അദാനിക്കെതിരായ അന്വേഷണം: മൂന്നാം ദിവസവും പാർലമെൻ്റിൽ പ്രതിപക്ഷ പ്രതിഷേധം
ന്യൂഡൽഹി: പാർലമെൻ്റിൽ തുടർച്ചയായ മൂന്നാം ദിവസവും പ്രതിപക്ഷ പ്രതിഷേധം. ലോക്സഭയിലും രാജ്യസഭയിലും അദാനി വിഷയത്തിൽ സംയുക്ത പാർലമെൻ്ററി സമിതിയുടെ അന്വേഷണം ആവശ്യപ്പെട്ടുള്ള അടിയന്തരപ്രമേയത്തിനു കോൺഗ്രസ് നോട്ടീസ് നൽകിയെങ്കിലും സർക്കാർ ചർച്ചയ്ക്ക് തയാറായില്ല. രാവിലെ ഇരുസഭകളും സമ്മേളിച്ചതിന് പിന്നാലെ അദാനി വിരുദ്ധ മുദ്രാവാക്യവുമായി പ്രതിപക്ഷ എംപിമാർ നടുത്തളത്തിലിറങ്ങി. ലോക്സഭയിൽ ചോദ്യോത്തര വേള ആരംഭിച്ചപ്പോൾ തന്നെ സഭാനടപടികൾ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ചർച്ച സാധ്യമാക്കാതെ പാർലമെന്റിന്റെ പ്രവർത്തനം സുഗമമാകില്ലെന്നും പ്രതിഷേക്കാർ മുദ്രാവാക്യം മുഴക്കി. എന്നാൽ പ്രതിപക്ഷ പ്രതിഷേധം അവഗണിച്ച് ലോക്‌സഭയിൽ ചോദ്യോത്തര വേള തുടർന്നു. എന്നാൽ ബഹളത്തിനിടെ ചോദ്യോത്തരവേള മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാതെ വന്നതോടെ സഭ 12 വരെ നിർത്തിവയ്ക്കുകയായിരുന്നു. പിന്നീട് ലോക്സഭാ നടപടികൾ പുനരാരംഭിച്ചെങ്കിലും പ്രതിപക്ഷ പ്രതിഷേധം തുടർന്നതോടെ ഇന്നത്തേക്ക് പിരിയുന്നതായി സ്‌പീക്കർ അറിയിച്ചു.
രാജ്യസഭയിലും സമാന സ്ഥിതിയായിരുന്നു. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിക്കപ്പെട്ടതോടെയാണ് പ്രതിപക്ഷ പ്രതിഷേധം ആരംഭിച്ചത്. തുടർന്ന് രാജ്യസഭയും പിരിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലും അദാനി വിഷയത്തിൽ ഉണ്ടായ പ്രതിഷേധം പാർലമെന്റ് നടപടികളെ പൂർണമായും തടസപ്പെടുത്തി യിരുന്നു. സഭാ നടപടികൾ തടസപ്പെട്ടതിന് പിന്നാലെ പ്രതിപക്ഷത്തിനെതിരേ രൂക്ഷവിമർശനവുമായി രാജ്യസഭാ അധ്യക്ഷനായ ഉപരാഷ്ട്രപതി ജഗ്ദീപ് ധാൻകർ രംഗത്തെത്തി.