മുഖ്യമന്ത്രിക്കെതിരേ ഫെയ്സ് ബുക്ക് പോസ്റ്റിട്ട പ്രതിയുടെ ദേഹത്ത് ജയിൽ ഉദ്യോഗസ്ഥൻ തിളച്ച വെള്ളമൊഴിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ മോശംപരാമർശം നടത്തി ഫെയ്സ് ബുക്ക് പോസ്റ്റിട്ട കേസിൽ അറസ്റ്റിലായ തുമ്പ സ്വദേശി ലിയോണിനെ ജയിൽ ഉദ്യോഗസ്ഥൻ തിളച്ച വെള്ളമൊഴിച്ചു പൊള്ളിച്ചെന്നു പരാതി. ദേഹമാസകലം പൊള്ളലേറ്റ് തൊലി നഷ്ടമായ ലിയോൺ പരാതിയുമായി ഉന്നതരെ സമീപിച്ചു. ലഹരി കടത്ത് കേസിലാണ് ഇയാളെ ആദ്യം അറസ്റ്റ് ചെയ്യുന്നത്. പിന്നാലെയാണ് മുഖ്യമന്ത്രിക്കെതിരേ മോശം പരാമർശം നടത്തി ജയിലിലായത്. റിമാൻഡിൽ കഴിയവേ, പൂജപ്പുര സെൻട്രൽ ജയിലിൽ വച്ച് ജയിൽ ഉദ്യോഗസ്ഥർ ഇയാളുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ചു എന്നാണു പരാതി.
മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഫെയ്സ് ബുക്ക് പോസ്റ്റിട്ടതിന് അറസ്റ്റിലായ തുമ്പ സ്വദേശി ലിയോൺ ജോൺസനാണ് കോടതിയിൽ പരാതി നൽകിയത്. ഷർട്ട് ധരിക്കാതെ പൊള്ളിയ പാടുകളുമായാണ് തടവുകാരൻ കോടതിയിൽ വന്നത്. ഈ മാസം പത്തിന് ജയിലിലെ വാച്ച് ടവറിനുള്ളിൽ വച്ച് മൂന്ന് ജയിൽ ഉദ്യോഗസ്ഥർ ചേർന്ന് മർദ്ദിച്ച ശേഷം തിളച്ചവെളളം ഒഴിച്ചുവെന്നാണ് പരാതി. ചികിത്സ നൽകിയതില്ലെന്നും ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നു. റിമാൻഡ് കാലാവധി നീട്ടാനായി കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ലിയോൺ പരാതി കോടതിയിൽ നൽകിയത്. സംഭവത്തിൽ ജയിൽ സൂപ്രണ്ടിനോട് റിപ്പോർട്ട് നൽകാൻ കോടതി ആവശ്യപ്പെട്ടു.