വില വര്‍ധന: സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനത്തില്‍ നിന്നുള്ള തിരിച്ചു പോക്കാണെന്ന് വി ഡി സതീശന്‍
തിരുവനന്തപുരം: സപ്ലൈകോ വഴി വിതരണം ചെയ്യുന്ന 13 നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനത്തില്‍ നിന്നുള്ള തിരിച്ചു പോക്കാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അധികാരത്തില്‍ എത്തിയാല്‍ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിപ്പിക്കില്ലെന്ന് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കാലത്ത് വക്ക് നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം സമൂഹമാധ്യമത്തില്‍ മുഖ്യമന്ത്രിയും ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം ഒന്നു കൂടി ഉറപ്പിച്ച് വ്യക്തമാക്കിയിരുന്നുവെന്നും നിയമസഭ മീഡിയ റൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വി.ഡി സതീശന്‍ പറഞ്ഞു.
സപ്ലൈകോയിലെ 13 അവശ്യസാധനങ്ങളുടെ വില വര്‍ധിച്ചാല്‍ പൊതുവിപണിയില്‍ അത് കൃത്രിമ വിലക്കയറ്റത്തിന് ഇടയാക്കും. കഴിഞ്ഞ ബജറ്റിന് ശേഷം ഈ ബജറ്റ് വരെയുള്ള സമയത്ത് വെള്ളക്കരം, വൈദ്യുതി ചാര്‍ജ്, കെട്ടിട നികുതി, ഇന്ധന നികുതി, എല്ലാ സേവനങ്ങള്‍ക്കുമുള്ള സര്‍വീസ് ചാര്‍ജ് എന്നിവ കൂട്ടി. കിടപ്പാടങ്ങളും കൃഷിയിടങ്ങളും ജപ്തി ചെയ്യപ്പെടുകയും ചെയ്യുന്നത് ഉള്‍പ്പെടെ എല്ലാത്തരത്തിലും ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുന്ന കാലത്താണ് പൊതുവിപണിയില്‍ ഇടപെടേണ്ട സപ്ലൈകോയില്‍ വില കൂട്ടിയത്. ജനങ്ങള്‍ക്ക് മീതെ ഭീമമായ ഭാരം അടിച്ചേല്‍പ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് നിയമസഭാ നടപടികള്‍ സ്തംഭിപ്പിച്ചത്. സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. നിയമസഭ സമ്മേളനത്തില്‍ സപ്ലൈകോയുടെ തകര്‍ച്ചയെ കുറിച്ച് മൗനം അവലംബിച്ച മന്ത്രിയും മുഖ്യമന്ത്രിയുമാണ് അതിന്റെ പിറ്റേ ദിവസം 13 നിത്യോപയോഗ സാധനങ്ങളുടെയും വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതെന്നും വി.ഡി സതീശന്‍ പറഞ്ഞു.