പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്‌ഞ നാളെ
ന്യൂഡൽഹി : പ്രിയങ്ക ഗാന്ധി നാളെ ലോക്സഭാംഗമായി സത്യപ്രതിജ്‌ഞ ചെയ്യും. വയനാട്ടിലെ വിജയ പത്രം കേരളത്തിൽ നിന്നുള്ള എംഎൽഎമാർ ഉൾപ്പെടെയുള്ള നേതാക്കൾ ഡൽഹിയിലെത്തി പ്രിയങ്ക ഗാന്ധിക്ക് കൈമാറി. ചൂരൽമല - മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിതാശ്വാസം സംബന്ധിച്ച് പ്രിയങ്കയും രാഹുലുമായും നേതാക്കൾ ചർച്ച നടത്തി. മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിലെ കേന്ദ്രസർക്കാർ അവഗണനയായിരിക്കും നാളെ പ്രിയങ്ക ഗാന്ധി സഭയിൽ ആദ്യം ഉന്നയിക്കുന്നത്. ശനിയാഴ്ച്‌ച മണ്ഡലത്തിലെത്തുന്ന പ്രിയങ്ക, യുഡിഎഫ് നേതാക്കളുമായി കൂടിയാലോചിച്ച് തുടർ പ്രതിഷേധ പരിപാടികൾ തീരുമാനിക്കും.എം.എൽ.എമാരായ ടി.സിദ്ദിഖ്, എ.പി.അനിൽകുമാർ, പി.കെ.ബഷീർ, ഐസി ബാലകൃഷ്ണൻ എന്നിവരും വയനാട്, കോഴിക്കോട്, മലപ്പുറം ഡി.സി.സി. പ്രസിഡൻറുമാരും യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മറ്റി പ്രതിനിധികളുമടങ്ങിയ സംഘമാണ് പത്ത് ജൻപഥിലെത്തി പ്രിയങ്ക ഗാന്ധിക്ക് വിജയപത്രം കൈമാറിയത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും സംഘടന സെക്രട്ടറി കെ സി വേണുഗോപാലിന്റെയും സാന്നിധ്യത്തിൽ ആയിരുന്നു വിജയപത്രം കൈമാറൽ.വയനാട്ടിലെ വിജയപത്രം സ്നേഹത്തിൻറെയും വിശ്വാസത്തിൻറെയും മൂല്യങ്ങളുടെയും കൂടി പ്രതീകമാണെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. ശേഷം ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ കേന്ദ്രസഹായത്തെക്കുറിച്ച് നേതാക്കൾ ചർച്ച ചെയ്തു.