നെഗറ്റീവ് എനർജി മാറാൻ ഓഫീസിൽ പ്രാർത്ഥന ; തൃശ്ശൂർ ജില്ലാ ശിശു സംരക്ഷണ ഓഫീസർക്ക് സസ്പെൻഷൻ
തൃശ്ശൂർ: ഓഫീസിൽ നെഗറ്റീവ് എനർജി മാറ്റാൻ പ്രാർത്ഥന നടത്തിയ സംഭവത്തിൽ തൃശ്ശൂർ ജില്ലാ ശിശു സംരക്ഷണ ഓഫീസർക്കെതിരെ വകുപ്പു തല നടപടി. ജില്ലാ ശിശു സംരക്ഷണ ഓഫീസർ കെ.എ.ബിന്ദുവിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. വകുപ്പുതല അന്വേഷണത്തിന് ശേഷമാണ് നടപടിയെടുത്തിരിക്കുന്നത്.
കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ശിശു സംരക്ഷണ ഓഫീസിൽ നെഗറ്റീവ് എനർജി തടയാനാണ് കെ.എ.ബിന്ദുവിന്റെ നേതൃത്വത്തിൽ പ്രാർത്ഥന നടന്നത്. കഴിഞ്ഞ മാസം 29ന് വൈകുന്നേരം 4.30നാണ് പ്രാർത്ഥന നടന്നത്. ഓഫീസിനകത്ത് നെഗറ്റീവ് എനർജി ഉണ്ടെന്നും അതിനെ ഒഴിവാക്കാൻ പ്രാർത്ഥന നടത്തണമെന്നും ശിശു സംരക്ഷണ ഓഫീസർ സഹപ്രവർത്തകരോട് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ഓഫീസിലെ താത്കാലിക ജീവനക്കാരിൽ ഒരാളും വൈദിക വിദ്യാർത്ഥിയുമായ വ്യക്തി ളോഹയും ബൈബിളുമായെത്തിയാണ് പ്രാർത്ഥന നടത്തിയത്. ഈ ഓഫീസിൽ പ്രവർത്തിക്കുന്ന ചൈൽഡ് ലൈനിലെ പ്രവർത്തകർക്ക് പ്രാർത്ഥനയിൽ നിർബന്ധമായും പങ്കെടുക്കേണ്ടി വന്നു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്താൻ കളക്ടറും ഉത്തരവിട്ടിരുന്നു. സബ് കളക്ടർറുടെ നേതൃത്വത്തിൽ ഈ അന്വേഷണം പുരോഗമിക്കുകയാണ്.