'ലീഗ് പതാക പാകിസ്ഥാന്റേതാക്കി പ്രചാരണം'; ബിജെപി വിദ്വേഷ പ്രചാരണം ഏറ്റെടുത്ത് സൈബർ സഖാക്കളും
കോഴിക്കോട്: കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി കഴിഞ്ഞതവണ വയനാട് പാർലമെന്റ് മണ്ഡലത്തിൽ നിന്നും ജനവിധി തേടിയപ്പോൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഒരു ചിത്രം സംഘപരിവാർ പ്രൊഫൈലുകൾ വ്യാപകമായി വിദ്വേഷ പ്രചാരണത്തിന് ഉപയോഗിച്ചിരുന്നു. മുസ്ലിം ലീഗിന്റെ പതാക കൂടി ഉൾപ്പെട്ട രാഹുൽ ഗാന്ധിയുടെ ചിത്രം പാകിസ്താന്റെ പതാകയെന്ന തരത്തിലായിരുന്നു സംഘപരിവാർ പ്രചരിപ്പിച്ചിരുന്നത്. ഇപ്പോഴിതാ വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ റോഡ് ഷോയ്ക്കിടെ പകർത്തിയ ചിത്രവും സാമൂഹിക മാധ്യമങ്ങളിൽ സമാനമായ രീതിയിൽ സംഘപരിവാർ പ്രചരിപ്പിക്കുകയാണ്. കേരളത്തിന് പുറത്തുള്ള ഒട്ടേറെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ നിന്നാണ് വിദ്വേഷ രീതിയിലുള്ള പോസ്റ്റുകൾ ഇട്ടിരിക്കുന്നത്. ഇതേ ചിത്രം തന്നെ സിപിഎം സൈബർ സഖാക്കളും സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. 'ഇയാൾ മത്സരിക്കുന്നത് വടകരയിൽ ആണോ..?, അതോ പാകിസ്ഥാനിലോ…?' എന്ന ചോദ്യവുമായി ആണ് റെഡ് ബോയ്സ് യുഎഇ എന്ന സിപിഎം സൈബർ അനുകൂല ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.