. നവീന്‍ ബാബു പറഞ്ഞെന്ന കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ. വിജയന്റെ മൊഴിയെ ചൊല്ലിയുള്ള വിവാദം മുറുകുന്നു. എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യപ്രേരണാ കേസില്‍ റിമാന്‍ഡിലായ പി.പി. ദിവ്യയെ രക്ഷിക്കാനുള്ള നീക്കമാണ് കലക്ടര്‍ നടത്തിയതെന്നാണ് വ്യാപക വിമര്‍ശനം. കലക്ടറുടെ മൊഴി ഏറ്റെടുത്ത് ദിവ്യയുടെ അഭിഭാഷകന്‍ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യഹരജി നല്‍കിയതോടെയാണ് സംശയം ബലപ്പെട്ടത്.

എ.ഡി.എമ്മിന്റെ മരണത്തിനുപിന്നാലെ കലക്ടര്‍ റവന്യൂ മന്ത്രിക്ക് നല്‍കിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ ഇത്തരമൊരു പരാമര്‍ശമില്ല. പി.പി. ദിവ്യ അധിക്ഷേപിച്ച് സംസാരിച്ചതിനുശേഷം കലക്ടറുടെ ചേംബറില്‍ എ.ഡി.എമ്മുമായി കൂടിക്കാഴ്ച നടത്തിയ കാര്യം പോലും ആ റിപ്പോര്‍ട്ടിലില്ല. ഇത് റവന്യൂ മന്ത്രിയും സ്ഥിരീകരിച്ചിട്ടുണ്ട്.

എ.ഡി.എമ്മിന്റെ മരണം അന്വേഷിച്ച കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത് കൊടേരിക്ക് നല്‍കിയ മൊഴിയിലാണ് 'തനിക്ക് തെറ്റുപറ്റിയെന്ന്' പറഞ്ഞതായുള്ള മൊഴിയുള്ളത്.

ഒക്ടോബര്‍ 19നാണ് ലാന്‍ഡ് റവന്യൂ ജോയന്റ് കമീഷണര്‍ എ. ഗീത കണ്ണൂരിലെത്തിയത്. അവര്‍ക്കു മൊഴി നല്‍കിയതിനുശേഷം കലക്ടര്‍ മാധ്യമങ്ങളെ കണ്ടെങ്കിലും ദിവ്യയെ യാത്രയയപ്പ് യോഗത്തിന് ക്ഷണിച്ചില്ലെന്ന ഒറ്റ കാര്യമാണ് പ്രധാനമായും അദ്ദേഹം പറഞ്ഞത്. ലാന്‍ഡ് റവന്യൂ ജോയന്റ് കമീഷണര്‍ മൊഴിയെടുത്തശേഷം രാത്രി മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ കലക്ടര്‍ പിണറായിയിലെ വീട്ടിലെത്തി. എ.ഡി.എമ്മിന്റെ മരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംസാരിച്ചതായി കലക്ടര്‍ തന്നെ പിറ്റേന്ന് പറയുകയും ചെയ്തു.ഒക്ടോബര്‍ 21ന് രാത്രി ക്യാമ്പ് ഓഫിസില്‍വെച്ചാണ് പൊലീസ് സംഘം കലക്ടറുടെ മൊഴി രേഖപ്പെടുത്തിയത്. ഈ മൊഴിയിലാണ് എ.ഡി.എമ്മിന് തെറ്റുപറ്റിയെന്ന വിവാദ പരാമര്‍ശമുള്ളത്. ഇതാണ് ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയുള്ള വിധിയില്‍ ഉദ്ധരിച്ചതും.

കോടതിവിധി പുറത്തുവന്നപ്പോഴാണ് തെറ്റുപറ്റി പരാമര്‍ശമുള്ള മൊഴി തന്നെ പുറത്തറിയുന്നത്. അതുവരെ ആരോടും പറയാത്ത ഇക്കാര്യത്തിലാണ് പ്രതിപക്ഷ സംഘടനകള്‍ സംശയമുന്നയിക്കുന്നത്.

യാത്രയയപ്പ് യോഗം നടന്നതിനുശേഷം ഏകദേശം നാലുമിനിറ്റാണ് കലക്ടറുടെ ചേംബറില്‍ എ.ഡി.എമ്മുമായി സംസാരിച്ചത്. എന്തടിസ്ഥാനത്തിലാണ് തെറ്റുപറ്റിയെന്ന് എ.ഡി.എം പറഞ്ഞതെന്ന് കലക്ടര്‍ വിശദീകരിച്ചിട്ടുമില്ല. മൊഴി പൂര്‍ണമായും പുറത്തുവന്നില്ലെന്നാണ് അദ്ദേഹം നല്‍കിയ മറുപടി. കലക്ടറുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് കലക്ടറേറ്റ് മാര്‍ച്ച് നടത്തും. കലക്ടറുടെ വസതിക്കുമുന്നില്‍ വ്യാഴാഴ്ച യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സമരം നടത്തി.

Tags :
featuredkeralanews
Advertisement
Next Article