പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച
ന്യൂഡൽഹി: നിയുക്ത വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും. പാർലമെന്റിന്റെ ശീതകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കുന്നതോടൊപ്പം പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും നടക്കും. ഡിസംബർ 20 വരെയാണ് സമ്മേളനം.
വയനാട് ഉരുൾപൊട്ടൽ ദുരന്തമായിരിക്കും പ്രിയങ്ക ആദ്യം ഉന്നയിക്കുന്ന വിഷയമെന്ന് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. വയനാട് ലോക്സഭാ മണ്ഡലത്തിൽ 410931 വോട്ടുകളുടെ റിക്കാർഡ് ഭൂരിപക്ഷത്തിലാണ് കന്നിയങ്കത്തിൽ പ്രിയങ്ക ഗാന്ധി വിജയിച്ചത്. പാർലമെന്റ് സമ്മേളനത്തിനു മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം ചേരും. വഖഫ് നിയമ ഭേദഗതി, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലുകൾ ഈ സമ്മേളന കാലയളവിൽ അവതരിപ്പിക്കാനാണ് സർക്കാരിന്റെ നീക്കം.