നേരത്തേയും സാറായെ തട്ടിക്കൊണ്ടു പോകാൻ ശ്രമം, കസ്റ്റഡിയിൽ 3 പേർ
കൊല്ലം: ഓയൂരിൽ നിന്നു കാണാതായ അബിഗെൽ സാറാ റെജിയെ ഏതാനും ദിവസം മുമ്പും തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നിരുന്നെന്ന് കുട്ടിയുടെ അമ്മൂമ്മ. കാർ പിന്തുടരുന്ന കാര്യം കുട്ടികൾ പറഞ്ഞെങ്കിലും കാര്യമായെടുത്തില്ലെന്നാണ് അബിഗെൽ സാറയുടെ അമ്മൂമ്മ പറയുന്നത്. നേരത്തെയും ഈ കാറ് വീടിനടുത്ത് നിർത്തിയിട്ടതായി കണ്ടിരുന്നെന്ന് കുട്ടികൾ പറഞ്ഞിരുന്നു. നിർത്തിയിട്ട കാറിൽ നിന്നും രണ്ടുപേർ സൂക്ഷിച്ച് നോക്കിയെന്നാണ് അവർ വന്ന് പറഞ്ഞത്. കുഞ്ഞുങ്ങളുടെ തോന്നലാണെന്ന് കരുതിയാണ് ഗൗരവത്തിൽ എടുക്കാഞ്ഞതെന്നും അമ്മൂമ്മ പറഞ്ഞു.
അതിനെ തിരുവനന്തപുരത്ത് കസ്റ്റഡിയിലായ മൂന്നു പേരെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരുന്നു. തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ചതെന്നു കരുതുന്ന കാറിന്റെ സർവീസ് സെന്ററുമായി ബന്ധപ്പെട്ടവരടക്കം മൂന്നു പേരേയാണ് കസ്റ്റഡിയിൽ എടുത്തത്. എന്നാൽ ഇവരിൽ നിന്നു കാര്യമായ വിവരം ലഭിച്ചിട്ടില്ല.
അതിനിടെ അബിഗെലിനെ കാണാതായിട്ട് 17 മണിക്കൂറുകൾ പിന്നിടുമ്പോഴും കുറ്റവാളികളെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. പത്തു ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട് ഫോൺ വന്നെങ്കിലും അതു സംബന്ധിച്ച് വ്യക്തമായ തെളിവുകൾ ലഭിച്ചില്ല. കുട്ടിയെ റാഞ്ചിയവരെന്നു കരുതുന്നവർ വളരെ കൃത്യമായി മലയാളം സംസാരിക്കുന്നവരാണ്.