Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പ്രധാനമന്ത്രിയുടെ കൊച്ചി സന്ദര്‍ശനം; ഉദ്ഘാടനത്തിനൊരുങ്ങി 4000 കോടി രൂപയുടെ പദ്ധതികള്‍

08:49 AM Jan 17, 2024 IST | Veekshanam
Advertisement

കൊച്ചി: ഇന്ത്യയുടെ അടിസ്ഥാന സൗകര്യവികസന രംഗത്ത് നാഴികക്കല്ലാകുന്ന 4000 കോടി രൂപയുടെ മൂന്ന് വന്‍കിട പദ്ധതികള്‍ നാളെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിക്കും. കൊച്ചിന്‍ ഷിപ്‌യാര്‍ഡ് ലിമിറ്റഡിന്റെ ന്യൂ ഡ്രൈ ഡോക്ക്, ഇന്റര്‍നാഷനല്‍ ഷിപ്പ് റിപയര്‍ ഫെസിലിറ്റി (ഐഎസ്ആര്‍എഫ്), ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ എല്‍പിജി ഇംപോര്‍ട്ട് ടെര്‍മിനല്‍ എന്നിവയാണ് പ്രധാനമന്ത്രി കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുന്ന വന്‍കിട പദ്ധതികള്‍. കൊച്ചി കപ്പല്‍ശാലയുടെ ന്യൂ ഡ്രൈ ഡോക്കും ഐഎസ്ആര്‍എഫും ആഗോള തലത്തില്‍ കപ്പല്‍ നിര്‍മ്മാണ, അറ്റക്കുറ്റപ്പണി രംഗത്ത് ഇന്ത്യയ്ക്ക് കൂടുതല്‍ കരുത്താകും. ഊര്‍ജ്ജ രംഗത്ത് രാജ്യത്തിന് മുതല്‍ക്കൂട്ടാകുന്ന ഐഒസിയുടെ എല്‍പിജി ഇംപോര്‍ട്ട് ടെര്‍മിനല്‍ ലക്ഷക്കണക്കിന് വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും തടസ്സങ്ങളില്ലാതെ എല്‍പിജി വിതരണം ഉറപ്പാക്കുന്നതിനും സഹായകമാകും. കൊച്ചി കപ്പല്‍ ശാലയില്‍ 1,799 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ന്യൂ ഡ്രൈ ഡോക്ക് മാരിടൈം രംഗത്തെ ഇന്ത്യയുടെ എഞ്ചിനീയറിങ് വൈഭവവും പദ്ധതി നിര്‍വഹണ വൈദഗ്ധ്യവും വിളിച്ചോതുന്നതാണ്. മേഖലയിലെ ഏറ്റവും വലിയ ഡ്രൈ ഡോക്കായ ഇത് ഏറ്റവും ആധുനികമായ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിട്ടുള്ളത്. 310 മീറ്റർ നീളമുള്ള ഈ സ്റ്റെപ്പ്ഡ് ഡ്രൈ ഡോക്കിന് 13 മീറ്റര്‍ ആഴവും 75/60 മീറ്റര്‍ വീതിയുമുണ്ട്. കുറഞ്ഞ പാരിസ്ഥിതിക ആഘാതം, സുരക്ഷിതത്വം, മികച്ച പ്രവര്‍ത്തന ക്ഷമത എന്നിവയാണ് സവിശേഷതകള്‍. 70000 ടണ്‍ വരെ ഭാരമുള്ള വിമാനവാഹിനികള്‍, കേപ്‌സൈസ് ആന്റ് സൂയസ്മാക്‌സ് ഉള്‍പ്പെടെയുള്ള കൂറ്റന്‍ ചരക്കു കപ്പലുകള്‍, ജാക്ക് അപ്പ് റിഗ്‌സ്, എന്‍എന്‍ജി കപ്പലുകള്‍ തുടങ്ങി വലിയ കപ്പലുകളെ കൈകാര്യം ചെയ്യുന്നതിനുള്ള ശേഷിയും ഈ ഡ്രൈ ഡോക്കിനുണ്ട്. ഇത് പൂര്‍ണ തോതില്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ 2000 പേര്‍ക്ക് നേരിട്ടും ഇതിന്റെ ആറിരട്ടിയോളം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും. കൂടാതെ അനുബന്ധ വ്യവസായങ്ങളുടേയും ചെറുകിട സംരംഭങ്ങളുടേയും വളര്‍ച്ചയേയും ഇത് ത്വരിതപ്പെടുത്തും.വില്ലിങ്ടണ്‍ ഐലന്‍ഡിലെ കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റിയുടെ 42 ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്താണ് 970 കോടി രൂപ ചെലവില്‍ രാജ്യാന്തര കപ്പല്‍ അറ്റക്കുറ്റപ്പണി കേന്ദ്രമായ ഐഎസ്ആര്‍എഫ് ഒരുക്കിയിരിക്കുന്നത്. കൊച്ചിയെ ഒരു ആഗോള കപ്പല്‍ റിപ്പയര്‍ കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. 