സ്‌നേഹവും വാത്സല്യവും തിരികെ നല്‍കാന്‍ വയനാട്ടുകാര്‍ അവസരം നല്‍കുമെന്നാണ് പ്രതീക്ഷയെന്ന് പ്രിയങ്ക ഗാന്ധി
കല്‍പറ്റ: വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കവെ പ്രതികരണവുമായി യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി. സ്‌നേഹവും വാത്സല്യവും തിരികെ നല്‍കാന്‍ വയനാട്ടുകാര്‍ അവസരം നല്‍കുമെന്നാണ് പ്രതീക്ഷയെന്ന് പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.സ്‌നേഹവും വാത്സല്യവും തിരികെ നല്‍കാനും അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനും പ്രതിനിധിയാകാനും അവസരം നല്‍കുമെന്നാണ് തന്റെ പ്രതീക്ഷ. എല്ലാവരും അവരുടെ ജനാധിപത്യ അവകാശം വിനിയോഗിക്കുകയും വോട്ട് ചെയ്യുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
ആളുകള്‍ വോട്ട് ചെയ്യുന്നത് നല്ല കാര്യമാണ്. ഭരണഘടന ജനങ്ങള്‍ക്ക് നല്‍കിയ ഏറ്റവും വലിയ ശക്തി വോട്ട് ആണെന്നും അത് നന്നായി ഉപയോഗിക്കണമെന്നും പ്രിയങ്ക ഗാന്ധി അഭ്യര്‍ഥിച്ചു. കല്‍പറ്റ സെന്റ് ജോസഫ് കോണ്‍വെന്റ് സ്‌കൂളിലെ ബൂത്ത് സന്ദര്‍ശിച്ച പ്രിയങ്ക മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യം കൊണ്ട് വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പ് ദേശീയശ്രദ്ധ നേടിയിട്ടുണ്ട്. വയനാട്ടില്‍ 14,71,742 വോട്ടര്‍മാരാണുള്ളത്. പ്രിയങ്ക ഗാന്ധി (യു.ഡി.എഫ്), സത്യന്‍ മൊകേരി (എല്‍.ഡി.എഫ്), നവ്യ ഹരിദാസ് (എന്‍.ഡി.എ) എന്നിവരുള്‍പ്പെടെ 16 പേരാണ് വയനാട്ടില്‍ ജനവിധി തേടുന്നത്.