ടിപി വധക്കേസ് പ്രതികള്‍ക്ക് വധശിക്ഷ നല്‍കാതെ നീതി നടപ്പാകില്ലെന്ന് പ്രോസിക്യൂഷന്, ശിക്ഷാവിധി മൂന്നരയ്ക്ക്
കൊച്ചി: ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കാതെ നീതി നടപ്പാകില്ലെന്ന് പ്രോസിക്യൂഷന്. പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ അപര്യാപ്തമാണെന്നും വധശിക്ഷ തന്നെ നല്‍കണമെന്നും പ്രോസിക്യൂഷന് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. കേസിൽ ഹൈക്കോടതി മൂന്നരയ്ക്ക് ശിക്ഷാവിധി പറയും.
ടി.പിചന്ദ്രശേഖരന്‍ വധത്തില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്റെയും ടി.പിയുടെ ഭാര്യകൂടിയായ കെ.കെ.രമയുടേയും ഹര്‍ജികളിലാണ് ഹൈക്കോടതി പരിഗണിച്ചത്. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന് ആവശ്യം എന്തിനെന്ന് വാദത്തിനിടെ കോടതി ചോദിച്ചു.
എന്നാല്‍ ടി.പിയുടേത് പെട്ടെന്നുണ്ടായ വികാരത്തിന് പുറത്തുണ്ടായ കൊലപാതകമല്ല. വര്‍ഷങ്ങള്‍ നീണ്ട ഗൂഢാലോചനയും വൈരാഗ്യവും ഇതിനു പിന്നിലുണ്ടെന്നും പ്രോസിക്യൂഷന് ഹൈക്കോടതിയില്‍ വ്യക്തമാക്കി. നിരവധി ആളുകള്‍ ചേര്‍ന്ന് ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണിത്. എന്തിനു വേണ്ടി ടിപിയെ കൊലപ്പെടുത്തി എന്നത് പ്രധാന ചോദ്യമാണ്. ചെറുതാണെങ്കിലും ടിപിയുടെ പാര്‍ട്ടി ജനങ്ങള്‍ക്കിടയില്‍ അംഗീകരിക്കപ്പെട്ടത് കൊലപാതകത്തിന് കാരണമായെന്നും പ്രോസിക്യൂഷന് കോടതിയില്‍ പറഞ്ഞു.