വയനാടിനെ വിട്ട് ഡല്‍ഹിയിലെത്തിയപ്പോള്‍ ഗ്യാസ് ചേംബറില്‍ കയറിയ അവസ്ഥയെന്ന് പ്രിയങ്ക ഗാന്ധി
ഡല്‍ഹി: വയനാട്ടിലെ തെരഞ്ഞെടുപ്പ് ചൂടിലായിരുന്നു പ്രിയങ്ക ഗാന്ധി. താന്‍ മത്സരിക്കുന്ന മണ്ഡലത്തിലെ മുക്കിലും മൂലയിലും യാത്ര ചെയ്ത പ്രിയങ്കയ്ക്ക് ശുദ്ധവായുവുള്ള വയനാട് ഏറെ ഇഷ്ടമായി. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം പച്ചപ്പും തണുത്ത കാറ്റുമുള്ള വയനാടിനെ വിട്ട് ഡല്‍ഹിയിലേക്ക് പോയ വിഷമം പങ്കുവെക്കുകയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. താന്‍ ഒരു ഗ്യാസ് ചേംബറില്‍ കയറിയ അവസ്ഥയായിരുന്നു ഡല്‍ഹിയിലെത്തിയപ്പോള്‍ എന്നായിരുന്നു പ്രിയങ്കയുടെ പ്രസ്താവന.
തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് പ്രിയങ്ക രാജ്യതലസ്ഥാനത്തെക്കുറിച്ചുള്ള തന്റെ ദുഃഖം കുറിച്ചത്.'എയര്‍ ക്വോളിറ്റി ഇന്‍ഡെക്സില്‍ 35 ഉണ്ടായിരുന്ന വയനാടില്‍ നിന്ന് ഡല്‍ഹിയിലേക്കെത്തുമ്പോള്‍ ഗ്യാസ് ചേംബറില്‍ കയറിയ അവസ്ഥയായിരുന്നു. വിമാനത്തില്‍ നിന്ന് ഡല്‍ഹിയെ നോക്കുമ്പോള്‍ കാണുന്ന പുകപടലം ഞെട്ടിക്കുന്നതാണ്' എന്നായിരുന്നു പ്രിയങ്ക കുറിച്ചത്.
'ഡല്‍ഹിയിലെ അന്തരീക്ഷ ഓരോ വര്‍ഷം പിന്നിടുന്തോറും മോശമായിക്കൊണ്ടിരിക്കുകയാണ്. ഈ വായു ശുദ്ധമാക്കുന്നതിനായി നാം എല്ലാവരും ഒത്തുചേര്‍ന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇത് രാഷ്ട്രീയത്തിന്റെയോ മറ്റ് വിഷയങ്ങളുടെയോ കാര്യമല്ല. ആര്‍ക്കും ശ്വസിക്കാനാവുന്നില്ല കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ വന്നുതുടങ്ങി. നമ്മള്‍ ഉടന്‍ ഇതിന് പരിഹാരമായി ചെയ്തേ പറ്റൂ.' പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയിലെ പല പ്രദേശങ്ങളിലും എയര്‍ ക്വാളിറ്റി 450ന് മുകളിലാണ്. ചിലയിടങ്ങളില്‍ ഇത് 473ന് മുകളില്‍ എത്തിയിട്ടുണ്ട്. ഇത് അതീവഗുരുതരത്തിനും മുകളിലാണ്.തണുപ്പുകാലമടുത്തതോടെ പുകയും കോടമഞ്ഞും കൂടിയ സ്മോഗിന്റെ വലയത്തിലാണ് രാജ്യതലസ്ഥാനം. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാത്താവളത്തില്‍ സ്മോഗിന്റെ സാനിധ്യം കാരണം വൈകിയത് 283 വിമാനങ്ങളാണ്.