6000 ടണ്‍ ശേഷിയുള്ള ഷിഫ് ലിഫ്റ്റ് സിസ്റ്റം, ട്രാന്‍സ്ഫര്‍ സിസ്റ്റം, ആറ് വര്‍ക്ക് സ്റ്റേഷനുകള്‍, 130 മീറ്റര്‍ വരെ നീളമുള്ള ഏഴ് കപ്പലുകളെ ഒരേ സമയം ഉള്‍ക്കൊള്ളുന്ന 1400 മീറ്റര്‍ ബെര്‍ത്ത് തുടങ്ങിയവ ഐഎസ്ആര്‍എഫിന്റെ മാത്രം സവിശേഷതകളാണ്. കൊച്ചി കപ്പല്‍ശാലയുടെ നിലവിലെ ഷിപ്പ് റിപ്പയര്‍ സംവിധാനങ്ങളെ ആധുനികവല്‍ക്കരിക്കുന്നതിലും കൊച്ചിയെ ഒരു ആഗോള ഷിപ്പ് റിപ്പയര്‍ ഹബ് ആക്കി മാറ്റുന്നതിലും ഐഎസ്ആര്‍എഫ് നിര്‍ണായക പങ്കുവഹിക്കും. ഇന്ത്യയില്‍ ഷിപ്പ് റിപ്പയര്‍ ക്ലസ്റ്ററുകള്‍ സൃഷ്ടിക്കുക എന്ന പ്രധാനമന്ത്രിയുടെ പദ്ധതിയുടെ ഭാഗമാണിത്. ഐഎസ്ആർഎഫ് 2000 പേര്‍ക്ക് നേരിട്ട് തൊഴില്‍ നൽകും. മാരിടൈം ഇന്ത്യ വിഷന്‍ 2030 എന്ന കേന്ദ്ര സര്‍ക്കാരിന്റെ സുപ്രധാന മാരിടൈം വികസന പദ്ധതിയുടെ പ്രധാനലക്ഷ്യ പൂര്‍ത്തീകരണമാണ് ഈ പദ്ധതികള്‍. ഈ രണ്ടു പദ്ധതികളും ഈ രംഗത്തെ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് കരുത്തേകുകയും സ്വയം പര്യാപ്തമാക്കുകയും ആഗോള പ്രശസ്തിയിലേക്ക് നയിക്കുകയും ചെയ്യും.കൊച്ചിയിലെ പുതുവൈപ്പിനിലാണ് 1,236 കോടി രൂപ ചെലവില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പുതിയ എല്‍പിജി ഇംപോര്‍ട്ട് ടെര്‍മിനല്‍ പണിപൂര്‍ത്തീകരിച്ചിരിക്കുന്നത്. 3.5 കിലോമീറ്റര്‍ ക്രോസ് കണ്‍ട്രി പൈപ്പ്‌ലൈനിലൂടെ മള്‍ട്ടി യൂസര്‍ ലിക്വിഡ് ടെര്‍മിനല്‍ ജെട്ടിയുമായി ബന്ധിപ്പിച്ച ഈ അത്യാധുനിക ടെര്‍മിനലിന് 1.2 എംഎംടിപിഎ ശേഷിയുണ്ട്. ദക്ഷിണേന്ത്യയുടെ എല്‍പിജി ആവശ്യകത നിറവേറ്റാന്‍ കഴിയുന്ന വിധത്തിലാണ് തന്ത്രപ്രധാന സ്ഥലമായ കൊച്ചിയില്‍ ഇതൊരുക്കിയിരിക്കുന്നത്. 15400 മെട്രിക് ടണ്‍ സംഭരണ ശേഷിയുള്ള ഈ ടെര്‍മിനല്‍ റോഡ്, പൈപ്പ് ലൈന്‍ വഴികളിലൂടെയുള്ള എല്‍പിജി വിതരണം ഉറപ്പാക്കും. കേരളത്തിലെയും തമിഴ്നാട്ടിലെയും ബോട്ടിലിംഗ് പ്ലാന്റുകള്‍ക്കും ഇത് പ്രയോജനം ചെയ്യും. എല്‍പിജി വിതരണത്തില്‍ പ്രതിവര്‍ഷം 150 കോടി രൂപയുടെ ചെലവ് കുറയ്ക്കാനും 18000 ടണ്‍ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനും ഈ പുതിയ ടെര്‍മിനല്‍ സഹായകമാകും. നിര്‍മ്മാണ ഘട്ടത്തില്‍ തന്നെ ഈ പദ്ധതി 3.7 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. പ്രവര്‍ത്തന സജ്ജമായാല്‍ പ്രതിവര്‍ഷം 19800 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാനും ഈ പദ്ധതിക്കു കഴിയും. 2047ല്‍ വികസിത ഭാരതമാകുക എന്ന രാജ്യത്തിന്റെ ലക്ഷ്യത്തിലേക്കുള്ള ചുവടുകള്‍ക്ക് കൂടുതല്‍ കരുത്തേകാനും രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് ഗുണം ചെയ്യുന്ന മികച്ച അടിസ്ഥാന സൗകര്യ വികസനത്തിനും ഈ പദ്ധതികള്‍ വഴിയൊരുക്കും.കേന്ദ്ര തുറമുഖ, ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാള്‍ (Sarbananda Sonowal), കേന്ദ്ര ഷിപ്പിങ് സെക്രട്ടറി ടി. കെ. രാമചന്ദ്രന്‍, കൊച്ചിന്‍ ഷിപ് യാര്‍ഡ് മേധാവി മധു എസ്.നായര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Advertisement

Advertisement
Next Article